Image by Canva 
News & Views

ഓണത്തിന് കുടുംബ ബജറ്റ് താളംതെറ്റില്ല, പച്ചക്കറിക്ക് അമിത വിലയില്ല; അനുകൂല കാലാവസ്ഥ വ്യാപാരികള്‍ക്കും ആശ്വാസം

കഴിഞ്ഞ ഓണത്തിന് 68-72 രൂപയ്ക്ക് വിറ്റിരുന്ന ബീന്‍സിന് ഇപ്പോള്‍ വില 63 രൂപയില്‍ താഴെയാണ്. തക്കാളി (42-45 രൂപ), കാബേജ് (33-35 രൂപ) വിലയും കുറഞ്ഞിട്ടുണ്ട്. മറ്റ് പച്ചക്കറി ഇനങ്ങളുടെയും വില പോക്കറ്റിന് ഒതുങ്ങുന്ന നിലയിലാണ്

Dhanam News Desk

മലയാളികള്‍ ഓണത്തിരക്കിലാണ്. ഓഫീസുകളിലും സ്ഥാപനങ്ങളിലും ഓണാഘോഷം അവസാനഘട്ടത്തിലാണ്. വിവിധ സംഘടനകളുടെ നേതൃത്വത്തിലുള്ള ഓണാഘോഷം വരുംദിവസങ്ങളില്‍ നടക്കും. ഇത്തവണ അനുകൂല കാലാവസ്ഥയും വിപണിയില്‍ വലിയ വിലക്കയറ്റം ഇല്ലാത്തതും ഓണാഘോഷത്തിന്റെ മാറ്റ് കൂട്ടുന്നുണ്ട്.

കുറച്ചു വര്‍ഷങ്ങളായി ഓണക്കാലത്ത് പച്ചക്കറി വില വലിയതോതില്‍ ഉയരാറുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ വിപണിയില്‍ കാര്യമായി വില ഉയര്‍ന്നിട്ടില്ല. മാത്രമല്ല, ചില പച്ചക്കറി ഇനങ്ങള്‍ക്ക് മുന്‍ വര്‍ഷത്തേക്കാള്‍ വില കുറഞ്ഞിട്ടുമുണ്ട്.

അയല്‍സംസ്ഥാന പച്ചക്കറി വരവിനെ ആശ്രയിച്ചിരുന്ന കാലത്തില്‍ നിന്ന് തദ്ദേശീയ ഉത്പന്നങ്ങളിലേക്ക് കാറ്റ് മാറി തുടങ്ങിയതിന്റെ സൂചനകളാണിതെന്നാണ് സര്‍ക്കാര്‍ അവകാശവാദം. കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ പച്ചക്കറി ഉത്പാദനത്തില്‍ ക്രമാനുഗതമായ വര്‍ധനയുണ്ടായിട്ടുണ്ടെന്ന് കണക്കുകള്‍ അടിവരയിടുന്നു.

2017-18 കാലയളവില്‍ 10.21 ലക്ഷം ടണ്ണായിരുന്നു സംസ്ഥാനത്തെ പച്ചക്കറി ഉത്പാദനം. 2023-24 കാലഘട്ടത്തിലിത് 17.21 ടണ്ണായി വര്‍ധിച്ചു. ഈ വര്‍ഷത്തെ ഉത്പാദനം ഇതിലും ഉയരുമെന്നാണ് കൃഷിമന്ത്രി പി. പ്രസാദ് പറയുന്നത്.

ആഭ്യന്തര ഉത്പാദനം വര്‍ധിച്ചതോടെ അയല്‍സംസ്ഥാനത്തു നിന്ന് പച്ചക്കറി എത്തിക്കുന്നവരുടെ വിപണിനിയന്ത്രണത്തിന് അയവു വന്നിട്ടുണ്ട്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് വന്‍തോതില്‍ പച്ചക്കറി വരാതിരുന്നാല്‍ പോലും കാര്യമായ പ്രതിസന്ധി ഉണ്ടാകാത്ത അവസ്ഥയിലേക്ക് കാര്യങ്ങള്‍ മാറിയെന്ന് കച്ചവടക്കാരും പറയുന്നു.

