Image Courtesy: canva 
News & Views

ക്രെഡിറ്റ് സ്‌കോര്‍ മെച്ചപ്പെടുത്താന്‍ മാര്‍ഗമുണ്ട്, ഇക്കാര്യങ്ങള്‍ പരീക്ഷിക്കൂ

ഒരു വ്യക്തിയുടെ സാമ്പത്തിക ചരിത്രത്തിന്റെ നേര്‍ചിത്രമെന്ന് ക്രെഡിറ്റ് സ്‌കോറിനെ വിശേഷിപ്പിച്ചാലും തെറ്റില്ല

Dhanam News Desk

ഇന്നത്തെ കാലത്ത് വായ്പ ലഭിക്കണമെങ്കില്‍ ക്രെഡിറ്റ് സ്‌കോര്‍ നിര്‍ണായകമാണ്. ചെറുതും വലുതുമായ വായ്പകള്‍ക്കായി നിങ്ങള്‍ ബാങ്കുകളെയോ ധനകാര്യ സ്ഥാപനങ്ങളെയോ സമീപിക്കുമ്പോള്‍ അവര്‍ ഏറ്റവുമദ്യം പരിശോധിക്കുന്നത് നിങ്ങളുടെ സിബില്‍ ക്രെഡിറ്റ് സ്‌കോറാണ്. ക്രെഡിറ്റ് സ്‌കോര്‍ മികച്ചതാക്കി നിലനിര്‍ത്താന്‍ സാധിച്ചില്ലെങ്കില്‍ നിങ്ങളുടെ വായ്പാ സ്വപ്‌നങ്ങള്‍ പൊലിയുമെന്നാണ് അര്‍ത്ഥം.

300 മുതല്‍ 900 വരെയുള്ള മൂന്നക്ക സംഖ്യയിലാണ് ക്രെഡിറ്റ് സ്‌കോര്‍ അളക്കുന്നത്. ഇതില്‍ 700നു മുകളിലുള്ള സ്‌കോറുകള്‍ മികച്ചതായിട്ടാണ് കണക്കാക്കുന്നത്. ഈ സ്‌കോറുകള്‍ ഉള്ളവര്‍ക്ക് ലോണ്‍ നല്‍കാന്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് മടിയുണ്ടാകില്ല. ഒരു വ്യക്തിയുടെ സാമ്പത്തിക ചരിത്രത്തിന്റെ നേര്‍ചിത്രമെന്ന് ക്രെഡിറ്റ് സ്‌കോറിനെ വിശേഷിപ്പിച്ചാലും തെറ്റില്ല. ക്രെഡിറ്റ് സ്‌കോര്‍ എങ്ങനെ മെച്ചപ്പെടുത്താമെന്ന് നോക്കാം.

കൃത്യസമയത്ത് ഇ.എം.ഐ അടയ്ക്കാം

നിങ്ങള്‍ ഇ.എം.ഐയില്‍ ഒരു സാധനം വാങ്ങിയിട്ടുണ്ടെങ്കില്‍ അതിന്റെ തിരിച്ചടവ് മുടങ്ങുന്നില്ലെന്ന് ഉറപ്പു വരുത്തണം. ഒരു ദിവസം എങ്കിലും ഇ.എം.ഐയ്ക്ക് മുടക്കം വന്നാല്‍ അത് ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കും. നിങ്ങളുടെ സിബില്‍ സ്‌കോര്‍ റിപ്പോര്‍ട്ടില്‍ തിരിച്ചടവിലെ ഈ വൈകല്‍ രേഖപ്പെടുത്തുകയും ചെയ്യും. ഇ.എം.ഐ അടവുള്ള സമയങ്ങളില്‍ ബാങ്ക് അക്കൗണ്ടില്‍ ആവശ്യത്തിനുള്ള ബാലന്‍സ് ഉണ്ടെന്ന് ഉറപ്പുവരുത്തണം.

അടുപ്പിച്ച് വായ്പയ്ക്ക് അപേക്ഷിക്കരുത്

ഒരു ബാങ്കിലോ ധനകാര്യ സ്ഥാപനത്തിലോ വായ്പയ്ക്ക് അപേക്ഷിച്ചിട്ട് നിരസിക്കപ്പെട്ടുവെന്ന് കരുതുക. തൊട്ടു പിന്നാലെ അടുത്ത സ്ഥാപനത്തെ സമീപിക്കരുത്. കാരണം, നിങ്ങള്‍ക്ക് ലോണ്‍ നല്‍കാതിരിക്കാനുള്ള കാരണം നിലനില്‍ക്കുകയാണ്. അതുകണ്ടെത്തി തിരുത്തുകയാണ് ആദ്യം ചെയ്യേണ്ടത്. ഇതിനു ശേഷം മാത്രം പുതിയ വായ്പയ്ക്കായി അപേക്ഷിക്കുക.

ക്രെഡിറ്റ് യൂട്ടിലൈസേഷന്‍ റേഷ്യോ

ക്രെഡിറ്റ്, ഇ.എം.ഐ കാര്‍ഡ് ഉപയോഗത്തില്‍ നിയന്ത്രണം കൊണ്ടുവരുന്നത് നല്ലതാണ്. ക്രെഡിറ്റ് യൂട്ടിലൈസേഷന്‍ റേഷ്യോ കുറഞ്ഞു നില്‍ക്കുന്നതാണ് എപ്പോഴും നല്ലത്. ഒരു ലക്ഷം രൂപ ക്രെഡിറ്റ് ലിമിറ്റുള്ള വ്യക്തി 15,000 രൂപ ഉപയോഗിച്ചാല്‍ അയാളുടെ ക്രെഡിറ്റ് യൂട്ടിലൈസേഷന്‍ റേഷ്യോ 15 ശതമാനമാണ്. 30 ശതമാനത്തില്‍ താഴെ ഈ നിരക്ക് നിയന്ത്രിക്കുന്നതാണ് എപ്പോഴും നല്ലത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT