News & Views

സൈന്‍ പ്രിന്റിംഗ് മേഖലയ്ക്ക് തിരഞ്ഞെടുപ്പ് ചാകര, തിരക്കിലമര്‍ന്ന് അനുബന്ധ മേഖലകളും; ഇനി പണമൊഴുക്ക് കാലം

Dhanam News Desk

വീണ്ടുമൊരു തിരഞ്ഞെടുപ്പ് കാലം വന്നെത്തി. ഓരോ തെരഞ്ഞെടുപ്പും കോടികള്‍ ഒഴുകുന്ന ബിസിനസ് സമയം കൂടിയാണ്. സാദാ ചായക്കട മുതല്‍ വന്‍കിട ഹോട്ടലുകളില്‍ വരെ ഇക്കാലയളവില്‍ തിരക്കേറും. പരസ്യ മേഖല, സൈന്‍ പ്രിന്റിംഗ്, ഓഡിയോ റെക്കോഡിംഗ് സ്റ്റുഡിയോ തുടങ്ങി എല്ലാ മേഖലകളിലും കൂടുതല്‍ ഉണര്‍വേകാന്‍ തിരഞ്ഞെടുപ്പ് കാലത്തിന് സാധിക്കും.

സൈന്‍ പ്രിന്റിംഗ് മേഖല ഉഷാര്‍

ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പ് കാലത്തേക്കാള്‍ സൈന്‍ പ്രിന്റിംഗ് വ്യവസായത്തിന് ഗുണകരമാകുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പാണ്. മത്സരിക്കുന്നവരുടെ എണ്ണം കൂടുതലാണെന്നതു തന്നെ കാരണം. ഇത്തവണ പലയിടത്തും തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പ് തന്നെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു. ബോര്‍ഡുകള്‍ നേരത്തെ തന്നെ നാല്‍ക്കവലകളിലും റോഡരികിലും സ്ഥാനം പിടിച്ചു.

എറണാകുളം ജില്ലയില്‍ ഇരുന്നൂറിലേറെ ഫ്‌ളെക്‌സ് പ്രിന്റിംഗ് സ്ഥാപനങ്ങളുണ്ട്. പ്ലാസ്റ്റിക്കില്‍ നിന്ന് തുണിയിലേക്കും കോട്ടണ്‍, പിവിഇ മെറ്റീരിയലുകളിലേക്കും പ്രിന്റിംഗ് മാറി. ഒരു ചതുരശ്രയടി തുണിയില്‍ പ്രിന്റ് ചെയ്യുന്നതിന് 20 മുതല്‍ 24 രൂപ വരെയും ഫ്‌ളെക്‌സില്‍ 16-18 രൂപയുമാണു നിരക്ക്.

സ്ഥാപനങ്ങള്‍ അനുസരിച്ച് നിരക്കില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകും. കൂടുതല്‍ ഓര്‍ഡറുകള്‍ നല്കിയാല്‍ നിരക്കിളവുണ്ട്. ബോര്‍ഡുകള്‍ പലതും ഡിജിറ്റലൈസ്ഡ് ആയിട്ടുണ്ട്. ഗ്രാമ മേഖലകളില്‍ പഴയപോലെയുള്ള ബോര്‍ഡുകളാണെങ്കിലും നഗരങ്ങളില്‍ ഡിജിറ്റല്‍ ബോര്‍ഡുകള്‍ക്കാണ് ഡിമന്‍ഡ് കൂടുതല്‍.

ലോക്‌സഭ തിരഞ്ഞെടുപ്പു കാലത്ത് 5 മുതല്‍ 10 ലക്ഷം രൂപയുടെ പ്രിന്റിങ് ഓരോ സ്ഥാപനത്തിലും ഉണ്ടാകാറുണ്ട്. ഫ്‌ളെക്‌സ് അടിക്കുന്നതിനുളള മരനിര്‍മിത ബോര്‍ഡുകള്‍ തയാറാക്കല്‍, ബോര്‍ഡുകള്‍ വഴിയോരങ്ങളില്‍ സ്ഥാപിക്കല്‍, ലോഡ് കൊണ്ടുപോകല്‍ എന്നിവയിലും അനുബന്ധ തൊഴില്‍ ലഭിക്കുന്നതും ഈ കാലത്താണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മരനിര്‍മിത ബോര്‍ഡുകള്‍ തയാറാക്കുന്നതു പെരുമ്പാവൂരിലെ മുടിക്കലിലാണ്.

സെന്‍ പ്രിന്റിംഗ് ഇന്‍ഡസ്ട്രി നിലനില്‍ക്കുന്നത് ഫെസ്റ്റിവല്‍ സീസണുകളെ ആശ്രയിച്ചാണ്. തിരഞ്ഞെടുപ്പ് കാലം ഈ മേഖലയ്ക്ക് ഗുണകരമാണ്. എന്നാല്‍ യൂണിറ്റുകളോ മറ്റൊരു അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാത്ത ഇടനിലക്കാരുടെ കടന്നുവരവ് മേഖലയ്ക്ക് തിരിച്ചടിയാണ്.
സജിത് കുമാര്‍, സംസ്ഥാന സെക്രട്ടറി, സൈന്‍ പ്രിന്റിംഗ് ഇന്‍ഡസ്ട്രീസ്

ഇടനിലക്കാരുടെ വരവ്

സംസ്ഥാനത്ത് 1,200ലേറെ പ്രിന്റിംഗ് യൂണിറ്റുകളുണ്ട്. ഇതില്‍ 10 ശതമാനം മാത്രമാണ് വന്‍കിട യൂണിറ്റുകള്‍. ബാക്കി 90 ശതമാനവും ചെറുകിട, ഇടത്തരം യൂണിറ്റുകളാണ്. ഒരു ചെറിയ യൂണിറ്റിനു പോലും 20-25 ലക്ഷം രൂപ ചെലവ് വരും. ടെക്‌നോളജി അടിക്കടി മാറുന്നതിനാല്‍ അതിനൊത്ത് അപ്‌ഡേറ്റ് ആകാന്‍ ഓരോ വര്‍ഷവും അധിക നിക്ഷേപവും നടത്തണം.

പ്രിന്റിംഗ് യൂണിറ്റോ മറ്റ് സൗകര്യങ്ങളോ ഇല്ലാത്ത ഇടനിലക്കാരുടെ വരവ് അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നുണ്ടെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു. ഇവന്റുകളുടെയും മറ്റ് മൊത്തം പ്രിന്റിംഗ് കരാര്‍ ഏറ്റെടുക്കുന്ന ഇത്തരക്കാര്‍ വലിയ യൂണിറ്റുകളില്‍ പ്രിന്റിംഗ് ചെയ്യിക്കുന്നു. ഇതുവഴി നാട്ടിന്‍പുറങ്ങളിലെ ഇടത്തരം പ്രിന്റിംഗ് യൂണിറ്റുകള്‍ക്ക് വര്‍ക്ക് ലഭിക്കാത്ത അവസ്ഥ വരുന്നുണ്ട്.

സൈന്‍ പ്രിന്റിംഗ് ഇന്‍ഡസ്ട്രി നിലനില്‍ക്കുന്നത് ഫെസ്റ്റിവല്‍ സീസണുകളെ ആശ്രയിച്ചാണ്. തിരഞ്ഞെടുപ്പ് കാലം ഈ മേഖലയ്ക്ക് ഗുണകരമാണ്. എന്നാല്‍ യൂണിറ്റുകളോ മറ്റൊരു അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാത്ത ഇടനിലക്കാരുടെ കടന്നുവരവ് മേഖലയ്ക്ക് തിരിച്ചടിയാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT