Image courtesy: x.com/flyspicejet 
News & Views

വരുമാനം കുത്തനെ ഇടിയുന്നു, നഷ്ടം കൂടുന്നു; സ്‌പൈസ്‌ജെറ്റിന് വീണ്ടും അടിതെറ്റുന്നു?

വരുമാനം ഇടിഞ്ഞെങ്കിലും സ്‌പൈസ്‌ജെറ്റ് ഓഹരികള്‍ ഇന്ന് 4.17 ശതമാനം വര്‍ധിച്ചു. ഇന്‍ഡിഗോയുടെ ഓഹരിവിലയിലും ഇന്ന് 0.13 ശതമാനത്തിന്റെ നേരിയ വര്‍ധനയുണ്ട്.

Dhanam News Desk

ചെലവ് കുറഞ്ഞ വിമാന സര്‍വീസിലൂടെ വിസ്മയം തീര്‍ത്ത സ്‌പൈസ്‌ജെറ്റ് വലിയ പ്രതിസന്ധിയിലൂടെയാണ് സമീപകാലത്ത് കടന്നുപോകുന്നത്. സാമ്പത്തിക പ്രതിസന്ധി മൂര്‍ച്ഛിച്ചതോടെ ഇടക്കാലത്ത് ജീവനക്കാരോട് ശമ്പളരഹിത അവധിയില്‍ പോകാനും കമ്പനി നിര്‍ദ്ദേശിച്ചിരുന്നു.

കഴിഞ്ഞ ഡിസംബര്‍, മാര്‍ച്ച് പാദങ്ങളില്‍ ലാഭത്തിലേക്ക് എത്തിയ കമ്പനി വീണ്ടും വലിയ നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്നുവെന്ന സൂചനയാണ് ഇപ്പോള്‍ വരുന്നത്. സെപ്റ്റംബര്‍ പാദഫലമാണ് കമ്പനിയുടെ സാമ്പത്തികചിത്രം വ്യക്തമാക്കുന്നത്. രണ്ടാംപാദത്തില്‍ വരുമാനം ഇടിയുകയും നഷ്ടം വര്‍ധിക്കുകയും ചെയ്തു.

കമ്പനിയുടെ വരുമാനം മുന്‍ വര്‍ഷം സമാനപാദത്തിലെ 915 കോടി രൂപയില്‍ നിന്ന് 13 ശതമാനം താഴ്ന്ന് 792 കോടിയായി. ഈ പാദത്തില്‍ നഷ്ടത്തിലും വര്‍ധനയുണ്ടായി. 2024 സെപ്റ്റംബര്‍ പാദത്തില്‍ 458 കോടി രൂപയായിരുന്നു നഷ്ടമെങ്കില്‍ ഇപ്പോഴത് 621 കോടി രൂപയായി.

വേനല്‍ക്കാലത്ത് യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് പുതിയ 20 എയര്‍ക്രാഫ്റ്റുകള്‍ കൊണ്ടുവരുമെന്ന് സ്‌പൈസ്‌ജെറ്റ് നേരത്തെ വ്യക്തമാക്കിയിരുന്നു. വ്യോമയാനരംഗത്ത് വരും മാസങ്ങളില്‍ തിരക്ക് വര്‍ധിക്കുമെന്ന വിലയിരുത്തലിലാണ് കമ്പനിയുടെ നീക്കം.

ഇതിനിടെ കമ്പനിയുമായി ബന്ധപ്പെട്ട ഇടപാടുകള്‍ കോടതിയിലുമെത്തിയിരുന്നു. 2015ല്‍ മാരനും കെഎഎല്‍ എയര്‍വേയ്‌സും സ്‌പൈസ് ജെറ്റിലെ മുഴുവന്‍ ഓഹരികളും അജയ് സിംഗിന് കൈമാറിയിരുന്നു. ഇതിന്റെ ഭാഗമായുള്ള ഇടപാട് പിന്നീട് കോടതിയിലെത്തി. സ്പൈസ് ജെറ്റ്, ഉടമ അജയ് സിംഗ് എന്നിവരില്‍ നിന്ന് 1,323 കോടി രൂപയുടെ നഷ്ട പരിഹാരം തേടി കലാനിധി മാരനും കെ.എ.എല്‍ എയര്‍വെയ്സും സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

ഇന്‍ഡിഗോയ്ക്കും തിരിച്ചടി

ഏവിയേഷന്‍ രംഗത്തെ മുന്‍നിരക്കാരായ ഇന്‍ഡിഗോയും സെപ്റ്റംബര്‍ പാദത്തില്‍ കനത്ത നഷ്ടം നേരിട്ടു. ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ നഷ്ടം 2,582 കോടി രൂപയാണ്. മുന്‍ വര്‍ഷം സമാനപാദത്തിലെ നഷ്ടം 986.7 കോടി രൂപയാണ്.

സെപ്റ്റംബര്‍ പാദത്തില്‍ വരുമാനം 9.3 ശതമാനം വര്‍ധിച്ചിരുന്നു. ചെലവ് വര്‍ധിച്ചതാണ് നഷ്ടത്തിന്റെ ആഘാതം കൂടാന്‍ കാരണം. മുന്‍ വര്‍ഷത്തെ 16,970 കോടിയില്‍ നിന്ന് 18,555 കോടി രൂപയായിട്ടാണ് വരുമാനം ഉയര്‍ന്നത്. വിമാന ഇന്ധന വില അടക്കം കൂടിയത് ചെലവ് കൂടാന്‍ ഇടയാക്കി.

വരുമാനം ഇടിഞ്ഞെങ്കിലും സ്‌പൈസ്‌ജെറ്റ് ഓഹരികള്‍ ഇന്ന് 4.17 ശതമാനം വര്‍ധിച്ചു. ഇന്‍ഡിഗോയുടെ ഓഹരിവിലയിലും ഇന്ന് 0.13 ശതമാനത്തിന്റെ നേരിയ വര്‍ധനയുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT