സ്വര്‍ണവില കുത്തനെ ഉയര്‍ന്നതോടെ ഇന്ത്യയിലേക്കുള്ള സ്വര്‍ണ കള്ളക്കടത്തില്‍ വന്‍വര്‍ധന. കഴിഞ്ഞ വര്‍ഷം സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ 16 ശതമാനത്തില്‍ നിന്ന് ആറ് ശതമാനമായി കുറച്ചിരുന്നു. ഇതിനു പിന്നാലെ സ്വര്‍ണക്കടത്ത് കുറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ പവന്‍ വില ഒരു ലക്ഷത്തിന് അടുത്തെത്തിയതോടെ കടത്തും വര്‍ധിച്ചു.
ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ സ്വര്‍ണക്കടത്തുകാരെ പിടികൂടുന്നതിന്റെ അളവ് കഴിഞ്ഞ ഒരു മാസത്തിനിടെ വര്‍ധിച്ചതായി കസ്റ്റംസ് ആന്‍ഡ് ഡയറക്ടേറ്റ് റവന്യു ഇന്റലിജന്‍സ് വ്യക്തമാക്കി. ഈ വര്‍ഷം ഇതുവരെ സ്വര്‍ണവിലയില്‍ 67 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. വില കുതിച്ചുയര്‍ന്നതോടെയാണ് റിസ്‌ക് കൂടുതലായിട്ടും പലരും സ്വര്‍ണക്കടത്തിലേക്ക് എത്തുന്നത്.
ഇറക്കുമതി തീരുവ കുറയ്ക്കുംമുമ്പ് ഒരു കിലോ സ്വര്‍ണം ഇന്ത്യയിലേക്ക് കടത്തുമ്പോള്‍ 10 ലക്ഷം രൂപയോളം ലാഭം കിട്ടിയിരുന്നു. തീരുവ കുറച്ചതോടെ ഇത് ആറുലക്ഷമായി കുറഞ്ഞു. ഇപ്പോള്‍ വില കത്തിക്കയറിയതോടെ ഒരു കിലോയില്‍ 11.5 ലക്ഷം രൂപയ്ക്ക് മുകളിലാണ് ലാഭമെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞ സാമ്പത്തികവര്‍ഷം വിവിധ കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികള്‍ രജിസ്റ്റര്‍ ചെയ്തത് 3,005 കേസുകളാണ്. 4,869 കിലോഗ്രാം സ്വര്‍ണം പിടിച്ചെടുക്കുകയും ചെയ്തു. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നായിരുന്നു നേരത്തെ കൂടുതല്‍ സ്വര്‍ണം ഇന്ത്യയിലേക്ക് എത്തിയിരുന്നത്. ഇപ്പോഴിത് മ്യാന്മാര്‍ അതിര്‍ത്തിയിലൂടെയാണ്. ഇന്ത്യയിലേക്ക് വരുന്ന കള്ളക്കടത്ത് സ്വര്‍ണത്തിന്റെ 20 ശതമാനത്തോളം കേരളത്തിലേക്കാണ്.
സംസ്ഥാനത്ത് സ്വര്‍ണവില അതിവേഗം കുതിക്കുകയാണ്. ഇന്ന് ഒറ്റദിവസം കൊണ്ട് പവനില്‍ ഉയര്‍ന്നത് 2,440 രൂപയാണ്. അടുത്ത കാലത്ത് ആദ്യമായാണ് സ്വര്‍ണവില ഒറ്റദിവസം കൊണ്ട് ഇത്രയും അധികം വര്‍ധിക്കുന്നത്. ഇന്നത്തെ പവന്‍ വില 97,360 രൂപയാണ്.
ഇന്ന് ഗ്രാം വില 12,170 രൂപയാണ്. ഒരു ഗ്രാമില്‍ മാത്രം 305 രൂപയാണ് ഉയര്‍ന്നത്. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 245 രൂപ വര്‍ധിച്ച് 10,005 രൂപയിലെത്തി. വെള്ളിവില 196 രൂപയാണ്.
അന്താരാഷ്ട്ര സ്വര്‍ണവിലയും കുതിക്കുകയാണ്. ഇന്നലെ രാവിലെ വില നിശ്ചയിക്കുമ്പോള്‍ 4,228 ഡോളര്‍ ആയിരുന്നു. അന്താരാഷ്ട്ര വില വര്‍ധിച്ചെങ്കിലും രൂപ കരുത്ത് നേടി 87.88 ലേക്ക് എത്തിയതിനാല്‍ ഇന്നലെ വിലയില്‍ വ്യത്യാസം വന്നില്ല.
Read DhanamOnline in English
Subscribe to Dhanam Magazine