വീട്ടമ്മമാര്‍ക്ക് ആശ്വാസം

കഴിഞ്ഞ ഓണത്തിന് കരയിച്ച സവാള വില ഇത്തവണ താഴ്ന്നു നില്‍ക്കുകയാണ്. 30 രൂപയില്‍ താഴെയാണ് ഒട്ടുമിക്ക സ്ഥലങ്ങളിലും സവാള വില. സവാള ഉത്പാദന സംസ്ഥാനങ്ങളില്‍ ഉത്പാദനം ഉഷാറായതാണ് വില താഴാന്‍ കാരണം. വഴിയോരങ്ങളില്‍ വാഹനങ്ങളില്‍ സവാള വില്ക്കുന്നവരുടെ എണ്ണം വര്‍ധിച്ചതും കടകളില്‍ വില താഴുന്നതിന് വഴിയൊരുക്കി. കഴിഞ്ഞ വര്‍ഷം ഓണത്തിന് ഒരു കിലോ സവാളയ്ക്ക് 54-58 രൂപ നിരക്കിലായിരുന്നു വില്പന.

കഴിഞ്ഞ ഓണത്തിന് 68-72 രൂപയ്ക്ക് വിറ്റിരുന്ന ബീന്‍സിന് ഇപ്പോള്‍ വില 63 രൂപയില്‍ താഴെയാണ്. തക്കാളി (42-45 രൂപ), കാബേജ് (33-35 രൂപ) വിലയും കുറഞ്ഞിട്ടുണ്ട്. മറ്റ് പച്ചക്കറി ഇനങ്ങളുടെയും വില പോക്കറ്റിന് ഒതുങ്ങുന്ന നിലയിലാണ്.

നേന്ത്രക്കായയ്ക്കും വെളിച്ചെണ്ണയ്ക്കും വില താഴ്ന്നു

വിപണിയില്‍ ഏത്തക്കാ ലഭ്യത ഉയര്‍ന്നു നില്ക്കുന്നത് വില കുറയാന്‍ ഇടയാക്കിയിട്ടുണ്ട്. 50 രൂപയില്‍ താഴെയാണ് മിക്കയിടത്തും വില. തമിഴ്‌നാട്ടില്‍ നിന്നാണ് കേരളത്തിന് ആവശ്യമായ നേന്ത്രക്കായയുടെ സിംഹഭാഗവും വരുന്നത്. വലിയ കൃഷിനാശം സംഭവിച്ചിട്ടില്ലാത്തതിനാല്‍ മികച്ച വിളവാണ് ഇത്തവണയുണ്ടായത്.

പൊള്ളാച്ചി, ആര്‍.വി പുതൂര്‍, കൊഴിഞ്ഞാമ്പാറ, വേലന്താവളം എന്നിവിടങ്ങളില്‍ നിന്നാണ് കേരളത്തിന് ആവശ്യമായ നേന്ത്രക്കായ വരുന്നത്. തമിഴ്‌നാട് നേന്ത്രക്കായയ്‌ക്കൊപ്പം സംസ്ഥാനത്തു നിന്നുള്ള കായ കൂടി മാര്‍ക്കറ്റിലേക്ക് എത്തിയതോടെയാണ് വില നിയന്ത്രണം സാധ്യമായത്.

കായ വില കുറവാണെങ്കിലും ശര്‍ക്കര ഉപ്പേരിക്കും കായ വറവിനും പൊള്ളുന്ന വിലയാണ്. കായ വറുത്തതിന് 550-650 രൂപയെങ്കിലും കൊടുക്കണം. ഇത്തവണ കൂടുതലായി വിറ്റുപോകുന്ന പഴം ചിപ്‌സിന് കിലോയ്ക്ക് 500 രൂപയ്ക്ക് അടുത്താണ് വില. എണ്ണവില ഉയര്‍ന്നു നില്ക്കുന്നതാണ് ചിപ്‌സിന്റെ വിലയും താഴാതെയിരിക്കാന്‍ കാരണം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT