Shashi Tharoor/FB canva
News & Views

തരൂര്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയോ, പരിഭവിച്ച് ബി.ജെ.പിയിലേക്കോ? കലഹം മൂത്ത് കോണ്‍ഗ്രസ് എങ്ങോട്ട്?

ശശി തരൂരിന്റെ അഭിമുഖവും ആഗ്രഹവും ചൂടന്‍ ചര്‍ച്ചയായി കേരള രാഷ്ട്രീയം

A.S. Sureshkumar

അടുത്ത വര്‍ഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളത്തില്‍ ശശി തരൂര്‍ എം.പിക്ക് കോണ്‍ഗ്രസ് നല്‍കാന്‍ പോകുന്ന റോള്‍ എന്താണ്? ശരിയായ പരിഗണന കിട്ടിയില്ലെങ്കില്‍ കോണ്‍ഗ്രസ് വിട്ട് അദ്ദേഹം ബി.ജെ.പിയിലേക്കോ, അതുമല്ലെങ്കില്‍ സി.പി.എമ്മിലേക്കോ പോകുമോ? രാഷ്ട്രീയ കേരളത്തിലെ ചൂടു പിടിച്ച ചര്‍ച്ച ഇപ്പോള്‍ അതാണ്.

അടുത്ത തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിത്വത്തിന് തനിക്ക് അര്‍ഹതയുണ്ടെന്ന് സൂചിപ്പിക്കുന്ന ശശി തരൂരിന്റെ അഭിമുഖത്തിന്റെ പൂര്‍ണരൂപം പുറത്തു വന്നിരിക്കുകയാണ്. സംസ്ഥാന രാഷ്ട്രീയത്തില്‍ നേതൃപരമായ പങ്ക് വഹിക്കാന്‍ താല്‍പര്യമുണ്ടെന്ന സൂചന നിറഞ്ഞതാണ് ദി ഇന്ത്യന്‍ എക്‌സ്പ്രസിന് ശശി തരൂര്‍ നല്‍കിയ അഭിമുഖം. ഇതിനകം മുഖ്യമന്ത്രി സ്ഥാനാര്‍ഥികള്‍ പലരുള്ള കോണ്‍ഗ്രസിലെ നേതൃനിരയെ തള്ളിമാറ്റി നായക പദവി പിടിച്ചടക്കാന്‍ തരൂരിന് കഴിയുമോ? അതല്ലെങ്കില്‍ അദ്ദേഹം കോണ്‍ഗ്രസ് വിട്ടു പോകുമോ?

തരൂരിന്റെ മനസും രാഷ്ട്രീയവും

കോണ്‍ഗ്രസ് വിട്ട് തരൂര്‍ ബി.ജെ.പിയിലേക്ക് പോയേക്കാമെന്ന പ്രചാരണം ഒരു വശത്ത് നടക്കുന്നു. തരൂരിനെ സഹയാത്രികനാക്കാന്‍ സി.പി.എമ്മിനുള്ള താല്‍പര്യം മറുവശത്ത് മറ നീക്കുന്നു. ഇതിനിടയില്‍, കോണ്‍ഗ്രസിലെ കലഹങ്ങളില്‍ മടുത്താല്‍ കൂടി ഈ രണ്ടു പാര്‍ട്ടികളിലേക്കും ശശി തരൂര്‍ പോകാന്‍ സാധ്യത വിരളം എന്നാണ് അദ്ദേഹത്തോട് ചേര്‍ന്നു നില്‍ക്കുന്നവര്‍ കരുതുന്നത്. അങ്ങനെയെങ്കില്‍ ഒരു പുതിയ പാര്‍ട്ടിക്കു വേണ്ടി തരൂര്‍ കോപ്പു കൂട്ടുകയാണോ? അങ്ങനെ കാണുന്നവരുമുണ്ട്.

കോണ്‍ഗ്രസിന്റെ ആശയങ്ങളോട് ചേര്‍ന്നു നില്‍ക്കുന്ന തനിക്ക് ബി.ജെ.പിയുടെയും സി.പി.എമ്മിന്റെയും രാഷ്ട്രീയം ദഹിക്കുന്നതല്ലെന്ന് ശശി തരൂര്‍ അഭിമുഖത്തില്‍ വ്യക്തമായി പറയുന്നുണ്ട്. ഇനിയൊരു ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്‌സരിക്കാന്‍ സാധ്യതയില്ലെന്ന കാര്യം അദ്ദേഹം നേരത്തെ വ്യക്തമാക്കിയിട്ടുമുണ്ട്. എന്നാല്‍ കോണ്‍ഗ്രസിന് വേണ്ടെങ്കില്‍ തനിക്കു മുന്നില്‍ വഴികള്‍ അടയുന്നില്ല എന്ന അഭിമുഖത്തിലെ തരൂരിന്റെ വാക്കുകളില്‍ പിടിച്ചാണ് ഊഹാപോഹങ്ങളുടെ പോക്ക്. എഴുത്തിന്റെയും പ്രഭാഷണത്തിന്റെയും വഴി തെരഞ്ഞെടുക്കുമെന്നാണ്, കോണ്‍ഗ്രസിതര രാഷ്ട്രീയക്കാരനാകുമെന്നല്ല യഥാര്‍ഥത്തില്‍ ശശി തരൂര്‍ അഭിമുഖത്തില്‍ പറഞ്ഞു വെക്കുന്നത്.

അഭ്യൂഹം ആദ്യമല്ല

ശശി തരൂര്‍ ബി.ജെ.പിയിലേക്ക് പോയേക്കുമെന്ന അഭ്യൂഹങ്ങള്‍ ഇതിനു മുമ്പ് പലപ്പോഴും ഉയര്‍ന്നു വന്നിട്ടുണ്ട്. പാര്‍ട്ടി കോണ്‍ഗ്രസിനോടനുബന്ധിച്ച സെമിനാറിലേക്ക് ക്ഷണിച്ച് സി.പി.എം തരൂരിനെ വളയ്ക്കാന്‍ ശ്രമിച്ചിട്ടുമുണ്ട്. ഇപ്പോള്‍ പുതിയ അഭ്യൂഹങ്ങള്‍ ഉയരുന്നതിനിടയില്‍ ചില കാര്യങ്ങള്‍ തരൂര്‍ ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്നു. എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന ഹിന്ദു സമുദായാംഗമാണ് താന്‍. ബഹുസ്വരതയില്‍ വിശ്വസിക്കുകയും ബി.ജെ.പിയുടെ വര്‍ഗീയ രാഷ്ട്രീയത്തെ എതിര്‍ക്കുകയും ചെയ്യുന്നു. വികസനത്തോടു പുറംതിരിഞ്ഞു നില്‍ക്കുന്നതു ശീലമാക്കിയ സി.പി.എമ്മിനോടു യോജിപ്പില്ല. എന്നാല്‍ ബി.ജെ.പിയും സി.പി.എമ്മും നല്ല കാര്യങ്ങള്‍ ചെയ്താല്‍ അതിനെ സ്വാഗതം ചെയ്യുന്നതാണ് തന്റെ രാഷ്ട്രീയ ശൈലി. കാരണം അവര്‍ രാഷ്ട്രീയ എതിരാളികളാണ്, ശത്രുക്കളല്ല.

കെ.എസ്.യു മുതല്‍ പടിപടിയായി കോണ്‍ഗ്രസില്‍ വളര്‍ന്നയാളല്ല താന്‍. പ്രഫഷണല്‍ ജീവിതത്തിനു ശേഷം സോണിയ ഗാന്ധി അടക്കമുള്ളവരുടെ ക്ഷണ പ്രകാരം കോണ്‍ഗ്രസില്‍ വന്നതാണ്. നാലു തവണ ജനങ്ങള്‍ തിരുവനന്തപുരത്തു നിന്ന് തെരഞ്ഞെടുത്തയച്ച തനിക്ക് ഇന്ത്യയുടെയും കേരളത്തിന്റെയും പുരോഗതിയാണ് രാഷ്ട്രീയ ലക്ഷ്യം. രാഷ്ട്രീയത്തില്‍ വന്നിരിക്കുന്നത് അതിനെ ഒരു കരിയറായി കണ്ടല്ല. അധികാരത്തിനും സമ്പാദിക്കാനും സ്വന്തം കാര്യം നോക്കാനും രാഷ്ട്രീയത്തില്‍ ഇറങ്ങിയവരുണ്ടാകാം. താന്‍ അങ്ങനെയല്ല -അഭിമുഖത്തില്‍ തരൂര്‍ പറയുന്നു.

തരൂര്‍ ആരാധകര്‍ വര്‍ധിച്ചു

കോണ്‍ഗ്രസിന്റെ സ്ഥിരം വോട്ടര്‍മാരായ 19-20 ശതമാനം പേരുടെ മാത്രം വോട്ടുകൊണ്ട് കേരളത്തില്‍ അധികാരം പിടിക്കാനാവില്ല. മറ്റുള്ളവര്‍ക്കിടയില്‍ നിന്ന് 25 ശതമാനത്തിലേറെ വോട്ടു കൂടി സമാഹരിക്കാന്‍ കഴിയണം. അങ്ങനെയാണ് താന്‍ തിരുവനന്തപുരത്ത് ജയിച്ചു പോരുന്നത്... 2026ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ തന്റെ സേവനം കോണ്‍ഗ്രസ് ഏതു രീതിയില്‍ ആവശ്യപ്പെടുമെന്ന് നോക്കാം. ഘടക കക്ഷികളും ചില സര്‍വേകളും തന്റെ ജനകീയതയെക്കുറിച്ച് വ്യക്തമാക്കിയിട്ടുണ്ട് -തരൂര്‍ പറഞ്ഞു വെക്കുന്നു.

എത്രയെത്ര മുഖ്യമന്ത്രി സ്ഥാനാര്‍ഥികള്‍!

പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, മുന്‍പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ.ഐ.സി.സി നേതാവ് കെ.സി വേണുഗോപാല്‍ എന്നിങ്ങനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിത്വത്തിന് പലരും കുപ്പായം തയ്പിച്ചു കാത്തിരിക്കുന്ന പ്രതീതി കോണ്‍ഗ്രസില്‍ നിലനില്‍ക്കുന്നതിനിടയിലാണ് അടുത്ത തെരഞ്ഞെടുപ്പില്‍ നേതൃപരമായ പങ്കിന് ആഗ്രഹം പ്രകടിപ്പിക്കുന്ന വിധത്തില്‍ തരൂരിന്റെ അഭിമുഖം പുറത്തു വന്നിരിക്കുന്നത്. മൂന്നാമൂഴത്തിന് ശ്രമിക്കുന്ന സി.പി.എം തരൂരിനോട് പ്രത്യേക മമത കാണിക്കുന്നതിലൂടെ കോണ്‍ഗ്രസിലെ കലഹത്തിന് വെടിമരുന്ന് ഇട്ടുകൊടുക്കുകയും ചെയ്യുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT