canva, jio airtel, starlink, Facebook / Donald Trump
News & Views

സ്റ്റാര്‍ലിങ്കിന്റെ വരവ് ഇന്ത്യയുടെ സുരക്ഷക്ക് ഭീഷണിയാണോ? യുക്രൈന് സംഭവിച്ചത് എന്താണ്? ജിയോയും എയര്‍ടെല്ലും കണ്ണു വെക്കുന്നത് എവിടെ?

എയര്‍ടെല്ലും ജിയോയും കളംമാറ്റിയതിന് പിന്നില്‍ ട്രംപ്-മോദി ഫാക്ടറാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്

Dhanam News Desk

ശക്തമായ എതിര്‍ത്തിരുന്ന രണ്ട് ടെലികോം കമ്പനികള്‍ ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്കിന് ചുവപ്പ് പരവതാനി വിരിച്ചതിന്റെഅമ്പരപ്പിലാണ് രാജ്യം. ഉപഗ്രഹാധിഷ്ഠിത ഇന്റര്‍നെറ്റ് സേവനങ്ങള്‍ രാജ്യത്ത് അനുവദിക്കാന്‍ പാടില്ലെന്ന നിലപാടിലായിരുന്നു കുറച്ച് കാലം മുമ്പ് വരെ ജിയോയും എയര്‍ടെല്ലും സ്വീകരിച്ചിരുന്നത്. പെട്ടെന്ന് കളംമാറ്റിയതിന് പിന്നില്‍ കേന്ദ്രസര്‍ക്കാരിന്റെ സമ്മര്‍ദ്ദ തന്ത്രമാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. സുരക്ഷാ പ്രശ്‌നങ്ങള്‍ ആരോപിച്ച് കോണ്‍ഗ്രസും സി.പി.എമ്മും അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തുവന്നിരിക്കെ സ്റ്റാര്‍ലിങ്കിന്റെ ഇന്ത്യന്‍ വിപണിയിലേക്കുള്ള വരവ് എത്രത്തോളം എളുപ്പമുള്ളതാകും. എത്ര രൂപക്ക് സ്റ്റാര്‍ലിങ്ക് സേവനങ്ങള്‍ ഇന്ത്യക്കാര്‍ക്ക് ലഭിക്കും. പരിശോധിക്കാം.

എന്തുകൊണ്ട് സ്റ്റാര്‍ലിങ്ക് ഇന്ത്യയില്‍

94.5 കോടി ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് വരിക്കാരും 118.9 കോടി ടെലിഫോണ്‍ വരിക്കാരുമുള്ള ഇന്ത്യന്‍ വിപണിയുടെ വലിപ്പം തന്നെയാണ് സ്റ്റാര്‍ലിങ്കിനെ രാജ്യത്തേക്ക് ആകര്‍ഷിക്കുന്നത്. ഇന്ത്യന്‍ ടെലികോം വിപണിയുടെ 81 ശതമാനവും എയര്‍ടെല്ലിന്റെയും ജിയോയുടെയും കയ്യിലാണെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിലവിലുള്ള ടെലികോം കമ്പനികളേക്കാള്‍ കുറഞ്ഞ നിരക്കില്‍ ഇന്റര്‍നെറ്റ് സേവനം നല്‍കിയ സ്റ്റാര്‍ലിങ്കിന്റെ ബിസിനസ് തന്ത്രം ഇന്ത്യയിലും പുറത്തെടുക്കുമോ എന്നുള്ളതായിരുന്നു രണ്ട് കമ്പനികളുടെയും ആശങ്ക. ഇന്റര്‍നെറ്റ് സ്‌പെക്ട്രം അനുവദിക്കുന്നതിലും ഇന്ത്യന്‍ ടെലികോം കമ്പനികള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. പരമ്പരാഗത ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ക്കെന്ന പേലെ ലേലത്തിലൂടെ മാത്രമേ സാറ്റലൈറ്റ് കമ്പനികള്‍ക്കും ഇന്റര്‍നെറ്റ് സ്‌പെക്ട്രം അനുവദിക്കാവൂ എന്നായിരുന്നു ഇവര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നത്.

നേട്ടം ആർക്ക്?

സ്റ്റാര്‍ലിങ്ക്-എയര്‍ടെല്‍-ജിയോ സഹകരണത്തില്‍ മൂന്ന് കമ്പനികള്‍ക്കും ലാഭമുണ്ടാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇന്ത്യന്‍ വിപണിയിലെ ഒന്നും രണ്ടും സ്ഥാനക്കാരായ ജിയോക്കും എയര്‍ടെല്ലിനും സ്റ്റാര്‍ലിങ്കിന്റെ ഉപഗ്രഹ സൗകര്യങ്ങള്‍ ഉപയോഗിച്ച് കൂടുതല്‍ വേഗത്തിലുള്ള ഇന്റര്‍നെറ്റ് സേവനം നല്‍കാന്‍ കഴിയും. നിലവില്‍ 399 രൂപ മുതലുള്ള പ്ലാനുകളില്‍ ഫിക്‌സഡ് വയര്‍ലെസ് കണക്ഷനുകള്‍ ജിയോയും എയര്‍ടെല്ലും നല്‍കുന്നുണ്ട്. സ്റ്റാര്‍ലിങ്കിന്റെ സാറ്റലൈറ്റ് ബ്രോഡ്ബാന്‍ഡ് സേവനവും സമാന വിലയില്‍ ഉപയോക്താക്കള്‍ക്ക് നല്‍കാന്‍ കഴിയുമോ എന്നാണ് കമ്പനികള്‍ പരിശോധിക്കുന്നത്. നിലവില്‍ രണ്ട് കമ്പനികള്‍ക്കും ഇന്ത്യയില്‍ വലിയ മൊബൈല്‍ ടവര്‍ ശൃംഖലയുണ്ട്. ഇതിന് പുറമെ സ്റ്റാര്‍ലിങ്കിന്റെ ഉപഗ്രഹ സേവനം കൂടി ഉപയോഗിച്ചാല്‍ വിദൂര സ്ഥലങ്ങളില്‍ പോലും ഇന്റര്‍നെറ്റ് സേവനം എത്തിക്കാമെന്നാണ് ഇരുകമ്പനികളും കരുതുന്നത്.

കളം മാറ്റത്തിന് പിന്നില്‍ മോദി-ട്രംപ് ഫാക്ടര്‍?

എയര്‍ടെല്ലും ജിയോയും എന്തുകൊണ്ടാണ് സ്റ്റാര്‍ലിങ്കുമായി സഹകരിച്ചതെന്ന കാര്യത്തില്‍ വിശദീകരണം നല്‍കിയിട്ടില്ലെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെബ്രുവരിയില്‍ നടത്തിയ യു.എസ് സന്ദര്‍ശനം കരാറില്‍ നിര്‍ണായകമായെന്നാണ് ആക്ഷേപം. വൈറ്റ് ഹൗസില്‍ ഇലോണ്‍ മസ്‌കിനെ കണ്ട ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസ്താവനയില്‍ സ്‌പേസ്, മൊബിലിറ്റി, ടെക്‌നോളജി, ഇന്നോവേഷന്‍ തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ച നടന്നുവെന്നായിരുന്നു പറഞ്ഞിരുന്നത്. മോദിയുമായി ചര്‍ച്ച നടത്തുമ്പോള്‍ തന്നെ അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ഇന്ത്യ ഉയര്‍ന്ന നികുതി ഈടാക്കുന്നതിനെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഇക്കാര്യങ്ങള്‍ കോര്‍ത്തിണക്കിയാണ് പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസിന്റെ വിമര്‍ശനം. ട്രംപിനെ പ്രീതിപ്പെടുത്താനാണ് മോദിയുടെ ശ്രമമെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു. ട്രംപിനെ പ്രീതിപ്പെടുത്താനാണ് മസ്‌കിനെ സഹായിക്കുന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.

സുരക്ഷാ പ്രശ്‌നങ്ങള്‍!

ഭൂമിയുടെ ലോ എര്‍ത്ത് ഓര്‍ബിറ്റില്‍ ഭ്രമണം ചെയ്യുന്ന സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങള്‍ രാജ്യസുരക്ഷക്ക് ഭീഷണിയാണെന്ന ആരോപണവും പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തുന്നുണ്ട്. സാറ്റലൈറ്റ് സ്‌പെക്ട്രം അനുവദിക്കുന്നത് പ്രതിരോധ, ബഹിരാകാശ ഗവേഷണങ്ങള്‍ക്ക് മാത്രമായി നിജപ്പെടുത്തണമെന്ന് സി.പി.എം ആവശ്യപ്പെട്ടു. സുപ്രധാന ഓര്‍ബിറ്റല്‍ സ്ലോട്ടുകളില്‍ സ്വകാര്യ ഉപഗ്രഹങ്ങള്‍ അനുവദിക്കുന്നത് രാജ്യത്തിന്റെ പ്രകൃതിവിഭവങ്ങള്‍, കാര്‍ഷിക സമ്പത്ത്, കാലാവസ്ഥ തുടങ്ങിയ നിര്‍ണായക വിവരങ്ങള്‍ ശത്രുരാജ്യങ്ങള്‍ക്ക് ലഭിക്കാന്‍ ഇടയാക്കും. ഇത് രാജ്യസുരക്ഷയെ ബാധിക്കാന്‍ ഇടയുണ്ട്. നിര്‍ണായക വിവരങ്ങള്‍ റഷ്യക്ക് ചോര്‍ത്തുമെന്ന് യുക്രെയിനെ അമേരിക്ക ഭീഷണിപ്പെടുത്തിയത് നമ്മുടെ മുന്നിലുണ്ടെന്നും സി.പി.എം ഓര്‍മ്മപ്പെടുത്തുന്നു.

സ്റ്റാര്‍ലിങ്ക് ഓഫാക്കിയാല്‍ യുക്രെയിന്‍ തവിടുപൊടി

റഷ്യയുമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാനും യു.എസ് മിനറല്‍ കരാറില്‍ ഒപ്പുവെക്കാനും യുക്രെയിനെ സമ്മര്‍ദ്ദത്തിലാക്കാനാണ് യു.എസ് അധികൃതര്‍ സ്റ്റാര്‍ലിങ്കെന്ന ആയുധം പ്രയോഗിച്ചത്. 2022 മുതലാണ് യുക്രെയിനിലെ സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് സേവനങ്ങള്‍ തുടങ്ങുന്നത്. റഷ്യന്‍ ആക്രമണത്തില്‍ വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ മുഴുവന്‍ തകര്‍ന്ന യുക്രെയിന് ഇത് വലിയ ആശ്വാസം നല്‍കിയിരുന്നു. എന്നാല്‍ വൈറ്റ് ഹൗസില്‍ ട്രംപും യുക്രെയിന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ സെലന്‍സ്‌കിയുമായി നടന്ന വാഗ്വാദത്തിന് പിന്നാലെയാണ് ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്ക് കളംമാറ്റിയത്. യുദ്ധത്തില്‍ നിര്‍ണായക സ്ഥാനം വഹിച്ച സ്റ്റാര്‍ലിങ്ക് സേവനങ്ങള്‍ പിന്‍വലിച്ചാല്‍ ഒറ്റദിവസം കൊണ്ട് യുക്രെയിന്‍ സൈന്യം നിലംപരിശാകുമെന്നായിരുന്നു യു.എസ് ഭീഷണി. സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങള്‍ ശേഖരിച്ച യുക്രെയിന്‍ സൈന്യത്തിന്റെ നിര്‍ണായക വിവരങ്ങള്‍ റഷ്യക്ക് കൈമാറുമെന്നും യു.എസ് കേന്ദ്രങ്ങള്‍ ഭീഷണിമുഴക്കി.പിന്നീട് യു.എസ് നിബന്ധനകള്‍ അംഗീകരിച്ച് വെടിനിറുത്തല്‍ കരാര്‍ യുക്രെയിന്‍ അംഗീകരിച്ചതോടെ സ്റ്റാര്‍ലിങ്ക് സേവനങ്ങള്‍ ഒരിക്കലും നിറുത്തിവെക്കില്ലെന്ന നിലപാടിലേക്ക് മസ്‌ക് മാറി.

എത്രരൂപക്ക് കിട്ടും?

രാഷ്ട്രീയ വിവാദങ്ങള്‍ക്കപ്പുറം സ്റ്റാര്‍ലിങ്ക് സേവനങ്ങള്‍ എത്ര രൂപക്ക് ലഭിക്കുമെന്ന കാര്യത്തിലും വലിയ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതിന് ഡിഷ് ആന്റിനയും റൗട്ടറും ആവശ്യമായി വരും. ഇതിന് 300 ഡോളറെങ്കിലും (ഏകദേശം 26,000 രൂപ) വില വരുമെന്നാണ് കണക്ക്. കൂടാതെ പ്രതിമാസ ഇന്റര്‍നെറ്റ് വാടകയും നല്‍കണം. ഇന്ത്യയുടെ അയല്‍രാജ്യമായ ഭൂട്ടാനില്‍ സ്റ്റാര്‍ലിങ്ക് സേവനങ്ങള്‍ക്ക് പ്രതിമാസം 3,000 മുതല്‍ 4,200 രൂപ വരെയാണ് വരി നല്‍കേണ്ടത്. യു.എസ്.എയില്‍ 80-120 ഡോളറും, ഓസ്‌ട്രേലിയയില്‍ 88 ഡോളറും, കാനഡയില്‍ 97 ഡോളറും, 31 ഡോളറും, സാംബിയയില്‍ 28 ഡോളറും, ജപ്പാന്‍, കെനിയ, ബ്രസീല്‍ എന്നിവിടങ്ങളില്‍ 31 ഡോളര്‍ വീതവുമാണ് ശരാശരി പ്രതിമാസ വാടക നല്‍കേണ്ടത്.

ഇന്ത്യയില്‍ കുറഞ്ഞ നിരക്കില്‍ ലഭിച്ചേക്കുമെന്നും വാദം

അതേസമയം, മറ്റ് രാജ്യങ്ങളില്‍ നിന്നും വ്യത്യസ്തമായി, എയര്‍ടെല്‍, ജിയോ എന്നിവരുമായി ചേര്‍ന്ന്, കുറഞ്ഞ നിരക്കിലായിരിക്കും സ്റ്റാര്‍ലിങ്ക് സേവനങ്ങള്‍ ഇന്ത്യയില്‍ ലഭ്യമാക്കുകയെന്ന് വാദിക്കുന്നവരുമുണ്ട്. ഇതിന് ഉദാഹരണമായി അവര്‍ ചൂണ്ടിക്കാട്ടുന്നത് കെനിയയില്‍ ആദ്യഘട്ടത്തില്‍ സ്റ്റാര്‍ലിങ്ക് സേവനങ്ങള്‍ 10 ഡോളര്‍ (ഏകദേശം 850 രൂപ) പ്രതിമാസ നിരക്കില്‍ നല്‍കിയതാണ്. എന്നാല്‍ സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭിക്കാനായി സ്ഥാപിക്കുന്ന ഉപകരണങ്ങളുടെ വില താങ്ങാനാകുമോയെന്ന കാര്യത്തില്‍ എല്ലാവര്‍ക്കും തര്‍ക്കമുണ്ട്. നിലവില്‍ ഇന്ത്യന്‍ ടെലികോം കമ്പനികള്‍ നല്‍കി വരുന്ന ഇന്റര്‍നെറ്റ് സേവനങ്ങള്‍ പതിവ് പോലെ തുടരുമെന്നും സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് പ്രീമിയം സേവനമായി നല്‍കാനാണ് സാധ്യതയെന്നുമാണ് വിദഗ്ധര്‍ പറയുന്നത്.

നിബന്ധനകള്‍ കടുപ്പിക്കാന്‍ കേന്ദ്രം

അതേസമയം, വിമര്‍ശനങ്ങള്‍ കടുത്തതോടെ സ്റ്റാര്‍ലിങ്കിന് മുന്നില്‍ കടുത്ത നിബന്ധനകള്‍ വെക്കാന്‍ കേന്ദ്രം ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏതെങ്കിലും മേഖലകളില്‍ സുരക്ഷാപ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് ആവശ്യമെങ്കില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിറുത്തിവെക്കാനായി ഇന്ത്യയില്‍ കണ്‍ട്രോള്‍ സെന്റര്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ സ്റ്റാര്‍ലിങ്കിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. സുരക്ഷാ ഏജന്‍സികള്‍ക്ക് ആവശ്യമായ കോള്‍ നിരീക്ഷണ സംവിധാനവും ഒരുക്കണം. ഇന്ത്യയിലെ ഉപയോക്താക്കളുടെ വിവരങ്ങള്‍ ഇന്ത്യയിലെ സെര്‍വറില്‍ തന്നെ സൂക്ഷിക്കണം എന്നതടക്കമുള്ള നിബന്ധനകളും സര്‍ക്കാര്‍ സ്റ്റാര്‍ലിങ്കിന് മുന്നില്‍ വെച്ചിട്ടുണ്ട്. സര്‍ക്കാര്‍ അനുമതി ലഭിച്ചാലും ഏകദേശം ആറുമാസമെങ്കിലും എടുത്താലേ സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് ഇന്ത്യയില്‍ ലഭ്യമാകൂ എന്നാണ് പ്രതീക്ഷിക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT