image credit : PIB 
News & Views

സാമ്പത്തിക ഭദ്രതയില്‍ കേരളം പിന്നില്‍ നിന്നും നാലാമത്! ഒമ്പത് വര്‍ഷമായി സാമ്പത്തിക വെല്ലുവിളി നേരിടുന്നതായും നീതി ആയോഗ്

ഒഡിഷയാണ് സാമ്പത്തിക ഭദ്രത സൂചികയില്‍ മുന്നിലെത്തിയത്

Dhanam News Desk

സാമ്പത്തിക ഭദ്രതയില്‍ കേരളം അടക്കമുള്ള നാല് സംസ്ഥാനങ്ങളുടെ പ്രകടനം മോശമെന്ന് നീതി ആയോഗ്. സംസ്ഥാനങ്ങളുടെ സാമ്പത്തിക ആരോഗ്യം വിലയിരുത്താന്‍ ഇതാദ്യമായി നീതി ആയോഗ് പുറത്തിറക്കിയ സാമ്പത്തിക ഭദ്രതാ സൂചിക ( Fiscal Health Index -FHI)യില്‍ 18 പ്രധാന സംസ്ഥാനങ്ങളുടെ കൂട്ടത്തില്‍ കേരളത്തിന് 15ാം സ്ഥാനം. പശ്ചിമ ബംഗാള്‍, ആന്ധ്രാപ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങള്‍ മാത്രമാണ് കേരളത്തിന് പിന്നിലുള്ളത്. ഒഡിഷയാണ് സാമ്പത്തിക ഭദ്രതയില്‍ മുന്നില്‍. ചത്തീസ്ഗഡ്, ഗോവ, ജാര്‍ഖണ്ഡ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളും ആദ്യ സ്ഥാനങ്ങളിലുണ്ട്. 2022-23 സാമ്പത്തിക വര്‍ഷത്തിലെ കണക്കുകളാണ് സൂചിക തയ്യാറാക്കാന്‍ ഉപയോഗിച്ചത്.

കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സി.എ.ജി) പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയാണ് നീതി ആയോഗ് പ്രഥമ സാമ്പത്തിക ഭദ്രതാ സൂചിക തയ്യാറാക്കിയത്. ജി.ഡി.പിയുടെ 85 ശതമാനവും സംഭാവന ചെയ്യുന്ന 18 സംസ്ഥാനങ്ങളെ ഇതില്‍ ഉള്‍പ്പെടുത്തി. വിനിയോഗത്തിലെ കാര്യക്ഷമത, വരുമാന സ്വരൂപണം, സാമ്പത്തിക അച്ചടക്കം, കടം താങ്ങാനുള്ള പരിധി, ഡെറ്റ് ഇന്‍ഡക്‌സ് തുടങ്ങിയ അഞ്ച് ഘടകങ്ങളാണ് ഇതിനായി പരിഗണിച്ചത്. ഒന്നാമതെത്തിയ ഒഡിഷക്ക് 67.8 പോയിന്റാണ് ലഭിച്ചത്. തൊട്ടുപിന്നിലുള്ള ചത്തീസ്ഡിന് 55.2 പോയിന്റ് ലഭിച്ചെങ്കില്‍ കേരളത്തിന് കിട്ടിയത് 25.4 പോയിന്റ്. ഏറ്റവും പിന്നിലുള്ള പഞ്ചാബിന് കിട്ടിയത് 10.7 പോയിന്റ് മാത്രം.

ആസ്പിറേഷണല്‍ സംസ്ഥാനങ്ങള്‍

സൂചികയില്‍ പിന്നിലെത്തിയ കേരളം അടക്കമുള്ള നാല് സംസ്ഥാനങ്ങളെ ആസ്പിറേഷണല്‍ എന്ന ഗണത്തിലാണ് നീതി ആയോഗ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. നാലെണ്ണവും സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്നവയാണ്. കേരളം, പഞ്ചാബ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ കഴിഞ്ഞ 9 വര്‍ഷമായി സാമ്പത്തിക വെല്ലുവിളി നേരിടുന്നതായി റിപ്പോര്‍ട്ട് പറയുന്നു. ഉയര്‍ന്ന കടം, ഉയര്‍ന്ന പലിശ തിരിച്ചടവ്, വരുമാന വളര്‍ച്ച കുറഞ്ഞ് നില്‍ക്കുന്നത്, കൃത്യതയില്ലാത്ത ധനവിനിയോഗം തുടങ്ങിയ കാര്യങ്ങളാണ് ഈ സംസ്ഥാനങ്ങള്‍ക്ക് തിരിച്ചടിയാകുന്നത്. കേരളവും പഞ്ചാബും ധനവിഭവങ്ങള്‍ വിനിയോഗിക്കുന്നതിലും കടം താങ്ങാനുള്ള പരിധിയിലും പിന്നോട്ടാണ്.ധനകമ്മി ഉയര്‍ന്ന് നില്‍ക്കുന്നതാണ് ആന്ധപ്രദേശിന് വിനയായതെന്നും റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.

കേരളത്തിന്റെ പ്രകടനം ഇങ്ങനെ

സാമ്പത്തിക ഭദ്രത സൂചിക നിശ്ചയിക്കാന്‍ ഉപയോഗിച്ച ഭൂരിഭാഗം ഘടകങ്ങളിലും കേരളത്തിന് ലഭിച്ചത് ഏറ്റവും കുറഞ്ഞ സ്‌കോറാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

ധനവിനിയോഗത്തിലെ കാര്യക്ഷമതയില്‍ 4.2 പോയിന്റ് നേടിയ കേരളം ഏറ്റവും പിന്നിലെത്തി. 59.7 പോയിന്റ് നേടിയ മധ്യപ്രദേശാണ് ഈ ഗണത്തില്‍ മുന്നിലെത്തിയത്. വരുമാന സമാഹരണത്തില്‍ 54.2 പോയിന്റ് നേടി. സാമ്പത്തിക അച്ചടക്കത്തിലും (34 പോയിന്റ്), ഡെറ്റ് ഇന്‍ഡക്‌സിലും (23.1 പോയിന്റ്), കടം താങ്ങാനുള്ള പരിധി (11.3 പോയിന്റ്)യിലും സംസ്ഥാനത്തിന്റെ പ്രകടനം മോശമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT