ചെറിയ മൂല്യമുള്ള കറൻസി നോട്ടുകളുടെ ദൗർലഭ്യം സമ്പദ്‌വ്യവസ്ഥയില്‍ നിലനിൽക്കുന്ന പ്രധാന പ്രശ്നമായി മാറിയിരിക്കുകയാണ്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും പ്രത്യേകിച്ച് അർദ്ധ-നഗര, ഗ്രാമപ്രദേശങ്ങളിൽ 10 രൂപ, 20 രൂപ, 50 രൂപ പോലുള്ള ചെറിയ മൂല്യമുളള നോട്ടുകൾ കിട്ടാനില്ലാത്തത് പൊതുജന ജീവിതത്തിൽ വലിയ ബുദ്ധിമുട്ടുകളാണ് സൃഷ്ടിക്കുന്നത്. എടിഎം കൗണ്ടറുകളിൽ നിന്നും 100 രൂപ, 200 രൂപ, 500 രൂപ പോലുള്ള ഉയർന്ന മൂല്യമുള്ള കറൻസികൾ മാത്രമാണ് ലഭിക്കുന്നത്.
എടിഎം കൗണ്ടറുകളിൽ ഉയർന്ന മൂല്യമുള്ള കറൻസികൾ മാത്രമേ ലഭിക്കാനുള്ളൂ എന്ന അവസ്ഥയ്ക്ക് കാരണം ചെറുകിട കറൻസികളുടെ ലഭ്യതക്കുറവാണ്. ചെറിയ നോട്ടുകൾക്ക് കടുത്ത ക്ഷാമം നേരിടുന്നതിനാൽ എടിഎമ്മുകൾക്ക് അവ വിതരണം ചെയ്യാൻ കഴിയുന്നില്ല. അതേസമയം ദൈനംദിന ആവശ്യങ്ങൾക്കായി ഈ ചെറിയ നോട്ടുകളാണ് സാധാരണക്കാർക്ക് ഏറ്റവും കൂടുതല്‍ അത്യാവശ്യമായുളളത്. ഓട്ടോ റിക്ഷ നിരക്കുകള്‍, പലചരക്ക് കടകളിലെ ചെറിയ സാധനങ്ങൾ വാങ്ങൽ തുടങ്ങിയ നിത്യജീവിതത്തിലെ ഇടപാടുകൾക്ക് ഉയർന്ന നോട്ടുകൾ നൽകുമ്പോൾ ചില്ലറ ലഭിക്കാത്തത് സാധാരണ ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.
2 രൂപ, 5 രൂപ, 10 രൂപ, 20 രൂപ, 50 രൂപ, 100 രൂപ, 200 രൂപ, 500 രൂപ എന്നിവയുടെ നോട്ടുകളാണ് നിലവിൽ പ്രചാരത്തിലുള്ളത്. 50 പൈസയുടെയും 1, 2 രൂപ, 5, 10 രൂപ, 20 രൂപ എന്നിവയുടെയും നാണയങ്ങളും പ്രചാരത്തിലുണ്ട്. അതേസമയം 2, 5 രൂപ എന്നിവയുടെ നോട്ടുകൾ ഇനി അച്ചടിക്കില്ലെന്നും ആർബിഐ അറിയിച്ചിട്ടുണ്ട്. കടലാസ് കറൻസികളേക്കാൾ ഈടുനിൽക്കുന്ന ലോഹ നാണയങ്ങൾ ചെറിയ നോട്ടുകൾക്ക് പകരമായി ആർബിഐ ചില സമയങ്ങളിൽ പരിഗണിച്ചിരുന്നുവെങ്കിലും, രാജ്യത്ത് ലോഹത്തിന്റെ ലഭ്യത കുറവായത് ഒരു പ്രധാന പ്രശ്നമാണ്.
വിവിധ ബാങ്കുകളുടെ ശാഖകളിൽ പോലും 10, 20, 50 രൂപ പോലുള്ള ചെറിയ നോട്ടുകൾ വിതരണം ചെയ്യാന്‍ സാധിക്കാത്തതിനെതിരെ ഓൾ ഇന്ത്യ റിസർവ് ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (AIRBEA) രംഗത്തെത്തിയിരിക്കുകയാണ്.
വാണിജ്യ ബാങ്ക് കൗണ്ടറുകൾ വഴിയും ആർബിഐ കൗണ്ടറുകൾ വഴിയും ആവശ്യത്തിന് ചെറുകിട കറൻസി നോട്ടുകൾ വിതരണം ഉറപ്പാക്കുക, ചെറിയ നാണയങ്ങൾ വിവിധ കേന്ദ്രങ്ങൾ വഴി വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളാണ് യൂണിയന്‍ പ്രധാനമായും മുന്നോട്ടുവെക്കുന്നത്. ഗ്രാമീണ മേഖലകളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, റീജിയണൽ റൂറൽ ബാങ്കുകൾ, സ്വയംസഹായ സംഘങ്ങൾ എന്നിവയുമായി ചേർന്ന് 'നാണയമേളകൾ' (Coin-melas) സംഘടിപ്പിക്കുക തുടങ്ങിയ നടപടികള്‍ ആര്‍.ബി.ഐ സ്വീകരിക്കണമെന്നും യൂണിയന്‍ ആവശ്യപ്പെട്ടു.
ചെറുകിട കറൻസികളുടെയും നാണയങ്ങളുടെയും ദൗർലഭ്യം ദൈനംദിന സാമ്പത്തിക ഇടപാടുകളെ വലിയ തോതില്‍ പ്രതികൂലമായി ബാധിക്കുമ്പോൾ, ഈ പ്രശ്നം എത്രയും പെട്ടെന്ന് പരിഹരിക്കേണ്ടത് ആർബിഐയുടെ ചുമതലയാണെന്നും യൂണിയൻ വ്യക്തമാക്കി.
Small denomination currency shortage in ATMs: Unions urge RBI to act on low availability of small denomination notes.
Read DhanamOnline in English
Subscribe to Dhanam Magazine