Image courtesy: horizons.tatatrusts.org, Canva
News & Views

രത്തൻ ടാറ്റയുടെ പോറ്റമ്മ സിമോൺ ടാറ്റ അന്തരിച്ചു; 'ലാക്മെ'യുടെയും 'വെസ്റ്റ്‌സൈഡി'ന്റെയും ശില്പി വിടവാങ്ങിയത് 95ാം വയസില്‍

പാര്‍ക്കിന്‍സണ്‍സ് ലക്ഷണങ്ങള്‍ ഏറെ നാളായി സിമോണ്‍ ടാറ്റയെ അലട്ടുകയായിരുന്നു

Dhanam News Desk

ടാറ്റ ഗ്രൂപ്പിലെ പ്രമുഖ വ്യക്തിത്വവും വ്യവസായ പ്രമുഖൻ രത്തൻ ടാറ്റയുടെ പോറ്റമ്മയുമായ സിമോൺ ടാറ്റ (95 വയസ്) അന്തരിച്ചു. ഇന്ത്യൻ സൗന്ദര്യവർധക-റീട്ടെയിൽ മേഖലകളിൽ നാല് പതിറ്റാണ്ടിലേറെ നിർണായക സ്വാധീനം ചെലുത്തിയ ദീർഘവീക്ഷണമുള്ള വനിതയായിരുന്നു സിമോൺ.

ലാക്മെയുടെ ചെയർപേഴ്സണ്‍

സ്വിറ്റ്സർലൻഡിലെ ജനീവയിൽ ജനിച്ച സിമോൺ 1953-ൽ ഒരു വിനോദസഞ്ചാരിയായി ഇന്ത്യയിലെത്തി. 1955-ൽ നവൽ ടാറ്റയെ വിവാഹം കഴിച്ച ശേഷം മുംബൈയിൽ സ്ഥിരതാമസമാക്കി. ടാറ്റ ഗ്രൂപ്പ് സ്ഥാപിച്ച പ്രശസ്ത സൗന്ദര്യവർധക ബ്രാൻഡായ 'ലാക്മെ'യുടെ വളർച്ചയിൽ സിമോൺ ടാറ്റയ്ക്ക് സുപ്രധാന പങ്കുണ്ട്. 1980-കളുടെ തുടക്കത്തിൽ അവർ ലാക്മെയുടെ ചെയർപേഴ്സണായി ചുമതലയേറ്റു. പാശ്ചാത്യ സൗന്ദര്യവർധക ഉൽപ്പന്നങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനായി അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിൻ്റെ നിർദ്ദേശപ്രകാരമാണ് 1952-ൽ ടാറ്റ ഗ്രൂപ്പ് ലാക്മെ ആരംഭിച്ചത്.

1996-ൽ ടാറ്റ ഗ്രൂപ്പ് ലാക്മെ ഹിന്ദുസ്ഥാൻ യൂണിലീവറിന് വിറ്റഴിച്ചു. ഈ വിൽപ്പനയിൽ നിന്ന് ലഭിച്ച വരുമാനം ഉപയോഗിച്ചാണ് സിമോൺ ടാറ്റ 'ട്രെൻ്റ് ലിമിറ്റഡ്' എന്ന സ്ഥാപനത്തിന് കീഴിൽ 'വെസ്റ്റ്‌സൈഡ്' എന്ന റീട്ടെയിൽ ശൃംഖല സ്ഥാപിച്ചത്. വെസ്റ്റ്‌സൈഡ് ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ഡിപ്പാർട്ട്‌മെൻ്റ് സ്റ്റോർ ശൃംഖലകളിൽ ഒന്നായി വളർന്നു. 2006 വരെ അവർ ട്രെൻ്റ് ലിമിറ്റഡിൻ്റെ മേധാവിയായി സേവനമനുഷ്ഠിച്ചു. കൂടാതെ, ടാറ്റ ഇൻഡസ്ട്രീസിൻ്റെ ബോർഡിലും അവർ അംഗമായിരുന്നു.

എന്നും ഓർമ്മിക്കപ്പെടുന്ന വ്യക്തിത്വം

പാർക്കിൻസൺസ് രോഗത്തിൻ്റെ ലക്ഷണങ്ങളുമായി ഏറെ നാളായി പോരാടുകയായിരുന്നു സിമോൺ ടാറ്റ. മുംബൈയിലെ ബ്രീച്ച് കാൻഡി ഹോസ്പിറ്റലിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിൽ അന്തരിച്ച രത്തൻ ടാറ്റയുടെ സംസ്കാരച്ചടങ്ങിലാണ് പൊതുവേദികളിൽ നിന്ന് വിരമിച്ച സിമോൺ ടാറ്റയെ അവസാനമായി കണ്ടത്. എന്നും ഓർമ്മിക്കപ്പെടുന്നതാണ് ഇന്ത്യൻ റീട്ടെയിൽ, കോസ്മെറ്റിക്സ് രംഗത്തിന് സിമോൺ ടാറ്റ നൽകിയ സംഭാവനകൾ.

Simone Tata, Ratan Tata's stepmother and pioneer behind Lakmé and Westside, passes away at 95.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT