image credit : canva and spaceX
News & Views

ലൈസന്‍സില്ലാതെ സ്റ്റാര്‍ലിങ്കുമായി കരാറൊപ്പിട്ടു; സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ താക്കീത്

കേന്ദ്രാനുമതി ലഭിക്കുംവരെ ചര്‍ച്ചകളും പദ്ധതികളും നിര്‍ത്തിവയ്ക്കണം; സുരക്ഷാ പരിശോധനകള്‍ തുടരുന്നു

Dhanam News Desk

എലോണ്‍ മസ്‌കിന്റെ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് കമ്പനിയായ സ്റ്റാര്‍ലിങ്കുമായി (Starlink) കരാറൊപ്പിട്ട സംസ്ഥാനങ്ങള്‍ക്ക് താക്കീതുമായി കേന്ദ്രസര്‍ക്കാര്‍. കേന്ദ്രാനുമതി ലഭിക്കുന്നതുവരെ കമ്പനിയുമായുള്ള ചര്‍ച്ചകളോ പദ്ധതികളോ മുന്നോട്ടു കൊണ്ടുപോകരുതെന്നാണ് നിര്‍ദ്ദേശം. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഗോവ, ഗുജറാത്ത്, മഹാരാഷ്ട്ര, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളാണ് സ്റ്റാര്‍ലിങ്കുമായി ധാരണപത്രത്തില്‍ ഒപ്പിട്ടത്.

സാറ്റലൈറ്റ് അധിഷ്ഠിത ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു കരാറുകള്‍. കേന്ദ്രത്തില്‍ നിന്നുള്ള ലൈസന്‍സ് നടപടികള്‍ പൂര്‍ത്തിയാകുന്നതിനുമുമ്പുള്ള സംസ്ഥാനങ്ങളുടെ നീക്കത്തെയാണ് കേന്ദ്രം ചോദ്യം ചെയ്തത്.

മഹാരാഷ്ട്ര തുടക്കമിട്ടു

വിദൂര ഗ്രാമങ്ങളിലും പൊതുമേഖലാ അടിസ്ഥാന സൗകര്യങ്ങളിലും അതിവേഗ ഇന്റര്‍നെറ്റ് എത്തിക്കുന്നതിനായി 2025 നവംബറിലാണ് മഹാരാഷ്ട്ര സ്റ്റാര്‍ലിങ്കുമായി ലെറ്റര്‍ ഓഫ് ഇന്‍ഡന്റ് (LoI) ഒപ്പിട്ടത്. രാജ്യത്ത് സ്റ്റാര്‍ലിങ്കുമായി ഇത്തരമൊരു ധാരണയിലെത്തുന്ന ആദ്യ സംസ്ഥാനമായിരുന്നു മഹാരാഷ്ട്ര.

ഈ വര്‍ഷം ഫെബ്രുവരിയില്‍ ഗുജറാത്തും ഏപ്രിലില്‍ മേഘാലയയും സ്റ്റാര്‍ലിങ്കുമായി ധാരണയിലെത്തി. വിദൂര മേഖലകളിലും അതിര്‍ത്തി പ്രദേശങ്ങളിലും സാറ്റലൈറ്റ് ഇന്റര്‍നെറ്റ് ലഭ്യമാക്കുകയായിരുന്നു സംസ്ഥാനങ്ങളുടെ ലക്ഷ്യം. ഗോവയും സമാനമായ പദ്ധതികളുമായി മുന്നോട്ടുവന്നിരുന്നു.

എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക അനുമതി ലഭിക്കുന്നതുവരെ സ്റ്റാര്‍ലിങ്കുമായുള്ള ചര്‍ച്ചകളും പദ്ധതി നടപടികളും നിര്‍ത്തിവയ്ക്കാനാണ് ഇപ്പോള്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

സുരക്ഷയില്‍ വിട്ടുവീഴ്ചയില്ല

രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിച്ച ശേഷമേ സ്റ്റാര്‍ലിങ്കിന് ലൈസന്‍സ് അനുവദിക്കൂ എന്നാണ് കേന്ദ്രത്തിന്റെ നിലപാട്. അതിര്‍ത്തി പ്രദേശങ്ങളിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ സാങ്കേതികവിദ്യ തീവ്രവാദ സംഘടനകള്‍ ദുരുപയോഗം ചെയ്യാനുള്ള സാധ്യത ഉള്‍പ്പെടെ പരിശോധിച്ചുവരികയാണ്. സേവനം പൂര്‍ണമായും സുരക്ഷിതമാണെന്നും രാജ്യത്തെ നിയമങ്ങളും നിബന്ധനകളും പാലിക്കുന്നുണ്ടെന്നും ഉറപ്പാക്കിയ ശേഷമായിരിക്കും തുടര്‍നടപടികള്‍.

രാജ്യത്തെ ബഹിരാകാശ നിയന്ത്രണ ഏജന്‍സിയായ ഇന്‍-സ്‌പേസിന് (IN-SPACe) സ്റ്റാര്‍ലിങ്ക് പുതിയ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഗ്രാമങ്ങളിലും ഉള്‍പ്രദേശങ്ങളിലും ഇന്റര്‍നെറ്റ് സേവനം എത്തിക്കാന്‍ കമ്പനി സന്നദ്ധമാണെന്ന് എലോണ്‍ മസ്‌ക് അടുത്തിടെ എക്സ് പ്ലാറ്റ്ഫോമില്‍ വ്യക്തമാക്കിയിരുന്നു. ഔദ്യോഗിക അനുമതിയും സുരക്ഷാ പരിശോധനകളും പൂര്‍ത്തിയാകാത്തത് ഇന്ത്യയിലെ സ്റ്റാര്‍ലിങ്കിന്റെ വാണിജ്യ സേവനങ്ങള്‍ക്ക് ഇപ്പോഴും തടസമാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT