News & Views

അജയ് ത്യാഗിയുടെ കാലാവധി ഇന്ന് അവസാനിക്കും, സെബിയുടെ തലപ്പത്തേക്ക് ഇനിയാര്?

നാല് മാസം മുമ്പ് തന്നെ പകരക്കാരനെ കണ്ടെത്താനുള്ള നടപടികള്‍ കേന്ദ്രം ആരംഭിച്ചിരുന്നു

Dhanam News Desk

മാര്‍ക്കറ്റ് റെഗുലേറ്റര്‍ അതോറിറ്റിയായ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ (സെബി) ചെയര്‍മാനായ അജയ് ത്യാഗിയുടെ കാലാവധി ഇന്ന് അവസാനിക്കും. അതേസമയം, പുതിയ ചെയര്‍മാന്‍ ആരായിരിക്കുമെന്ന് കാത്തിരിക്കുകയാണ് സ്റ്റോക്ക് മാര്‍ക്കറ്റ് ലോകം. നിലവിലെ ചെയര്‍മാന്‍ അജയ് ത്യാഗിക്ക് ചെയര്‍മാന്‍ സ്ഥാനത്ത് വീണ്ടും തുടരാന്‍ യോഗ്യതയുണ്ടെങ്കിലും പുതുതായി ആരെയെങ്കിലും നിയമിക്കുമോ എന്നാണ് ഏവരും കാത്തിരിക്കുന്നത്. നാല് മാസം മുമ്പ് തന്നെ പുതിയ സെബി ചെയര്‍മാനെ കണ്ടെത്താനുള്ള നടപടികള്‍ കേന്ദ്രം ആരംഭിച്ചിരുന്നെങ്കിലും ഇപ്പോഴും വൈകുകയാണ്.

ഒക്ടോബര്‍ 28നാണ് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) യില്‍ ചെയര്‍മാന്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചിരുന്നത്. സമീപകാലം വരെ ത്യാഗിയുടെ കാലാവധി നീട്ടി നല്‍കുമെന്നായിരുന്നു ഏവരും പ്രതീക്ഷിച്ചിരുന്നത്. എന്നിരുന്നാലും, ത്യാഗിയുടെ നിയമനത്തിന് മുമ്പുണ്ടായിരുന്ന നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിലെ (എന്‍എസ്ഇ) വിവിധ വീഴ്ചകളെ ചുറ്റിപ്പറ്റിയുള്ള വിവാദം ത്യാഗിക്ക് പ്രതികൂലമാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

63 കാരനായ ത്യാഗിയെ 2017 ലാണ് സെബിയുടെ ചെയര്‍മാനായി മൂന്ന് വര്‍ഷത്തേക്ക് നിയമിച്ചത്. 2020 ഫെബ്രുവരിയില്‍, അദ്ദേഹത്തിന് ആറ് മാസത്തെ കാലാവധി നീട്ടിനല്‍കി. പിന്നീട് 2020 ഓഗസ്റ്റില്‍, മഹാമാരിയെ തുടര്‍ന്ന് കാലാവധി 18 മാസത്തേക്ക് കൂടി നീട്ടിനല്‍കി. ഹിമാചല്‍ കേഡറില്‍ നിന്നുള്ള 1984-ബാച്ച് ഐഎഎസ് ഓഫീസറാണ് ഇദ്ദേഹം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT