മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 146 പ്രകാരം, ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾ അപകടങ്ങളിൽ പെട്ടാൽ ഇരകൾക്ക് നഷ്ടപരിഹാരം ലഭിക്കാതെ പോകുന്ന സാഹചര്യം പരിഹരിക്കാൻ സുപ്രീം കോടതി സമഗ്ര ഇടപെടലാണ് ആരംഭിച്ചത്. 30.48 കോടി രജിസ്റ്റർ ചെയ്ത വാഹനങ്ങളിൽ 16.54 കോടിക്ക് ഇൻഷുറൻസ് ഇല്ലെന്ന പാർലമെന്ററി റിപ്പോർട്ട് ചൂണ്ടിക്കാട്ടി, ഇൻഷുറൻസ് കാലാവധി കാറുകൾക്ക് 4 വർഷവും ഇരുചക്ര വാഹനങ്ങൾക്ക് 6 വർഷവും ആക്കാൻ നിർദേശിച്ച കോടതി, ഓഗസ്റ്റ് 14-നകം കേന്ദ്ര ഏജൻസികളിൽ നിന്ന് റിപ്പോർട്ട് ആവശ്യപ്പെട്ടു.
ഇന്ത്യൻ നിരത്തുകളിലൂടെ ഓടുന്ന വാഹനങ്ങളിൽ 56 ശതമാനത്തിനും സാധുവായ ഇൻഷുറൻസ് പരിരക്ഷയില്ലാത്തവയാണെന്ന ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവന്നതോടെ, കടുത്ത നടപടികളിലേക്ക് കടന്ന് സുപ്രീം കോടതി. ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്ക് ഇന്ധനം നിഷേധിക്കുന്നതും ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് ക്യാമറകൾ (ANPR) വഴി ഇ-ചെല്ലാൻ അയക്കുന്നതും ഉൾപ്പെടെയുള്ള നിർണായക ശിക്ഷാനടപടികൾ ഏർപ്പെടുത്തുന്നതിനുള്ള സാധ്യതകൾ പരിശോധിക്കാൻ സുപ്രീം കോടതി വിവിധ കേന്ദ്ര ഏജൻസികൾക്ക് നിർദ്ദേശം നൽകി.
ജസ്റ്റിസ് സഞ്ജയ് കരോൾ, ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 146 പ്രകാരമുള്ള ഈ നിർദ്ദേശം മുന്നോട്ടുവെച്ചത്.
2024 ഡിസംബറിലെ പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി റിപ്പോർട്ട് ഉദ്ധരിച്ചാണ് സുപ്രീം കോടതി ആശങ്ക പങ്കുവെച്ചത്.
ആകെ രജിസ്റ്റർ ചെയ്ത വാഹനങ്ങൾ: 30.48 കോടി
ഇൻഷുറൻസ് ഇല്ലാത്തവ: 16.54 കോടി (56%)
അപകട നിരക്ക്: രാജ്യത്തുണ്ടാകുന്ന റോഡപകടങ്ങളിൽ 22 ശതമാനത്തിലും ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങളാണ് ഉൾപ്പെടുന്നത്.
നിരത്തുകളിലൂടെ ഓടുന്ന പകുതിയിലധികം വാഹനങ്ങൾക്കും ഇൻഷുറൻസ് ഇല്ലാത്തതിനാൽ, അപകടത്തിൽപ്പെടുന്ന ഇരകൾക്ക് കൃത്യസമയത്ത് നഷ്ടപരിഹാരം ലഭിക്കുന്നത് തടയപ്പെടുകയോ ദീർഘകാല നിയമപോരാട്ടങ്ങളിലേക്ക് തള്ളിവിടുകയും ചെയ്യുന്നുവെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
1. പെട്രോൾ പമ്പുകൾ കേന്ദ്രീകരിച്ചുള്ള പരിശോധന: ഇൻഷുറൻസ് പുതുക്കാത്ത വാഹനങ്ങൾക്ക് പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം നൽകുന്നത് തടയുന്ന പൈലറ്റ് പ്രോജക്റ്റ് തയാറാക്കാൻ ഇൻഷുറൻസ് റെഗുലേറ്ററി ബോഡിയായ ഐ.ആർ.ഡി.എ (IRDAI), കേന്ദ്ര ഗതാഗത മന്ത്രാലയത്തോടും കോടതി ആവശ്യപ്പെട്ടു. പെട്രോളിയം മന്ത്രാലയവും ഈ നിർദേശത്തോട് തത്വത്തിൽ അനുകൂലമായ പ്രതികരണം നടത്തിയിട്ടുണ്ട്.
2. എ.എൻ.പി.ആർ (ANPR) ക്യാമറകൾ വഴി ഓട്ടോമാറ്റിക് പിഴ: ദേശീയപാതകളിലെ ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റീഡിംഗ് (ANPR) ക്യാമറകളെ ഇൻഷുറൻസ് വിവരങ്ങൾ ലഭ്യമായ 'വാഹൻ' (VAHAN) പോർട്ടലുമായി ബന്ധിപ്പിക്കും. ഇൻഷുറൻസില്ലാതെ റോഡിലിറങ്ങുന്ന വാഹനങ്ങൾ ക്യാമറയിൽ പതിഞ്ഞാൽ ഉടൻ തന്നെ ഓട്ടോമാറ്റിക്കായി വാഹന ഉടമകൾക്ക് ഇ-ചെല്ലാൻ അയക്കും.
പുതിയ കാറുകൾ വാങ്ങുമ്പോൾ നിലവിലുള്ള നിർബന്ധിത തേഡ് പാർട്ടി ഇൻഷുറൻസ് കാലാവധി 3 വർഷത്തിൽ നിന്ന് 4 വർഷമായും ഇരുചക്ര വാഹനങ്ങളുടേത് 5 വർഷത്തിൽ നിന്ന് 6 വർഷമായും ഉയർത്താനും സുപ്രീം കോടതി നിർദ്ദേശിച്ചു. 1996-ൽ ആന്ധ്രാപ്രദേശിലുണ്ടായ ഒരു വാഹനാപകട കേസുമായി ബന്ധപ്പെട്ട അപ്പീൽ പരിഗണിക്കവേയാണ് സുപ്രീം കോടതിയുടെ ഈ സുപ്രധാന ഉത്തരവ്. ഓഗസ്റ്റ് 14-നകം ബന്ധപ്പെട്ട ഏജൻസികൾ റിപ്പോർട്ട് സമർപ്പിക്കണം. ഓഗസ്റ്റ് 18-ന് ഈ കേസ് വീണ്ടും സുപ്രീം കോടതി പരിഗണിക്കുന്നുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine