1,820 കോടി രൂപ മുതല്‍ മുടക്കില്‍ ഇടുക്കി ജില്ലയിലെ ആയിരം ഏക്കറില്‍ ഇക്കോ ഫ്രണ്ട്‌ലി ഇന്റഗ്രേറ്റഡ് ടൂറിസം ടൗണ്‍ഷിപ്പ് സ്ഥാപിക്കാന്‍ സൂര്യവന്‍ഷി ഡെവലപ്പേഴ്‌സ്. കൊച്ചിയില്‍ നടന്ന ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റില്‍ ഇതുസംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പിട്ടു. സൂര്യവന്‍ഷി സിന്‍ക്ലൈര്‍സ് ടൂറിസം വില്ലേജ് എന്ന പേരിലാണ് ടൗണ്‍ഷിപ്പ് ആരംഭിക്കുന്നത്. ബന്ധപ്പെട്ട അനുമതികള്‍ കൂടി ലഭിച്ചാല്‍ ഒരുമാസത്തിനുള്ളില്‍ ഭൂമിയേറ്റെടുക്കല്‍ സംബന്ധിച്ച നടപടികള്‍ ആരംഭിക്കുമെന്ന് സൂര്യവന്‍ഷി ഡെവലപ്പേഴ്‌സ് അറിയിച്ചു.
വാഗമണ്‍, കുട്ടിക്കാനം മേഖലയിലെ ആയിരം ഏക്കറിലാണ് പരിസ്ഥിതി സൗഹൃദ പദ്ധതി വിഭാവനം ചെയ്യുന്നത്. ലോകോത്തര നിലവാരത്തിലുള്ള ബംഗ്ലാവുകള്‍, ഫോർ-ഫൈവ് സ്റ്റാര്‍ പ്ലാന്റേഷന്‍ റിസോര്‍ട്ടുകള്‍, വൈന്‍ യാര്‍ഡ്, ഓര്‍ഗാനിക് സ്‌പൈസസ്, തേയില പ്ലാന്റേഷന്‍, റേസ് കോഴ്‌സ്, സ്‌പോര്‍ട്‌സ് പാര്‍ക്ക്, ഹെലികോപ്ടര്‍ ടാക്‌സി സര്‍വീസ് തുടങ്ങിയവ പദ്ധതിയുമായി ബന്ധപ്പെട്ട് നിലവില്‍ വരും. ഏഴ് രാജ്യങ്ങളിലെ സംസ്‌കാരങ്ങളെ ഉള്‍ക്കൊള്ളിക്കുന്ന കള്‍ച്ചറല്‍ വില്ലേജും പദ്ധതിയുടെ ഭാഗമാണ്. വിദേശ മാതൃകയില്‍ ബ്രാന്‍ഡഡ് റെസിഡന്‍സുകളും ഇതിലുണ്ടാകും. അഞ്ച് വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. 2,500-3,000 പേര്‍ക്ക് നേരിട്ടും 5,000ല്‍ പരം പേര്‍ക്ക് അല്ലാതെയും തൊഴിലവസരങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷ.
കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തിലെ പ്രോജക്ടുകളില്‍ പണം മുടക്കാന്‍ നിക്ഷേപകര്‍ക്ക് മടിയായിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ കേരളത്തിലെ വ്യവസായ രംഗത്ത് വലിയ സാധ്യതകളാണുള്ളതെന്ന് സൂര്യവന്‍ഷി ഡെവലപ്പേഴ്‌സ് ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ ഷെഹ്‌സാദ് ഷെരീഫ് അഭിപ്രായപ്പെട്ടു. ഭരണ-പ്രതിപക്ഷം ഇക്കാര്യത്തില്‍ ഒരേ നിലപാടെടുത്തത് സംരംഭകരുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. സര്‍ക്കാര്‍ അനുമതികള്‍ വേഗത്തില്‍ ലഭിക്കുമെന്നതും മികച്ച തീരുമാനങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐ.ടി ഇന്‍ഫ്രാസ്ട്രക്ചര്‍, ഹെല്‍ത്ത് കെയര്‍ മേഖലയിലേക്ക് കൂടി കൂടുതല്‍ നിക്ഷേപം നടത്താന്‍ ഒരുങ്ങുകയാണ് സൂര്യവന്‍ഷി ഗ്രൂപ്പ്.
Read DhanamOnline in English
Subscribe to Dhanam Magazine