Image credit: canva  
News & Views

ട്രോളല്ല ട്രോളി ബാഗ്; ഇന്ത്യയിൽ ₹50,000 കോടിയുടെ ബിസിനസ്! ഇക്കൊല്ലം ₹1.2 ലക്ഷം കോടിയാകുമെന്ന് പ്രവചനം

ജി.പി.എസ് ട്രാക്കർ ഘടിപ്പിച്ചതും ഫിംഗർ പ്രിന്റ് അടക്കമുള്ള സ്‌മാർട്ട് ലോക്ക് ഉള്ളതുമായ മോഡലുകളാണ് ഇപ്പോൾ വിപണിയിലെ ട്രെൻഡ്

Dhanam News Desk

രണ്ട് ദിവസങ്ങളായി നീല നിറത്തിലുള്ള ഒരു ട്രോളി ബാഗിനെ ചുറ്റിപറ്റിയാണ് കേരളത്തിലെ രാഷ്ട്രീയ രംഗത്ത് വിവാദങ്ങൾ കനക്കുന്നത്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് യു.ഡി.എഫ് നേതാക്കൾ താമസിക്കുന്ന ഹോട്ടലിലേക്ക് ഒരു ട്രോളി ബാഗിൽ കള്ളപ്പണം വന്നുവെന്ന ആരോപണവും അതിന് പിന്നാലെ നടന്ന പൊലീസ് പരിശോധനയുമാണ് ഇതിന് കാരണമായത് . സംഗതി പക്ഷേ സോഷ്യൽ മീഡിയയിൽ ട്രോളന്മാർക്ക് ചാകരയാണ്. നിരവധി രസകരമായ ട്രോളുകളാണ് സോഷ്യൽ മീഡിയിൽ ട്രോളി ബാഗുകളെക്കുറിച്ച് പ്രചരിക്കുന്നത്. എന്നാൽ ട്രോളുകൾക്കപ്പുറം ഇന്ത്യയിൽ 50,000 കോടി രൂപയുടെ ബിസിനസാണ് ട്രോളി അടക്കമുള്ള ബാഗ് വിപണിയിൽ നടക്കുന്നത്

സ്യൂട്ട്‌കേസുകൾ, ട്രങ്ക് പെട്ടികൾ, ബ്രീഫ്‌‌കേസുകൾ, ഡോക്യുമെന്റ്കേസ്, സ്‌കൂൾ ബാഗ്, ട്രാവൽ ബാഗ് തുടങ്ങി നിരവധി ഉത്പന്നങ്ങൾ അടങ്ങിയതാണ് ഇന്ത്യയിലെ ലഗേജ് വിപണി

വലിയ വിപണി

ഇന്ത്യയിൽ അരലക്ഷം കോടി രൂപയാണ് ലഗേജ്, ബാഗ് വിപണിയിൽ നടക്കുന്നത് ഇക്കൊല്ലം അത് 1.2 ലക്ഷം കോടിയായി വർധിക്കുമെന്നും ചില കണക്കുകൾ പ്രവചിക്കുന്നുണ്ട്. അടുത്ത അഞ്ച് വർഷം 5.02 ശതമാനം സംയോജിത വളർച്ചാ നിരക്ക് (സി.എ ജി ആർ) ഈ മേഖലക്ക് ഉണ്ടാകും. രാജ്യത്തെ 13 ശതമാനം വിൽപനയും നടക്കുന്നത്  ആഡംബര മോഡലുകൾക്കാണ്. ഇന്ത്യയിലെ വളർന്നു വരുന്ന മധ്യവർഗവും യാത്രകളോട് ഇന്ത്യക്കാർക്കുള്ള താത്‌പര്യവും ഈ മേഖലക്ക് മുതൽ കൂട്ടാണ്. ഭൂരിഭാഗം ആളുകളും കടകളിലെത്തി ബാഗുകൾ വാങ്ങുമ്പോൾ ചെറിയൊരു ശതമാനം ആളുകൾ ഓൺലൈൻ സൈറ്റുകളെയാണ് ഇതിന് ആശ്രയിക്കുന്നത്. എന്നാൽ വരും വർഷങ്ങളിൽ ഓൺലൈനിൽ വാങ്ങുന്നവരുടെ എണ്ണത്തിൽ വർധനയുണ്ടാകുമെന്നും കണക്കുകൾ പറയുന്നു.

ട്രങ്ക് പെട്ടിയിൽ നിന്ന് ട്രോളി ബാഗിലേക്ക്

മലയാളി പ്രവാസവുമായി ചേർത്ത് നിറുത്താൻ കഴിയുന്നതാണ് കേരളത്തിലെ ലഗേജ് രംഗത്തിൻറെ ചരിത്രം. അത്തർ മണക്കുന്ന ഒരു ട്രങ്ക് പെട്ടിയാണ് പണ്ട് മലയാളിയുടെ സ്വപ്നങ്ങൾക്ക് നിറമേകിയിരുന്നത്. ഗൾഫ് മലയാളിയുടെ അഭിമാന പ്രശ്നമായ ട്രങ്ക് പെട്ടികൾ പതിയെ ചക്രങ്ങളിൽ വലിച്ചുകൊണ്ട് നടക്കാവുന്ന ട്രോളി ബാഗുകളിലേക്ക് മാറി. യു എസിലെ മസാച്ചുസെറ്റ്‌സ് ലഗേജ് കമ്പനി വൈസ് പ്രസിഡൻറ് ബർണാഡ് ഡി സാഡോയാണ് ചക്രങ്ങളുള്ള ട്രോളി ബാഗുകൾ കണ്ടുപിടിച്ചത്.കടൽ കടന്നു പോയ മലയാളിക്കൊപ്പം എൺപതുകളിൽ ട്രോളി ബാഗും മലയാളക്കരയിലെത്തി

ഡിമാൻഡ് ഇത്തരം പെട്ടികൾക്ക്

ആദ്യകാലത്ത് തുണികൊണ്ടുള്ള സോഫ്റ്റ് ബാഗുകൾക്കായിരുന്നു ആവശ്യക്കാരെങ്കിൽ ഇപ്പോൾ കട്ടിയുള്ള പ്ലാസ്‌റ്റിക്കിൽ നിർമിക്കുന്ന ഹാർഡ് ട്രങ്കുകൾക്കാണ് ഡിമാൻഡ്. ഏറെക്കാലം നീണ്ടുനിൽക്കുമെന്നതും കാണാനുള്ള ഭംഗിയും ഒരൽപ്പം പരുഷമായി ഉപയോഗിച്ചാലും കേടാകില്ലെന്ന ഉറപ്പുമാണ് ആളുകൾ ഇത്തരം ബാഗുകളിലേക്ക് പോകുന്നത് 2018 സാമ്പത്തിക വർഷത്തിൽ 33 ശതമാനം മാത്രമായിരുന്ന ഹാർഡ് ബാഗുകളുടെ വിപണി വിഹിതം 2022 സാമ്പത്തിക വർഷത്തിൽ 55 ശതമാനമായി വർധിച്ചത് ഇതിന് ഉദാഹരണമാണ്. ജി.പി.എസ് ട്രാക്കർ ഘടിപ്പിച്ചതും ഫിംഗർ പ്രിന്റ് അടക്കമുള്ള സ്‌മാർട്ട് ലോക്ക് ഉള്ളതുമായ മോഡലുകളാണ് ഇപ്പോൾ വിപണിയിലെ ട്രെൻഡ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT