News & Views

ശൈത്യകാലം രാജ്യത്ത് ചുരുങ്ങുന്നു, വരുന്നത് കടുത്ത ചൂടുകാലം!

സര്‍ക്കാരും ജനങ്ങളും ക്രിയാത്മകമായ പരിപാടികള്‍ നടപ്പാക്കേണ്ടിയിരിക്കുന്നു

Dhanam News Desk

ഇന്ത്യയുടെ കാലാവസ്ഥാ രീതികള്‍ അതിവേഗം മാറുകയാണ്. കുറേ കാലമായി നമ്മള്‍ ഭയപ്പെട്ടിരുന്ന കാര്യം ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുകയാണ്. ശൈത്യകാലം രാജ്യത്തെല്ലായിടത്തും ചുരുങ്ങുകയാണ്. ശൈത്യകാലത്തില്‍ നിന്ന് വസന്തകാലത്തിലേക്ക് എത്തുന്നതിനു പകരം നേരിട്ട് വേനല്‍ക്കാലത്തിലേക്ക് പ്രവേശിക്കുകയാണ്.

ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച് ജനുവരി 2024 ചരിത്രത്തിലെ തന്നെ ഏറ്റവും കൂടിയ ചൂടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യന്‍ കാലാവസ്ഥയില്‍ ക്രമാനുഗതവും എന്നാല്‍ അടിസ്ഥാനപരവുമായ മാറ്റത്തിന്റെ സൂചനകളാണ് ഈ മാറ്റം. വരും മാസങ്ങളില്‍ സാധാരണയില്‍ കൂടുതല്‍ കടുത്ത ചൂട് അനുഭവപ്പെടുമെന്നാണ് എല്ലാ സൂചനകളും.

കാലാവസ്ഥാ വകുപ്പിന്റെ ഫെബ്രുവരി മാസത്തെ പ്രവചനമനുസരിച്ച് രാജ്യത്തുടനീളം, പ്രത്യേകിച്ച് വടക്കേ ഇന്ത്യയില്‍ സാധാരണയിലും കുറഞ്ഞ മഴ മാത്രമേ ഉണ്ടാകൂ. കൂടിയ താപനിലയും കുറഞ്ഞ താപനിലയും ശരാശരിക്ക് മുകളിലായിരിക്കുമെന്നാണ് കരുതുന്നത്. വസന്തകാലം നേരത്തേ എത്തുകയോ, അല്ലെങ്കില്‍ ഇല്ലാതെ തന്നെ ആകുകയോ ചെയ്യുമെന്നാണ് സ്‌കൈമെറ്റിന്റെ വക്താവ് അഭിപ്രായപ്പെടുന്നത്.

ഹിമാലയന്‍ മേഖലയിലാകും ആഘാതം ഏറ്റവും കൂടുതല്‍ രൂക്ഷമാകുകയെന്നാണ് റിപ്പോര്‍ട്ട്. ചില പ്രദേശങ്ങളില്‍ കാലങ്ങളായി ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെ ശൈത്യകാലമായിരുന്നുവെങ്കില്‍ ഇപ്പോള്‍ ഡിസംബറിലും ജനുവരിയിലും മാത്രമായി അത് ചുരുങ്ങിയിരിക്കുന്നു. 2024 ഏറ്റവും ചൂടേറിയ വര്‍ഷമായി ലോക കാലാവസ്ഥാ സംഘടന ഇതിനകം തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. കടുത്ത ചൂട് കാലം ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ ദൂരവ്യാപകമാണ്. അവയില്‍ ചിലത് ഇതൊക്കെയാണ്:

  • വിളനാശം വ്യാപകമായ ഭക്ഷ്യക്ഷാമത്തിന് കാരണമാകുന്നു.

  • ചൂട് കൂടുന്നതുമായി ബന്ധപ്പെട്ട രോഗങ്ങളും മരണങ്ങളും കൂടും. പ്രത്യേകിച്ച് സൂര്യാഘാതം, നിര്‍ജലീകരണം തുടങ്ങിയവ ദുര്‍ബലരായ പ്രായമേറിയവര്‍, കുട്ടികള്‍, പുറം ജോലിക്കാര്‍ തുടങ്ങിയവരെ കാര്യമായി ബാധിക്കും.

  • ജലക്ഷാമം കുടിവെള്ള വിതരണത്തെയും വൈദ്യുതി ക്ഷാമം കൃഷിയെയും വ്യവസായങ്ങളെയും ബാധിക്കും.

  • കടുത്ത ചൂട് നിര്‍മാണ മേഖലയെയും ഉല്‍പ്പാദനം, ടൂറിസം തുടങ്ങിയവയെയും ബാധിക്കുന്നതിലൂടെ വന്‍ സാമ്പത്തിക നഷ്ടം സംഭവിക്കും.

  • വസന്തകാലത്ത് സാധാരണയായി നടക്കാറുള്ള കൃഷി, ജൈവവൈവിധ്യം, സാംസ്‌കാരിക അനുഷ്ഠാനങ്ങള്‍, ഉത്സവങ്ങള്‍ തുടങ്ങിയവയെ പ്രതികൂലമായി ബാധിക്കുന്നു.

കാലാവസ്ഥാ വ്യതിയാനത്തില്‍ നിന്നുള്ള ആഘാതം കുറയ്ക്കുന്നതിനും മാറുന്ന കാലാവസ്ഥയ്ക്ക് അനുസരിച്ച് മാറുന്നതിനും സര്‍ക്കാരും ജനങ്ങളും ക്രിയാത്മകമായ പരിപാടികള്‍ ഇപ്പോള്‍ തന്നെ നടപ്പാക്കേണ്ടിയിരിക്കുന്നു.

(Originally published in Dhanam Magazine 28 February 2025 issue.)

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT