ടൂറിസം രംഗത്ത് കേരളത്തിന്റെ മാറ്റം അതിവേഗത്തിലാണ്. അതിനൊപ്പം മലയാളിയുടെ യാത്ര ശീലങ്ങളും രീതികളും മാറുകയാണ്. മുമ്പൊക്കെ വല്ലപ്പോഴുമൊരു യാത്ര പോയിരുന്ന മലയാളികള്‍ക്ക് ഇപ്പോള്‍ ആറുമാസം കൂടുമ്പോള്‍ ഒരു യാത്ര നിര്‍ബന്ധമാണ്. അത് കേരളത്തിലെ 'ഠ' വട്ടത്ത് മാത്രം ഒതുങ്ങുന്നതല്ല. മറ്റ് സംസ്ഥാനങ്ങളിലേക്കും രാജ്യത്തിന് പുറത്തേക്കുമെല്ലാം മലയാളികളുടെ വിനോദയാത്രകള്‍ക്ക് വേഗത വര്‍ധിച്ചിട്ടുണ്ട്.
ജോലി, വീട് വല്ലപ്പോഴുമൊരു യാത്ര എന്നതില്‍ നിന്ന് മാറി യാത്രകള്‍ക്കും കൂട്ടായ്മകള്‍ക്കും കൂടുതല്‍ സമയം കണ്ടെത്താന്‍ മലയാളികള്‍ ശ്രദ്ധിച്ചു തുടങ്ങിയിട്ടുണ്ട്. ഇതിന്റെ മാറ്റം ടൂറിസം രംഗത്തും പ്രകടമാണ്.
കോവിഡിനുശേഷം കുടുംബങ്ങള്‍ ചേര്‍ന്നുള്ള യാത്രകള്‍ വര്‍ധിച്ചുവെന്ന് ടൂറിസം രംഗത്തുള്ളവര്‍ പറയുന്നു. മുമ്പ് വല്ലപ്പോഴും മാത്രം വിനോദയാത്രയ്ക്ക് പോയിരുന്നവരാണ് ഇപ്പോള്‍ യാത്രകള്‍ക്കായി കൂടുതല്‍ സമയം കണ്ടെത്തുന്നത്. കുടുംബക്കാരുടെയോ സുഹൃത്തുക്കളുടെ ഫാമിലി ഗ്രൂപ്പായോ യാത്ര പോകുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനയുണ്ടായി.
മുന്‍ തലമുറയുടെ യാത്രകള്‍ ഏറിവന്നാല്‍ തീര്‍ത്ഥയാത്രകളില്‍ മാത്രം ഒതുങ്ങിയിരുന്നെങ്കില്‍ ഇപ്പോഴത് വാര്‍ഷിക, അര്‍ധവാര്‍ഷിക യാത്രകളിലേക്ക് മാറി. വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ ഒന്നിലേറെ ദിവസങ്ങള്‍ ഒന്നിച്ചു താമസിച്ചു തിരികെ വരുന്ന രീതിയിലേക്ക് യാത്രകള്‍ മാറ്റപ്പെട്ടു. 45 വയസിന് മുകളിലുള്ളവര്‍ സംഘമായി വരുന്നത് കോവിഡിനുശേഷം വര്‍ധിച്ചുവെന്ന് ഇടുക്കി രാമക്കല്‍മേട്ടില്‍ ഹോംസ്‌റ്റേ നടത്തുന്ന സതീഷ് സോമന്‍ ധനംഓണ്‍ലൈനോട് പറഞ്ഞു.
പണം സമ്പാദിക്കുകയെന്ന പതിവ് വിട്ട് ജീവിതം കുറെക്കൂടി ആഘോഷിക്കുന്ന തലത്തിലേക്ക് മലയാളി മാറിയെന്നതിന്റെ സൂചനയാണിതെന്നാണ് പൊതുവിലയിരുത്തല്‍. യാത്രയ്ക്കും കുടുംബത്തിനുമൊപ്പം കൂടുതല്‍ സമയം കണ്ടെത്താന്‍ മലയാളി കുറെക്കൂടി സമയം കണ്ടെത്തുന്നുണ്ട്. ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണം വര്‍ധിക്കുന്നതിന് ഈ മാറ്റം കാരണമായിട്ടുണ്ട്.
മുമ്പൊക്കെ മലയാളികള്‍ യാത്ര പോയിരുന്നത് അവധിക്കാലത്തായിരുന്നു. എന്നാല്‍ ഈ ട്രെന്റും മാറി. ഇപ്പോള്‍ മഴക്കാലത്ത് ഒഴികെ മറ്റെല്ലാ സമയത്തും യാത്രകള്‍ വര്‍ധിച്ചിട്ടുണ്ട്. ഔദ്യോഗിക ജോലികളില്‍ നിന്ന് വിരമിച്ച മുതിര്‍ന്ന ആളുകള്‍ കൂടുതലായി യാത്ര ചെയ്യാന്‍ തുടങ്ങിയതാണ് ഇതിന് കാരണം.
കൂടുതലും കേരളത്തിനകത്തുള്ള സ്ഥലങ്ങള്‍. ഏറിപ്പോയാല്‍ ഊട്ടിയോ അല്ലെങ്കില്‍ കൊടൈക്കനാല്‍ വരെ. അടുത്ത കാലം വരെ ശരാശരി മലയാളിയുടെ യാത്ര സങ്കല്പങ്ങള്‍ അത്രമാത്രം ചെറുതായിരുന്നു. എന്നാല്‍ ഇന്ന് അതെല്ലാം മാറിയിരിക്കുന്നു. കേരളത്തിന് വെളിയില്‍ മാത്രമല്ല ഇന്ത്യയ്ക്ക് പുറത്തേക്കുള്ള കുടുംബ ടൂറുകള്‍ ഏറെയാണ്.
20-30 പേരടങ്ങുന്ന കുടുംബ ടൂറുകള്‍ പണ്ടത്തേക്കാള്‍ വര്‍ധിച്ചതായി ടൂര്‍ പാക്കേജുകള്‍ നടത്തുന്നവര്‍ വ്യക്തമാക്കുന്നു. ജോലികളില്‍ നിന്ന് വിരമിച്ചവരുടെ കൂട്ടായ്മ, കുടുംബാംഗങ്ങളുടെ യാത്രകള്‍, ഒന്നിച്ചു ജോലി ചെയ്യുന്നവരുടെ യാത്രകള്‍ തുടങ്ങി പലതരത്തിലുള്ള യാത്ര കൂട്ടായ്മകള്‍ അടുത്ത കാലത്തായി രൂപംകൊണ്ടിട്ടുണ്ട്.
മുമ്പ് കേരളത്തില്‍ നിന്ന് ഏറിവന്നാല്‍ തായ്‌ലന്‍ഡും മലേഷ്യയും സിംഗപ്പൂരുമൊക്കെ ആയിരുന്നു യാത്ര പട്ടികയില്‍ ഇടംപിടിച്ചിരുന്നത്. അതും മധ്യവയസിന് താഴെയുള്ളവര്‍. എന്നാലിപ്പോള്‍ ആ രീതി മാറി. കൂട്ടമായി വിദേശയാത്രകള്‍ ആഘോഷിക്കുന്നവരുടെ എണ്ണം വലിയതോതില്‍ വര്‍ധിച്ചു. ഒറ്റയ്ക്കുള്ള ടൂറുകളേക്കാള്‍ കൂട്ടമായുള്ള പാക്കേജുകള്‍ നല്കാനാണ് ട്രാവല്‍ ആന്‍ഡ് ടൂറിസം രംഗത്തുള്ള കമ്പനികളും ശ്രദ്ധിക്കുന്നത്.
ഗ്രൂപ്പായി വരുന്നവര്‍ക്കുള്ള പാക്കേജുകള്‍ ട്രാവല്‍ കമ്പനികള്‍ക്കും ലാഭകരമാണ്. കുറഞ്ഞ സമയം കൊണ്ട് ബുക്കിംഗ് പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നു. പരസ്പരം അറിയാവുന്നവരുടെ കൂട്ടം യാത്രയ്ക്കായി വരുമ്പോള്‍ ട്രിപ്പ് അറേഞ്ച് ചെയ്യുന്നവര്‍ക്കും വലിയ തലവേദനയില്ലാതെ കാര്യങ്ങള്‍ നടപ്പിലാക്കാന്‍ സാധിക്കുന്നു.
വിദേശ രാജ്യങ്ങളിലേക്കുള്ള യാത്രകളുടെ ചെലവ് മുമ്പത്തേക്കാള്‍ വലിയതോതില്‍ കുറഞ്ഞിട്ടുണ്ട്. ഇതും ഇത്തരം വിദേശ ടൂറുകള്‍ വ്യാപകമാകാന്‍ ഇടയാക്കിയിട്ടുണ്ട്. ചുരുങ്ങിയ ചെലവില്‍ യൂറോപ്പിലേക്കും ഏഷ്യയിലെ പ്രധാന രാജ്യങ്ങളിലേക്കും പോയിവരാന്‍ ഇപ്പോള്‍ സാധിക്കുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine