വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ ഗാര്‍ഹിക തൊഴിലാളികളുടെ നിയമനം ഗണ്യമായി കുറയുന്നത് റിക്രൂട്ടിംഗ് മേഖലയിലെ കമ്പനികള്‍ക്ക് തിരിച്ചടി. സൗദി അറേബ്യക്ക് പുറകെ കുവൈത്തിലും വിദേശ തൊഴിലാളികളുടെ നിയമനങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ വന്നത് ഈ രാജ്യങ്ങളില്‍ പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ട്. അറബ് കുടുംബങ്ങള്‍ വീട്ടുജോലിക്കാരെ കുറക്കുന്നതും വിവിധ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള തൊഴില്‍ അന്വേഷകര്‍ മെച്ചപ്പെട്ട ജോലികള്‍ തേടി പോകുന്നതും അടിസ്ഥാന തൊഴിലുകളില്‍ ആളുകളെ കിട്ടാനില്ലാത്ത അവസ്ഥയും സൃഷ്ടിക്കുന്നുണ്ട്.
വീട്ടുജോലിക്കാരുടെ എണ്ണത്തില്‍ ഇപ്പോള്‍ വലിയ കുറവുണ്ടാവുന്നത് കുവൈത്തിലാണെന്ന് കണക്കുകള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം മാത്രം 30,000 പേരുടെ ഒഴിവുകളാണുണ്ടായത്. ഇതിലൊന്നും നിയമനം നടന്നിട്ടില്ല. 2023 ലെ കുവൈത്ത് സിവില്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 8.11 ലക്ഷം ഗാര്‍ഹിക തൊഴിലാളികളാണ് രാജ്യത്ത് ഉണ്ടായിരുന്നത്. കഴിഞ്ഞ വര്‍ഷം ഇത് 7.8 ലക്ഷമായി കുറഞ്ഞു.
ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണം കുറയുന്നതിന് പല ഗള്‍ഫ് രാജ്യങ്ങളിലും പല കാരണങ്ങളാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. കുവൈത്തില്‍ കഴിഞ്ഞ വര്‍ഷം നിലവില്‍ വന്ന തൊഴില്‍ നിയന്ത്രണം പ്രധാന കാരണമാണെന്ന് റിക്രൂട്ടിംഗ് ഏജന്റുമാര്‍ പറയുന്നു. ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട്‌ചെയ്യുന്നതിന് അനുമതിയുള്ള രാജ്യങ്ങളുടെ എണ്ണം കുറച്ചു. അതോടൊപ്പം പ്രീ അറൈവല്‍ ഫീസ് ഏര്‍പ്പെടുത്തിയതും കുവൈത്തിലേക്കുള്ള റിക്രൂട്ട്‌മെന്റ് കുറയാന്‍ കാരണമായി.
അറബ് കുടുംബങ്ങള്‍, തൊഴിലാളികളിലുള്ള ആശ്രയത്വം കുറക്കുന്നതും നിയമനം കുറയാന്‍ കാരണമായതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. നേരത്തെ നിരവധി ഗാര്‍ഹിക തൊഴിലാളികളുണ്ടായിരുന്ന വീടുകളുടെ എണ്ണം കുറഞ്ഞു. ഡ്രൈവിംഗ്, ഷോപ്പിംഗ് തുടങ്ങിയ കാര്യങ്ങള്‍ ഇപ്പോള്‍ സ്വദേശികള്‍ സ്വയം ചെയ്യുന്നതും തൊഴിലവസരങ്ങള്‍ കുറച്ചിട്ടുണ്ട്.
ഫിലിപ്പൈന്‍സ്, പാക്കിസ്ഥാന്‍, ശ്രീലങ്ക, ഇന്ത്യ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് കൂടുതലായി ഗാര്‍ഹിക തൊഴിലാളികള്‍ ഗള്‍ഫ് നാടുകളില്‍ എത്തിയിരുന്നത്. മെച്ചപ്പെട്ട അവസരങ്ങളാണ് ഇപ്പോള്‍ തൊഴിലാളികള്‍ തേടുന്നതെന്ന് കുവൈത്തില്‍ റിക്രൂട്ടിംഗ് മേഖലയില്‍ ജോലി ചെയ്യുന്ന ഹമീദ് അലി ചൂണ്ടിക്കാട്ടുന്നു. യുഎഇ ഉള്‍പ്പെടെ ആധുനിക സൗകര്യങ്ങളുള്ള രാജ്യങ്ങളില്‍ കൂടുതല്‍ ശമ്പളം ലഭിക്കുന്ന ജോലികളിലേക്ക് തൊഴിലാളികള്‍ ആകര്‍ഷിക്കപ്പെടുന്നുണ്ട്. ഗാര്‍ഹിക തൊഴിലാളികള്‍ ഉള്‍പ്പെടുന്ന ക്രിമിനല്‍ കേസുകള്‍ ആവര്‍ത്തിക്കുന്നുതും നിയമനങ്ങള്‍ കുറക്കുന്നതിന് കാരണമായിട്ടുണ്ടെന്നും ഹമീദ് അലി വെളിപ്പെടുത്തി.
Read DhanamOnline in English
Subscribe to Dhanam Magazine