Image : Canva 
News & Views

ഒരുവര്‍ഷം കൊണ്ട് വെള്ളി സമ്മാനിച്ച നേട്ടം 76 ശതമാനം! എന്തുകൊണ്ട് വില ഉയരുന്നു? എങ്ങനെ നിക്ഷേപിക്കാം?

വെള്ളിയുടെ വ്യാവസായിക ആവശ്യങ്ങള്‍ വര്‍ധിച്ചുവരുന്നതും കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായുള്ള കുറഞ്ഞ ഉല്‍പ്പാദനത്തില്‍ വിദേശ വിപണിയിലെ വിലകള്‍ സര്‍വകാല റെക്കോഡിലേക്ക് മുന്നേറാന്‍ പ്രേരിപ്പിച്ചു

Hareesh V

നിക്ഷേപ സുരക്ഷിതത്വത്തോടൊപ്പം നിക്ഷേപകര്‍ക്ക് വന്‍ ലാഭവും നല്‍കിയാണ് സ്വര്‍ണത്തിന്റെ വ്യാപാരം കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നടക്കുന്നത്. എന്നാല്‍ ഈ അടുത്തായി സ്വര്‍ണ വിലയിലെ വര്‍ധനവിനെ മറികടക്കുന്ന പ്രകടനമാണ് വെള്ളി വിലകളില്‍ പ്രകടമാകുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനകം 76 ശതമാനത്തിന് മുകളില്‍ നേട്ടം നല്‍കാന്‍ വെള്ളിക്ക് കഴിഞ്ഞത് വന്‍തോതില്‍ പുതിയ നിക്ഷേപകരെ ഈ ലോഹത്തിലേക്ക് ആകര്‍ഷിക്കുന്നുണ്ട്.

റെക്കോഡ് നിലവാരത്തില്‍ എത്തിച്ചേര്‍ന്ന ആഗോള വിലകള്‍ക്ക് പുറമെ, ഉത്സവ-വിവാഹ സീസണുമായി ബന്ധപ്പെട്ട ഉയര്‍ന്ന ആവശ്യകതയും ഇന്ത്യന്‍ രൂപയില്‍ ഉണ്ടായിരിക്കുന്ന കനത്ത ഇടിവും സ്വര്‍ണത്തിന് ബദലായുള്ള ഒരു സുരക്ഷിത നിക്ഷേപം/ആഭരണം എന്ന നിലയില്‍ ആഭ്യന്തര വിപണിയില്‍ നിന്നുള്ള അന്വേഷണങ്ങളും വിലകള്‍ കിലോഗ്രാമിന് 1,62,000 രൂപ എന്ന നിലവാരത്തിന് മുകളിലേക്ക് എത്തിച്ചിട്ടുണ്ട്.

വെള്ളിയുടെ വ്യാവസായിക ആവശ്യങ്ങള്‍ വര്‍ധിച്ചുവരുന്നതും കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായുള്ള കുറഞ്ഞ ഉല്‍പ്പാദനത്തില്‍ വിദേശ വിപണിയിലെ വിലകള്‍ സര്‍വകാല റെക്കോഡിലേക്ക് മുന്നേറാന്‍ പ്രേരിപ്പിച്ചു. ആഗോളതലത്തില്‍ ഉപയോഗിക്കുന്ന വെള്ളിയുടെ 60 ശതമാനത്തോളം ഇപ്പോള്‍ വ്യവസായങ്ങളുമായി ബന്ധപ്പെട്ടതാണ്. അതില്‍ തന്നെ പ്രധാനമായും ഗ്രീന്‍ എനര്‍ജിയുടെ ഉല്‍പ്പാദന ആവശ്യങ്ങള്‍ക്ക്. അതായത്, മുമ്പ് വെള്ളി പ്രധാനമായും ഉപയോഗിച്ചിരുന്നത്

ആഭരണ വിപണിയിലായിരുന്നുവെങ്കില്‍ ഇന്നത് ഇലക്ട്രിക് വാഹനങ്ങളിലും സോളാര്‍ പാനലുകളിലും 5ജിയുമായി ബന്ധപ്പെട്ട ഉപകരണങ്ങളിലും ഒഴിച്ചുകൂടാന്‍ കഴിയാത്ത ഒരു ഘടകമായി മാറി.

ഉയര്‍ന്നുനില്‍ക്കുന്ന ജിയോപൊളിറ്റിക്കല്‍ പ്രശ്‌നങ്ങളും സ്വര്‍ണം പോലെ സുരക്ഷിതമെന്ന് തോന്നുന്ന വിപണിയിലേക്ക് പണം എറിയാന്‍ നിക്ഷേപകരെ പ്രേരിപ്പിക്കുന്നതും വെള്ളിക്ക് അനുകൂലമാകുന്നുണ്ട്. വെള്ളിയില്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇന്ന് ഫിസിക്കല്‍ രൂപത്തില്‍ വാങ്ങി സൂക്ഷിക്കുന്നതിന് പുറമെ, മറ്റ് പല മാര്‍ഗങ്ങളും ലഭ്യമാണ്. അവ ഏതെല്ലാമെന്ന് പരിശോധിക്കാം.

വിവിധ നിക്ഷേപ സാധ്യതകള്‍

ഫിസിക്കല്‍ രൂപത്തില്‍ പരമ്പരാഗതമായി വെള്ളിയില്‍ നിക്ഷേപിക്കാനുള്ള ഒരു മാര്‍ഗമാണിത്. ഇവിടെ കോയിന്‍ രൂപത്തിലോ, ബാര്‍ രൂപത്തിലോ അല്ലെങ്കില്‍ ഗാര്‍ഹിക ഉപകരണങ്ങളുടെ രൂപത്തിലോ വെള്ളിവാങ്ങി സൂക്ഷിക്കാവുന്നതാണ്. എന്നാല്‍ ഇതിന് ഉയര്‍ന്ന ഉല്‍പ്പാദന ചെലവുകള്‍ നല്‍കേണ്ടി വരുന്നതിന് പുറമെ സുരക്ഷിതമായി കൈകാര്യം ചെയ്യണം എന്നതും പോരായ്മയാണ്. വളരെ എളുപ്പത്തില്‍ വില്‍ക്കാം എന്നതും കൈവശം സൂക്ഷിക്കാം എന്നതും അനുകൂല ഘടകമാണ്.

ഇടിഎഫുകള്‍

പല ഫണ്ട് ഹൗസുകളും ഇപ്പോള്‍ വെള്ളിയിലുള്ള എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍ ലഭ്യമാക്കുന്നുണ്ട്. വെള്ളിയുടെ പൊതുവിപണിയിലുള്ള വിലകളില്‍ തന്നെ ഓഹരി വിപണിയിലൂടെ വാങ്ങുകയും വില്‍ക്കുകയും ചെയ്യാന്‍ സാധിക്കും. കുറഞ്ഞ തോതിലുള്ള കൈകാര്യ ചെലവുകളും എപ്പോള്‍ വേണമെങ്കിലും വാങ്ങാനും വില്‍ക്കാനുമുള്ള സാധ്യതകളും ഈ വിപണിയെ ദീര്‍ഘകാല നിക്ഷേപകര്‍ക്ക് ആകര്‍ഷകമാക്കുന്നുണ്ട്.

എന്നിരുന്നാലും ഉയര്‍ന്ന തോതിലുള്ള ലാഭ-നഷ്ട സാധ്യതകള്‍ ഈ വിപണിയില്‍ ഉള്ളതിനാല്‍ ചെറുകിട നിക്ഷേപകര്‍ പരമാവധി ശ്രദ്ധ പുലര്‍ത്തേണ്ടതാണ്.

അതുപോലെ വെള്ളിയുമായി ബന്ധപ്പെട്ട കമ്പനികളുടെ, അതായത് ജൂവല്‍റികള്‍, മൈനിംഗ് സ്ഥാപനങ്ങള്‍ എന്നിവയുടെ ഓഹരികള്‍ വാങ്ങുന്നതിലൂടെയും നേരിട്ടല്ലാതെ വെള്ളിയില്‍ നിക്ഷേപിക്കാന്‍ സാധിക്കും.

മുന്നോട്ടു നോക്കുമ്പോള്‍, ആഗോള ആഭ്യന്തര സാഹചര്യങ്ങള്‍ വിലകള്‍ ഇനിയും മുന്നേറാനുള്ള സാധ്യതകളാണ് തുറന്നിടുന്നത്. എന്നിരുന്നാലും വില വ്യതിയാനം സംഭവിക്കാനുള്ള ഊഹക്കച്ചവടക്കാരുടെ വളരെ പ്രിയപ്പെട്ട ഈ ലോഹത്തില്‍ നിക്ഷേപിക്കുമ്പോള്‍ വളരെയധികം മുന്നൊരുക്കം നടത്തേണ്ടതാണ്. ഒറ്റത്തവണയായി നിക്ഷേപിക്കാതെ എസ്‌ഐപി പോലുള്ള വഴികളിലൂടെയോ, അല്ലെങ്കില്‍ വിലകളില്‍ ചെറിയ തോതില്‍ ഇടിവ് ദൃശ്യമാകുമ്പോഴോ വാങ്ങി ദീര്‍ഘകാലത്തേക്ക് വേണ്ടി സൂക്ഷിക്കുന്നതായിരിക്കും ഉചിതം.

ധനം മാഗസിനില്‍ നവംബര്‍ 15 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്‌

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT