Canva
News & Views

വെള്ളിയിലെ വ്യാജനെ പിടിക്കാന്‍ മൊബൈല്‍ ആപ്പ്, ഹാള്‍മാര്‍ക്കിംഗില്‍ സൗത്ത് ഇന്ത്യന്‍ തിളക്കം, എന്താണ് എച്ച്.യു.ഐ.ഡി?

ഒക്ടോബര്‍ 2005ലാണ് രാജ്യത്ത് ആദ്യമായി വെള്ളി ഹാള്‍മാര്‍ക്കിംഗ് ആരംഭിക്കുന്നത്

Dhanam News Desk

വെള്ളിയില്‍ ഹാള്‍മാര്‍ക്ക് യുണീക്ക് ഐഡന്റിഫിക്കേഷന്‍ (HUID) നിര്‍ബന്ധമാക്കി ആദ്യ മൂന്ന് മാസത്തിനുള്ളില്‍ 16 ലക്ഷം സര്‍ട്ടിഫിക്കേഷനുകള്‍ നടന്നതായി കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം. വ്യാപാരികള്‍ക്കിടയിലും ഉപയോക്താക്കള്‍ക്കിടയിലും ആത്മവിശ്വാസം വര്‍ധിക്കുന്നതിന്റെ സൂചനയാണിതെന്നും പ്രസ്താവനയില്‍ പറയുന്നു. ഹാള്‍മാര്‍ക്കിംഗുള്ള വെള്ളി ആഭരണം വാങ്ങാനാണ് കൂടുതലാളുകള്‍ക്കും താത്പര്യം.

വെള്ളിയില്‍ ഹാള്‍മാര്‍ക്കിംഗ് നിര്‍ബന്ധമാണോ?

നിലവില്‍ വെള്ളിയിലെ ഹാള്‍മാര്‍ക്കിംഗ് നിര്‍ബന്ധമല്ല. എന്നാല്‍ ഹാള്‍മാര്‍ക്കിംഗ് ചെയ്യുന്നുണ്ടെങ്കില്‍ അത് എച്ച്.യു.ഐ.ഡി ആയിരിക്കണമെന്ന് നിബന്ധനയുണ്ട്. ഇക്കൊല്ലം സെപ്റ്റംബര്‍ ഒന്ന് മുതലാണ് ഇത് നടപ്പിലാക്കിയത്. എല്ലാ വെള്ളി ഉത്പന്നങ്ങളിലും എച്ച്.യു.ഐ.ഡി നിര്‍ബന്ധമാക്കാനും സര്‍ക്കാര്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്.

എന്താണ് എച്ച്.യു.ഐ.ഡി

വ്യാജ ഹാള്‍മാര്‍ക്കിംഗ് തടയുന്നതിനും വെള്ളിയുടെ ശുദ്ധത ഉറപ്പുവരുത്തുന്നതിനും ഉപയോഗിക്കുന്ന സങ്കേതമാണിത്. സ്വര്‍ണ, വെള്ളി ഉത്പന്നങ്ങളില്‍ ലേസര്‍ രശ്മികളാല്‍ പതിപ്പിച്ച ആറക്ക ആല്‍ഫാന്യൂമറിക്ക് കോഡാണ് എച്ച്.യു.ഐ.ഡി. ഇവയുടെ ശുദ്ധത ഉറപ്പുവരുത്തുന്നതിനും ഡിജിറ്റലി ട്രാക്ക് ചെയ്യാനും ഇതിലൂടെ സാധിക്കും. സില്‍വര്‍ ഹാള്‍മാര്‍ക്കിംഗ് നടത്തുന്നതില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളാണ് മുന്നിട്ട് നില്‍ക്കുന്നതെന്നും പ്രസ്താവനയില്‍ തുടരുന്നു.

എങ്ങനെ തിരിച്ചറിയും?

നിങ്ങള്‍ വാങ്ങുന്ന വെള്ളി ആഭരണങ്ങള്‍ ശരിക്കുള്ള ഹാള്‍മാര്‍ക്കിംഗ് നടത്തിയതാണോ എന്നറിയാന്‍ മൊബൈല്‍ ആപ്പ് സംവിധാനവും നിലവിലുണ്ട്. ബി.ഐ.എസ് കെയര്‍ (BIS care) എന്ന ആപ്പിലെത്തിയാല്‍ ഇത് പരിശോധിക്കാം. ആപ്പ് ഗൂഗ്ള്‍ പ്ലേ സ്‌റ്റോറിലും ആപ്പിള്‍ ആപ്പ് സ്റ്റോറിലും ലഭ്യമാണ്. ആഭരണത്തിന്റെ ശുദ്ധത, ഇനം, ഹാള്‍മാര്‍ക്കിംഗിന് സമര്‍പ്പിച്ച വ്യാപാരിയുടെ വിവരങ്ങള്‍, ഹാള്‍മാര്‍ക്കിംഗ് നടത്തിയ കേന്ദ്രം എന്നിവ ഇതിലൂടെ അറിയാവുന്നതാണ്.

വെള്ളിയില്‍ പ്യൂരിറ്റി ഇങ്ങനെ

ഒക്ടോബര്‍ 2005ലാണ് രാജ്യത്ത് ആദ്യമായി വെള്ളി ഹാള്‍മാര്‍ക്കിംഗ് ആരംഭിക്കുന്നത്. പരിഷ്‌ക്കരിച്ച ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് അനുസരിച്ച് ഏഴ് ശുദ്ധത ഗ്രേഡുകളാണ് വെള്ളിക്കുള്ളത്. 800,835,925,958,970,990,999 എന്നിവയാണിത്. ഇതില്‍ 958, 999 എന്നിവ അടുത്തിടെയാണ് കൂട്ടിച്ചേര്‍ത്തത്.

Silver hallmarking in India has surged sharply, with 1.6 million items now carrying unique ID codes under the new traceability system

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT