Image: canva 
News & Views

വിദ്യാര്‍ത്ഥികള്‍ക്ക് സന്തോഷവാര്‍ത്ത; പി.ആര്‍ നിയമങ്ങളില്‍ ഇളവുവരുത്താന്‍ സിംഗപ്പൂര്‍

മുമ്പ് വിദ്യാര്‍ത്ഥികള്‍ക്ക് പഠനശേഷം രണ്ടുവര്‍ഷം കാത്തിരിക്കണമായിരുന്നു സ്ഥിരതാമസത്തിന് അപേക്ഷിക്കാന്‍

Dhanam News Desk

സിംഗപ്പൂരില്‍ പഠിച്ച് അവിടെ തന്നെ സ്ഥിരതാമസത്തിനായി ശ്രമിക്കുന്നവര്‍ക്ക് സന്തോഷം പകരുന്ന വാര്‍ത്ത. പി.ആറിനായി ശ്രമിക്കുന്നവര്‍ പി.എസ്.എല്‍.ഇ അല്ലെങ്കില്‍ ജി.സി.ഇ പരീക്ഷയില്‍ ഏതെങ്കിലും ഒന്നില്‍ പാസ് ആയിട്ടുണ്ടെങ്കില്‍ സ്ഥിരതാമസത്തിനായി അപേക്ഷിക്കാം.

മുമ്പ് വിദ്യാര്‍ത്ഥികള്‍ക്ക് പഠനശേഷം രണ്ടുവര്‍ഷം കാത്തിരിക്കണമായിരുന്നു സ്ഥിരതാമസത്തിന് അപേക്ഷിക്കാന്‍. 15 വയസ് കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് ഇ-സര്‍വീസ് വെബ്‌സൈറ്റിലൂടെ അപേക്ഷകള്‍ സമര്‍പ്പിക്കാം.

അടിമുടി വിദ്യാര്‍ത്ഥി സൗഹൃദമാറ്റം

വിദ്യാര്‍ത്ഥികള്‍ക്കൊപ്പം സിംഗപ്പൂരിലേക്ക് യാത്ര ചെയ്യാന്‍ മുമ്പ് മാതാവിനോ മുത്തശ്ശിക്കോ മാത്രമായിരുന്നു അനുമതി ഉണ്ടായിരുന്നത്. എന്നാല്‍ ഇനി മുതല്‍ പിതാവിനോ മുത്തശ്ശനോ ഇത്തരത്തില്‍ വിദ്യാര്‍ത്ഥികളെ അനുഗമിക്കാന്‍ പാസ് ലഭിക്കും. വിദേശ വിദ്യാര്‍ഥിക്കൊപ്പം ഒരു രക്ഷിതാവിന് മാത്രമാകും യാത്ര ചെയ്യാന്‍ അനുമതി. സിംഗപ്പൂര്‍ യൂണിവേഴ്‌സിറ്റികളില്‍ ചേര്‍ന്നിട്ടുള്ള വിദേശ വിദ്യാര്‍ത്ഥികള്‍ ആശ്രിത പാസ് അല്ലെങ്കില്‍ ഹ്രസ്വകാല സന്ദര്‍ശന പാസിനായി അപേക്ഷിക്കണം.

പാര്‍ട്ട് ടൈം കോഴ്‌സുകളോ സായാഹ്ന, വാരാന്ത്യ കോഴ്‌സുകളോ ചെയ്യുന്നവര്‍ക്ക് സ്റ്റുഡന്റ്‌സ് പാസ് ലഭിക്കില്ലെന്ന് സിംഗപ്പൂര്‍ ഇമിഗ്രേഷന്‍ ആന്‍ഡ് ചെക്ക്‌പോയിന്റ്‌സ് അതോറിറ്റി വ്യക്തമാക്കുന്നു. വീസ നിയന്ത്രണത്തിന്റെ പ്രശ്‌നങ്ങളില്ലാതെ ബിരുദധാരികള്‍ക്ക് സാമൂഹിക സുരക്ഷാ സേവനങ്ങളും പൗരത്വത്തിലേക്കുള്ള വഴി കണ്ടെത്താനും പുതിയ മാറ്റത്തിലൂടെ സാധിക്കുന്നു. 79,000ത്തിലധികം വിദേശ വിദ്യാര്‍ത്ഥികള്‍ സിംഗപ്പൂരില്‍ പഠിക്കുന്നുണ്ടെന്നാണ് കണക്ക്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT