സോഫ്റ്റ്വെയര് മേഖലയില് എ.ഐ സാങ്കേതികതയുടെ ചെലവുകള് വര്ധിച്ചതും സാമ്പത്തിക വെല്ലുവിളികളും ഭാവി ആശങ്കകള് സൃഷ്ടിക്കുന്നു. സോഹോ കോര്പ്പറേഷന് ഈ വര്ഷം ശമ്പള വര്ധനവ് നിര്ത്തിവെച്ചതോടെ, തൊഴില് വെട്ടിക്കുറയ്ക്കലുകള് ഒഴിവാക്കാന് ശ്രമിക്കുന്നുവെന്ന് ശ്രീധര് വെമ്പു വ്യക്തമാക്കുന്നു.
സോഫ്റ്റ്വെയര് രംഗത്തെ മുന്നിര സ്ഥാപനമായ സോഹോ കോര്പ്പറേഷന് ഈ വര്ഷം ജീവനക്കാര്ക്ക് പതിവ് ശമ്പള വര്ധനവ് (Annual Pay Hikes) നല്കില്ല. ഗ്രാമീണ മേഖലകളില് ഉള്പ്പെടെ വലിയ തോതില് തൊഴിലവസരങ്ങള് സൃഷ്ടിച്ച ശ്രീധര് വെമ്പു തന്നെയാണ് കടുത്ത സാമ്പത്തിക വെല്ലുവിളികളെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുന്നത്. വന്തോതിലുള്ള തൊഴില് വെട്ടിക്കുറയ്ക്കലുകള് (Mass Layoffs) ഒഴിവാക്കാന് പരമാവധി ശ്രമിക്കുമെങ്കിലും, മൊത്തത്തിലുള്ള സോഫ്റ്റ്വെയര് തൊഴില് മേഖലയുടെ ഭാവി വളരെ ഇരുളടഞ്ഞതാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കുന്നു. കഴിഞ്ഞ 18 മാസമായി സോഹോ ജീവനക്കാരുടെ എണ്ണത്തില് വര്ധന വരുത്തിയിട്ടില്ല.
ആര്ട്ടിഫിഷ്യല് ഇന്റലിജന്സിന്റെ (AI) കടന്നുവരവും അനുബന്ധ ചിലവുകളും സാങ്കേതിക ലോകത്തെ മാറ്റിമറിക്കുകയാണ്. എ.ഐ ഡാറ്റാ സെന്ററുകളുടെ നിര്മ്മാണം വര്ധിച്ചതോടെ കഴിഞ്ഞ ഒരു വര്ഷത്തിനിടയില് സെര്വര്, മെമ്മറി, ഹാര്ഡ്വെയര് വില നാലോ അഞ്ചോ ഇരട്ടിയായി വര്ധിച്ചു.
എന്ജിനീയര്മാര് ഉപയോഗിക്കുന്ന എ.ഐ ടോക്കണുകള്ക്കായുള്ള ചിലവ് വന്തോതില് ഉയര്ന്നിട്ടുണ്ട്. ഉത്പാദനക്ഷമത വര്ധിക്കുന്നുണ്ടെങ്കിലും അതിനായി വലിയ വില നല്കേണ്ടിവരുന്നുണ്ടെന്ന് വെമ്പു ചൂണ്ടിക്കാണിക്കുന്നു.
മിഡില് ഈസ്റ്റ് അടക്കമുള്ള പ്രധാന വിപണികളിലെ തുടര്ച്ചയായ യുദ്ധങ്ങളും രാഷ്ട്രീയ അനിശ്ചിതത്വങ്ങളും കമ്പനികളുടെ പ്രവര്ത്തനങ്ങളെ ബാധിക്കുന്നുണ്ട്.
2001-ലെ ഡോട്കോം തകര്ച്ചയ്ക്കും 2008-ലെ ആഗോള സാമ്പത്തിക മാന്ദ്യത്തിനും സമാനമായി അമേരിക്കന് ഓഹരി വിപണി വലിയൊരു കുമിളയ്ക്ക് (Bubble) സമാനമാണ്. ഭാവിയിലെ സാമ്പത്തിക വളര്ച്ചയുടെ യഥാര്ത്ഥ സൂചകമായി ഇതിനെ കാണാനാകില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഇന്നത്തെ നിലയില് എന്ഡ്-ടു-എന്ഡ് ഉല്പ്പന്ന നിര്മ്മാണത്തില് എ.ഐ മൂലമുണ്ടാകുന്ന ഉത്പാദനക്ഷമത വര്ധന പരമാവധി 25% മുതല് 50% വരെ മാത്രമാണ്. പ്രൊട്ടോടൈപ്പിംഗ് വേഗത്തിലാകുന്നുണ്ടെങ്കിലും അന്തിമ ഉല്പ്പന്നം യാഥാര്ത്ഥ്യമാക്കാന് മനുഷ്യന്റെ അധ്വാനനം ഇപ്പോഴും വലിയ തോതില് ആവശ്യമുണ്ട്.
എങ്കിലും, സോഫ്റ്റ്വെയര് രംഗത്ത് 10 മടങ്ങ് അല്ലെങ്കില് 100 മടങ്ങ് ഉത്പാദനക്ഷമത കുതിച്ചുചാട്ടം വരുംകാലങ്ങളില് ഉണ്ടായേക്കാം. ഗണിതശാസ്ത്ര ലോകത്തെ ഓട്ടോ-ഫോര്മലൈസേഷന് (Auto-formalization), പ്രോഗ്രാമിംഗ് ഭാഷയായ 'ലീന്' (Lean) വഴിയുള്ള കോഡ് പരിശോധന എന്നിവ ഇതിന് വഴിതുറക്കുമെന്നാണ് കരുതുന്നത്. അഡ്വാന്സ്ഡ് റീസണിംഗ് ശേഷിയുള്ള എ.ഐയും ലീന് വെരിഫയറും ഫീഡ്ബാക്ക് ലൂപ്പില് പ്രവര്ത്തിക്കുമ്പോള് സോഫ്റ്റ്വെയര് രംഗത്ത് അത് വലിയൊരു വിപ്ലവത്തിന് കാരണമാകും. കൈത്തറിയില് നിന്ന് പവര്ലൂപ്പിലേക്കുള്ള മാറ്റം പോലെയാകും ഇതെന്നും വെമ്പു പറയുന്നു.
നൂറുശതമാനത്തോളം ജീവനക്കാര് ഇന്ത്യയിലും, അതില് തന്നെ ടയര്-3 നഗരങ്ങളിലും ഗ്രാമീണ മേഖലകളിലും ജോലി ചെയ്യുന്ന സോഹോയെപ്പോലെയുള്ള സ്ഥാപനങ്ങള്ക്ക് പ്രവര്ത്തനച്ചിലവ് മറ്റ് ആഗോള SaaS കമ്പനികളേക്കാള് വളരെ കുറവാണ്. അമേരിക്കയിലും യൂറോപ്പിലും ഭൂരിഭാഗം ജീവനക്കാരുള്ള കമ്പനികളില് വലിയ തോതിലുള്ള പ്രതിസന്ധിയാണ് നിലനില്ക്കുന്നത്.
ഇത്തരം പ്രയാസകരമായ സാഹചര്യങ്ങളെ നേരിടാന് സോഹോ മാര്ക്കറ്റിംഗ് ബജറ്റ് വെട്ടിക്കുറയ്ക്കുകയും ആന്തരികമായ മാറ്റങ്ങള്ക്ക് (Reinvention) തുടക്കമിടുകയും ചെയ്തിട്ടുണ്ട്. അടുത്ത 3 മുതല് 5 വര്ഷത്തിനുള്ളില് ഈ മാറ്റങ്ങള് എവിടെയെത്തിനില്ക്കുമെന്നത് നിര്ണായകമായിരിക്കും. ഈ പ്രതിസന്ധി ഘട്ടത്തില് എല്ലാവരുടെയും പിന്തുണയും പ്രാര്ത്ഥനയും തേടുന്നതായും വെമ്പു വ്യക്തമാക്കുന്നു.
Zoho CEO Sridhar Vembu has warned of a darkening outlook for the software industry due to escalating AI hardware costs and geopolitical risks, confirming that Zoho will forgo annual pay hikes this year.
Read DhanamOnline in English
Subscribe to Dhanam Magazine