Image: Canva 
News & Views

സോപ്പ് മുതല്‍ സ്‌നാക്‌സ് വരെ വിലകൂടും; കേന്ദ്രസര്‍ക്കാരിന്റെ 'രക്ഷാപാക്കേജ്' ഉപയോക്താക്കള്‍ക്ക് തിരിച്ചടി

ബിസ്‌കറ്റ്‌സ്, വിവിധതരം സ്‌നാക്‌സ് എന്നിവയിലെല്ലാം പാംഓയില്‍ പ്രധാനപ്പെട്ട അസംസ്‌കൃത വസ്തുവാണ്

Dhanam News Desk

ഭക്ഷ്യ എണ്ണകള്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന വിവിധ എഫ്.എം.സി.ജി ഉത്പന്നങ്ങളുടെ വില കൂടാനുള്ള സാധ്യത തെളിയുന്നു. കര്‍ഷകര്‍ക്ക് താങ്ങുവില ലഭ്യമാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസമാണ് കേന്ദ്രസര്‍ക്കാര്‍ ഇത്തരം ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചത്. സോയാബീന്‍, സൂര്യകാന്തി, പാമോയില്‍ എന്നിവയ്ക്ക് മുന്‍പ് തീരുവ ഇല്ലായിരുന്നു. ഇവയ്‌ക്കെല്ലാം 20 ശതമാനമാണ് പുതിയ കസ്റ്റംസ് തീരുവ.

സംസ്‌കരിച്ച എണ്ണയുടെ ഇറക്കുമതി ചുങ്കം 12.5 ശതമാനത്തില്‍ നിന്ന് 32.5 ശതമാനമാക്കി ഉയര്‍ത്തി. കേരളത്തിലെ നാളികേര കര്‍ഷകര്‍ക്കും ഉത്തരേന്ത്യയിലെ സോയാബീന്‍, സൂര്യകാന്തി കര്‍ഷകര്‍ക്കും പുതിയ നീക്കം ഗുണം ചെയ്യും.

തിരിച്ചടി എഫ്.എം.സി.ജി കമ്പനികള്‍ക്ക്

രാജ്യത്ത് വില്‍ക്കുന്ന സോപ്പ് മുതല്‍ ക്രീം വരെയുള്ള പേഴ്‌സണല്‍ കെയര്‍ ഉത്പന്നങ്ങളുടെ ഒഴിച്ചുകൂട്ടാന്‍ പറ്റാത്ത അസംസ്‌കൃത വസ്തുവാണ് വിവിധതരം എണ്ണകള്‍. ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ബ്രിട്ടാനിയ, നെസ്‌ലെ തുടങ്ങിയ കമ്പനികള്‍ വിവിധ ഉത്പന്നങ്ങള്‍ക്ക് 1.6-2.5 ശതമാനം വരെ വില കൂട്ടേണ്ടി വരുമെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്. ലാഭത്തിലെ കുറവ് പരിഹരിക്കാന്‍ ഭക്ഷ്യ എണ്ണ കമ്പനികള്‍ 20 ശതമാനമെങ്കിലും വില കൂട്ടിയേക്കാമെന്നാണ് നിഗമനം.

ബിസ്‌കറ്റ്‌സ്, വിവിധതരം സ്‌നാക്‌സ് എന്നിവയിലെല്ലാം പാംഓയില്‍ പ്രധാനപ്പെട്ട അസംസ്‌കൃത വസ്തുവാണ്. തീരുവ കൂട്ടിയതോടെ ഇത്തരം എണ്ണകള്‍ക്കായി കൂടുതല്‍ തുക ചെലവിടേണ്ട അവസ്ഥയാണ് വന്നിരിക്കുന്നത്. ഇത് ഉത്പന്നങ്ങളുടെ വിലകൂടുന്നതിലേക്ക് നയിക്കും.

ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ പോലുള്ള കമ്പനികള്‍ നിര്‍മാണത്തിന് ആവശ്യമായ എണ്ണ ആഭ്യന്തരമായിട്ടാണ് വാങ്ങുന്നത്. എന്നാല്‍, ഗോദ്‌റെജ് അടക്കം ചില കമ്പനികള്‍ ഇത്തരം എണ്ണ നേരിട്ട് ഇറക്കുമതി ചെയ്യുകയാണ്. തീരുവയിലെ വര്‍ധന നേരിട്ട് ഇറക്കുമതി ചെയ്യുന്നവരെ ബാധിക്കില്ല.

ശുദ്ധീകരിച്ച എണ്ണ ഉപയോഗിക്കുന്ന ബ്രിട്ടാനിയ പോലുള്ള പാക്കേജ്ഡ് ഫുഡ് കമ്പനികള്‍ക്ക് നികുതി വര്‍ധന ഇരുട്ടടിയാണ്. അസംസ്‌കൃത വസ്തുക്കളുടെ 18 ശതമാനത്തിലേറെയും പാംഓയിലായതിനാല്‍ മാര്‍ജിന്‍ നിലനിര്‍ത്താന്‍ 2.5 ശതമാനമെങ്കിലും വിലയില്‍ വര്‍ധന വരുത്താന്‍ ഈ കമ്പനികള്‍ നിര്‍ബന്ധിതരാകും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT