News & Views

ഷവര്‍മ ആളത്ര ശരിയല്ല; പരാതികള്‍ കൂടിയപ്പോള്‍ നിയമം കര്‍ശനമായി; വില്‍പ്പന കുറഞ്ഞു; ശ്രദ്ധയോടെ വ്യാപാരികള്‍

കോടതി ഇടപെടല്‍ ഫലം കാണുന്നു

Dhanam News Desk

ഫാസ്റ്റ് ഫുഡില്‍ ട്രെന്റായി മാറിയ ഷവര്‍മ ആരോഗ്യത്തിന് അത്ര ഗുണകരമല്ലെന്ന പരാതികള്‍ ഉയര്‍ന്നതിന് ശേഷം വില്‍പ്പനയില്‍ ഇടിവ്. ഹൈക്കോടതിയും സര്‍ക്കാരും നിയമം കര്‍ശനമാക്കിയപ്പോള്‍ പുതിയ ഷവര്‍മ കട തുടങ്ങുന്നവരുടെ എണ്ണം കുറയുകയാണ്. വാങ്ങാനെത്തുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞതോടെ പല ബേക്കറികളും ഫാസ്റ്റ് ഫുഡ് സ്ഥാപനങ്ങളും ഷവര്‍മ സെക്ഷന്റെ പ്രവര്‍ത്തനം നിര്‍ത്തി. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ കര്‍ശന നിര്‍ദേശങ്ങള്‍ പാലിക്കുന്നവര്‍ മാത്രമാണ് ഇപ്പോള്‍ ഈ മേഖലയില്‍ മുന്നോട്ട് പോകുന്നത്. ഷവര്‍മയില്‍ നിന്ന് വിഷബാധയേറ്റ് മരണങ്ങള്‍ ആവര്‍ത്തിക്കുകയും ശീരീരികാസ്വസ്ഥതകള്‍ വര്‍ധിക്കുകയും ചെയ്തതോടെയാണ് കോടതിയുടെയും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും ഇടപെടലുകള്‍ ശക്തമായത്. ഷവര്‍മ നിര്‍മാണത്തിലും കൈകാര്യം ചെയ്യുന്നതിലും പാലിക്കേണ്ട കര്‍ശന നിര്‍ദേശങ്ങള്‍ ഇപ്പോള്‍ വീഴ്ച വരുത്താതെ വ്യാപാരികള്‍ പാലിക്കുന്നുണ്ട്. ഇതുസംബന്ധിച്ച് പൊതുജനങ്ങള്‍ക്കുള്ള നിര്‍ദേശങ്ങളും സ്ഥാപനങ്ങള്‍ നല്‍കി വരുന്നുണ്ട്.

ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നോട്ടപ്പുള്ളി

പരാതികള്‍ വര്‍ധിച്ചതോടെ സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നോട്ടപ്പുള്ളിയാണ് ഷവര്‍മ. രണ്ട് വര്‍ഷം മുമ്പ് വകുപ്പ് പുറത്തിറക്കിയ കര്‍ശന നിര്‍ദേശം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഉദ്യോഗസ്ഥര്‍ തുടര്‍ പരിശോധനകൾ  നടത്തുന്നുണ്ട്. ഷവര്‍മയില്‍ ഹാനികരമായ ബാക്ടീരിയകളുടെ സാന്നിധ്യം കൂടുതലാണെന്നും വൃത്തിഹീനവും പഴക്കം ചെന്നതുമായ രീതിയില്‍ ഇത് ഭക്ഷിക്കുന്നത് അപകടങ്ങള്‍ വരുത്തിവെക്കുമെന്നും വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഷവര്‍മ ഉണ്ടാക്കാനുപയോഗിക്കുന്ന മാംസം, പച്ചക്കറി, മുറിക്കാനുപയോഗിക്കുന്ന കത്തി, പാക്കിംഗ് തുടങ്ങിയ കാര്യങ്ങളിലെല്ലാം മാര്‍ഗനിര്‍ദേശങ്ങള്‍ നിലവിലുണ്ട്. ഷവര്‍മക്കൊപ്പം ഉപയോഗിക്കുന്ന മയോണൈസിന്റെ നിര്‍മാണത്തില്‍ ജാഗ്രത പുലര്‍ത്താനും നിര്‍ദേശമുണ്ട്.  കഴിഞ്ഞ വര്‍ഷം അവസാനത്തോടെ സംസ്ഥാനത്ത് 54 ഷവര്‍മ കടകള്‍ പരിശോധനക്ക് ശേഷം പൂട്ടിയിരുന്നു. നൂറിലേറെ കടകള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. ഇതിന് ശേഷം പുതിയ കടകള്‍ ആരംഭിക്കുന്നതിൽ കുറവ് വന്നു.

കോടതിയുടെ ഇടപെടല്‍ ഫലം കാണുന്നു

മാസങ്ങള്‍ക്ക് മുമ്പ് കാസര്‍കോട് ഷവര്‍മ കഴിച്ച് പ്ലസ് വണ്‍ വിദ്യാര്‍ഥിനി മരിച്ച കേസില്‍ കോടതിയുടെ കര്‍ശന നിര്‍ദേശം വന്നിരുന്നു. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട കോടതി ഷവര്‍മ പാക്കുകളില്‍ നിര്‍മാണ തിയ്യതിയും സമയവും രേഖപ്പെടുത്തണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു. വ്യാപാരികള്‍ ഇത് പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധനകള്‍ കര്‍ശനമാക്കുന്നുണ്ട്. വകുപ്പിന്റെ നിര്‍ദേശ പ്രകാരം കടകള്‍ക്ക് മുന്നില്‍ ഷവര്‍മ ഉള്‍പ്പടെയുള്ള ഫാസ്റ്റ് ഫുഡുകളുടെ അപകട വശങ്ങളും കൈകാര്യം ചെയ്യേണ്ട രീതിയും എഴുതി പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഉപഭോക്താക്കള്‍ക്കുള്ള മുന്നറിയിപ്പുകള്‍ ഇതാണ്.

1.ഒരു മണിക്കൂറില്‍ കൂടുതല്‍ പാഴ്‌സല്‍ കവറുകളില്‍ ഭക്ഷണം സൂക്ഷിച്ചു വെക്കരുത്.

2.കുഴിമന്തി, അല്‍ഫാം, ഷവായ്, ഷവര്‍മ എന്നിവക്കൊപ്പം നല്‍കുന്ന മയോണൈസ്, കെച്ചപ്പ്, ചട്ണി തുടങ്ങിയ തണുപ്പുള്ള സാധനങ്ങള്‍ കവറില്‍ നിന്ന് മാറ്റി വെക്കണം.

3. ഇത്തരം ഭക്ഷണങ്ങള്‍ ഒന്നില്‍ കൂടുതല്‍ തവണ ചൂടാക്കി ഉപയോഗിക്കരുത്.

4.പാഴ്‌സല്‍ ഭക്ഷണങ്ങള്‍ കൂടുതല്‍ സമയം എടുത്തു വെച്ചാല്‍ അണുബാധക്ക് സാധ്യതയുണ്ട്.

5.മയോണൈസ്, കെച്ചപ്പ് എന്നിവ ഫ്രിഡ്ജില്‍ വെച്ച് വീണ്ടും ഉപയോഗിക്കുന്നത് പൂര്‍ണമായും ഒഴിവാക്കണം. മയോണൈസില്‍ പെട്ടെന്ന് അണുബാധയുണ്ടാകാന്‍ സാധ്യതയുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT