മധ്യസ്ഥ ശ്രമങ്ങള്‍ തുടരുകയാണ്. എങ്കിലും പശ്ചിമേഷ്യന്‍ യുദ്ധത്തില്‍ വെടിനിര്‍ത്തല്‍ സാധ്യത തെളിഞ്ഞിട്ടില്ല. ക്രൂഡ് ഓയില്‍ വില പല കാരണങ്ങളാല്‍ 92 ഡോളറിനു മുകളില്‍ കയറി. ഇത് ഇന്ത്യയെ ആശങ്കയിലാക്കുന്നു. സ്വര്‍ണവില കുതിച്ച് 4124 ഡോളര്‍ വരെ എത്തി.
ചൈന ഒഴികെ ഏഷ്യന്‍ വിപണികള്‍ ഇന്നു നല്ല നേട്ടത്തിലാണ്. യുഎസ് ഫ്യൂച്ചേഴ്‌സ് താഴ്ന്നു നീങ്ങുന്നു.
ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തില്‍ ഗിഫ്റ്റ് നിഫ്റ്റി ചൊവ്വാഴ്ച രാത്രി 24,109.00ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 24,130 വരെ കയറിയിട്ടു താഴ്ന്നു. വിപണി ഗണ്യമായ നഷ്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്
ഇറാന്‍ യുറേനിയം സമ്പുഷ്ടീകരണ യന്ത്രങ്ങള്‍ (സൈക്ലോട്രോണ്‍) സൂക്ഷിച്ചിരിക്കുന്നതായി കരുതുന്ന പിക്കാക്‌സ് മലയില്‍ ബോംബിടുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തി. മലയിലെ പാറ തുരന്നുണ്ടാക്കിയ ഗുഹയിലാണ് അവ എന്നു കരുതപ്പെടുന്നു.
ഇതിനിടെ ചെങ്കടലില്‍ സൗദി ഓയില്‍ ടാങ്കറുകള്‍ ഹൂതി ആക്രമണഭീഷണിയെ തുടര്‍ന്നു മടങ്ങിപ്പോയി. ഹൂതികളെ ആക്രമിക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്നു ട്രംപ് പ്രസ്താവിച്ചു. സൗദി അറേബ്യയുടെ ചില നിലപാടുകളിലെ അതൃപ്തിയാണു കാരണം.
യുക്രെയ്‌നിന്റെ നിരന്തര ആക്രമണം മൂലം കരിങ്കടല്‍ വഴിയുള്ള എണ്ണകയറ്റുമതി റഷ്യയും കസാഖ്സ്ഥാനും നിര്‍ത്തിവച്ചു. ഇതാണ് ക്രൂഡ് ഓയില്‍ വിലയെ 92 ഡോളറിനു മുകളിലാക്കിയത്.
തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ മഴയിലെ കമ്മി ജൂലൈ 21 ന് 21.3 ശതമാനം ആയി കുറഞ്ഞെന്നു കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തില്‍ കമ്മി 35 ശതമാനത്തിലേക്കു കയറി. ഉത്തര്‍പ്രദേശ്, ബിഹാര്‍, പഞ്ചാബ്, ജാര്‍ഖണ്ഡ്, ഗുജറാത്ത്, കര്‍ണാടക, തെലങ്കാന, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളില്‍ 20 ശതമാനത്തിലധികമാണു മഴക്കുറവ്. രാജ്യത്തെ ഭൂവിസ്തൃതിയില്‍ 61 ശതമാനത്തിലും മഴയുടെ കമ്മി 20 ശതമാനത്തില്‍ കൂടുതലാണ്.
യുഎസ്-ഇറാന്‍ ചര്‍ച്ചയ്ക്ക് അണിയറ നീക്കങ്ങള്‍ നടക്കുന്നത് മൂന്നു ദിവസത്തെ ഇടിവിനു ശേഷം ഇന്നലെ യുഎസ് വിപണിയെ ഉയര്‍ത്തി. നിക്ഷേപകര്‍ ചിപ്പ്, എഐ കമ്പനികളിലേക്കു തിരിച്ചു വന്നു. പരമ്പരാഗത വ്യവസായങ്ങളും നല്ല റിസല്‍ട്ടിനെ തുടര്‍ന്ന് ആകര്‍ഷകമായി.
കുറേ ദിവസങ്ങള്‍ക്കു ശേഷം ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സ് ഓഹരി ഉയര്‍ന്നു 123 ഡോളറില്‍ എത്തി. ഈയാഴ്ച റിസല്‍ട്ട് വരാനിരിക്കെ മസ്‌കിന്റെ ടെസ്ലയും ഇന്നലെ 2.53 ശതമാനം ഉയര്‍ന്നു.
എന്‍വിഡിയ ഓഹരി കയറി അഞ്ചു ലക്ഷം കോടി ഡോളര്‍ വിപണമൂല്യം തിരിച്ചുപിടിച്ചു.
ചൊവ്വാഴ്ച ഡൗ ജോണ്‍സ് സൂചിക 385.38 പോയിന്റ് (0.74 ശതമാനം) ഉയര്‍ന്ന് 52,224.64ല്‍ ക്ലോസ് ചെയ്തു. എസ്ആന്‍ഡ്പി 65.92 പോയിന്റ് (0.89%) നേട്ടത്തോടെ 7509.20ല്‍ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് 329.13 പോയിന്റ് (1.29%) കുതിച്ച് 25,837.21ല്‍ ക്ലോസ് ചെയ്തു.
യുഎസ് ഫ്യൂച്ചേഴ്‌സ് ഇന്നു താഴ്ചയിലാണ്. ഡൗ ജോണ്‍സ് 45 പോയിന്റും (0.09%) എസ് ആന്‍ഡ് പി 9 പോയിന്റും (0.11%) നാസ്ഡാക് 64 പോയിന്റും (0.24%) താഴ്ന്നു നീങ്ങുന്നു.
ന്യൂയോര്‍ക്കിലെ എഡിആര്‍ (അമേരിക്കന്‍ ഡെപ്പോസിറ്ററി റെസീറ്റ്) വിപണിയില്‍ ചൊവ്വാഴ്ച എച്ച്ഡിഎഫ്‌സി ബാങ്ക് വിപണിസമയത്ത് 0.55 ശതമാനം ഉയര്‍ന്നിട്ടു തുടര്‍വ്യാപാരത്തില്‍ 6.34 ശതമാനം കയറി 23.81 ഡോളറില്‍ ക്ലോസ് ചെയ്തു. ഐസിഐസിഐ ബാങ്ക് നിശ്ചിത സമയത്ത് 0.97% കയറിയിട്ടു തുടര്‍ വ്യാപാരത്തില്‍ 0.17% താഴ്ന്നു 30.00 ഡോളറില്‍ അവസാനിച്ചു. ഇന്‍ഫോസിസ് നിശ്ചിത സമയത്ത് 1.33% താഴ്ന്ന ശേഷം തുടര്‍വ്യാപാരത്തില്‍ 0.27% ഉയര്‍ന്ന് 11.19 ഡോളറില്‍ ക്ലോസ് ചെയ്തു. വിപ്രോ വിപണിസമയത്ത് 1.62% താഴ്ന്ന ശേഷം തുടര്‍വ്യാപാരത്തില്‍ 0.55 ശതമാനം കയറി 1.83 ഡോളറില്‍ അവസാനിച്ചു.
യൂറോപ്യന്‍ വിപണികള്‍ ഇന്നലെ മികച്ച നേട്ടമുണ്ടാക്കി. യുകെയില്‍ മുന്‍ പ്രതിരോധമന്ത്രി ജോണ്‍ ഹീലിയെ ധനമന്ത്രി ആക്കിയ പ്രധാനമന്ത്രി ആന്‍ഡി ബേണാമിന്റെ നടപടിക്കു വിപണി കൈയൊപ്പു ചാര്‍ത്തി.
ചൈന ഒഴികെ ഏഷ്യന്‍ വിപണികള്‍ ഇന്നു മുന്നേറ്റത്തിലാണ്. ദക്ഷിണ കൊറിയന്‍ സൂചിക കോസ്പി ആറു ശതമാനം ഉയര്‍ന്നു. ജാപ്പനീസ് നിക്കൈ സൂചിക 1.6 ശതമാനം കയറി. ജപ്പാന്റെ ജൂണ്‍ മാസത്തെ കയറ്റുമതി 19.3 ശതമാനം കുതിച്ചു. നാലു വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വളര്‍ച്ചയാണിത്. യെന്നിന്റെ വിലയിടിവാണു കയറ്റുമതി വളര്‍ച്ചയെ സഹായിച്ചത്. ഓസ്‌ട്രേലിയന്‍ സൂചിക 0.50 ശതമാനം ഉയര്‍ന്നു. ഹോങ് കോങ് ഒരു ശതമാനവും, ഷാങ്ഹായ് അര ശതമാനവും താഴ്ന്നു.
വിദേശനാണ്യ സമാഹരണ പദ്ധതിയെ പറ്റിയുള്ള ആശങ്ക കുറഞ്ഞെങ്കിലും വമ്പന്‍ കമ്പനികളുടെ ഓഹരികള്‍ ഇടിഞ്ഞതു വിപണിയെ വീണ്ടും നഷ്ടത്തിലാക്കി. എന്നാല്‍ മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് ഓഹരികള്‍ നില മെച്ചപ്പെടുത്തി. റിലയന്‍സ്, എസ്ബിഐ, എച്ച്ഡിഎഫ്‌സി ബാങ്ക്, ടിസിഎസ്, ഇന്‍ഫോസിസ് തുടങ്ങിയവ ഇന്നലെ താഴ്ന്നു. ബജാജ് ഓട്ടോയും ടിവിഎസ് മോട്ടോറും നല്ല റിസല്‍ട്ട് പുറത്തുവിട്ടത് ഓട്ടോ കമ്പനികളെ ഉയര്‍ത്തി. മാരുതി സുസുകി കാറുകള്‍ക്കു വില കൂട്ടി. എസ്യുവി വിപണിയില്‍ മികച്ച മോഡലുകള്‍ ഇല്ലാത്ത മാരുതിയുടെ വിപണിപങ്ക് കുറഞ്ഞുവരികയാണ്.
വിദേശനിക്ഷേപകര്‍ ഇന്നലെ അറ്റ വാങ്ങലുകാരായി മാറി. അവര്‍ കാഷ് വിപണിയില്‍ 1650.16 കോടി രൂപയുടെ അറ്റ വാങ്ങല്‍ നടത്തി. സ്വദേശിഫണ്ടുകള്‍ 656.88 കോടി രൂപയുടെ അറ്റ വില്‍പനക്കാരായി.
ചൊവ്വാഴ്ച സെന്‍സെക്സ് 238.41 പോയിന്റ് (0.31%) താഴ്ന്ന് 77,470.11ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 50.80 പോയിന്റ് (0.21%) നഷ്ടത്തോടെ 24,187.70ല്‍ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 109.65 പോയിന്റ് (0.19%) കുറഞ്ഞ് 57,835.35ല്‍ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 185.85 പോയിന്റ് (0.30%) നേട്ടത്തോടെ 62,987.60ല്‍ അവസാനിച്ചു. സ്‌മോള്‍ ക്യാപ് 100 സൂചിക 101.60 പോയിന്റ് (0.53%) കയറി 19,428.05ല്‍ ക്ലോസ് ചെയ്തു.
മുഖ്യ സൂചികകള്‍ താഴ്‌ന്നെങ്കിലും വിശാലവിപണിയില്‍ കൂടുതല്‍ ഓഹരികള്‍ ഉയര്‍ന്നു. ബിഎസ്ഇയില്‍ 2084 ഓഹരികള്‍ കയറി, 2155 ഓഹരികള്‍ താഴ്ന്നു. എന്‍എസ്ഇയില്‍ 1790 എണ്ണം ഉയര്‍ന്നപ്പോള്‍ 1491 എണ്ണം താഴ്ന്നു.
സ്വര്‍ണവില ഉയര്‍ന്നതിനെ തുടര്‍ന്ന് കല്യാണ്‍ ജ്വല്ലേഴ്‌സ് ഇന്നലെ 1.49 ശതമാനം കയറി.
ഫെഡറല്‍ ബാങ്ക് ഓഹരി 356.75 രൂപ എന്ന റെക്കോര്‍ഡിലേക്കു കയറിയിട്ട് 1.64 ശതമാനം നേട്ടത്തോടെ 356.50 രൂപയില്‍ ക്ലോസ് ചെയ്തു. സിഎസ്ബി ബാങ്ക് 2.76 ശതമാനം ഉയര്‍ന്നപ്പോള്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് 2.86 ശതമാനം നേട്ടത്തിലായി. ധനലക്ഷ്മി ബാങ്ക് 1.78 ശതമാനം ഉയര്‍ന്നു.
സ്വര്‍ണവിലയിലെ കുതിപ്പ് മണപ്പുറം ഫിനാന്‍സിനെ 4.55 ശതമാനവും മുത്തൂറ്റ് ഫിനാന്‍സിനെ 3.27 ശതമാനവും കയറ്റി.
ബന്ധന്‍ ബാങ്ക് ആസ്തി നിലവാരം മെച്ചപ്പെട്ടു. ജൂണ്‍ പാദത്തില്‍ പ്രവര്‍ത്തന ലാഭം 18.59 ശതമാനം കുറഞ്ഞെങ്കിലും അറ്റാദായം 34.87 ശതമാനം കുതിച്ചു.
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഫിനാന്‍സിന്റെ വരുമാനം 12 ശതമാനം കൂടിയപ്പോള്‍ അറ്റാദായം 70 ശതമാനം കുതിച്ചു.
ബജാജ് ഓട്ടോ ഒന്നാം പാദത്തില്‍ 14.38 ലക്ഷം വാഹനങ്ങള്‍ വിറ്റു. വര്‍ധന 29 ശതമാനം. വരുമാനം 65 ശതമാനം കൂടി. അറ്റാദായ വര്‍ധന 46 ശതമാനമായി. കമ്പനി ഉല്‍പാദന ശേഷി 71.1 ലക്ഷത്തില്‍ നിന്ന് 90 ലക്ഷത്തിലേക്കു വര്‍ധിപ്പിക്കും. ഇലക്ട്രിക് വാഹന ശേഷിയാണ് അധികം വര്‍ധിപ്പിക്കുക. കമ്പനി 10 പുതിയ മോഡലുക കൂടി ഇറക്കും. ഹോളണ്ടിലെ കെടിഎമ്മിനെ ബജാജ് ഏറ്റെടുത്തു.
ടിവിഎസ് മോട്ടോര്‍ ടൂവീലര്‍ നിര്‍മാണശേഷി 68 ലക്ഷത്തില്‍ നിന്ന് 83 ലക്ഷമായി വര്‍ധിപ്പിക്കും. ത്രീ വീലര്‍ ശേഷി 2.5 ല്‍ നിന്ന് 4.2 ലക്ഷമാക്കും. 3500 കോടി രൂപയാണ് മൂലധന നിക്ഷേപം ഉദ്ദേശിക്കുന്നത്. ഇലക്ട്രിക് വാഹനശേഷിയാണു പ്രധാനമായും കൂട്ടുക. ഒന്നാം പാദ അറ്റാദായം 65 ശതമാനം വര്‍ധിച്ചു.
പശ്ചിമേഷ്യന്‍ യുദ്ധത്തിനു പരിഹാരം അകലെയല്ല എന്ന പ്രതീക്ഷ സ്വര്‍ണത്തെ വീണ്ടും ഉയര്‍ത്തി. ഇന്നലെ 91.01 ഡോളര്‍ (1.75 ശതമാനം) ഉയര്‍ന്ന സ്വര്‍ണം ഔണ്‍സിനു 4078.70 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 4124 ഡോളര്‍ വരെ എത്തിയ സ്വര്‍ണം ഇനിയും കയറുമെന്നാണു സൂചന.
കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം പവന് ചൊവ്വാഴ്ച 560 രൂപ കൂടി 1,05,760 രൂപ ആയി.
വെള്ളിവില ഔണ്‍സിന് 58.91 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 59.90 ഡോളര്‍ ആയി.
പ്ലാറ്റിനം 1634 ഡോളര്‍, പല്ലാഡിയം 1269 ഡോളര്‍, റോഡിയം 7825 ഡോളര്‍ എന്നിങ്ങനെ നില്‍ക്കുന്നു.
അലൂമിനിയം ഉള്‍പ്പെടെ വ്യാവസായിക ലോഹങ്ങള്‍ വീണ്ടും നേട്ടം ഉണ്ടാക്കി. ചെമ്പ് 1.67 ശതമാനം ഉയര്‍ന്നു ടണ്ണിനു 13,855.90 ഡോളര്‍ ആയി. പ്രമുഖ ചെമ്പ് ഉല്‍പാദക രാജ്യമായ ചിലയില്‍ കൊടുങ്കാറ്റും മഴയും പല ഖനികളുടെയും പ്രവര്‍ത്തനം മുടക്കി. ചൈനയില്‍ നികുതിവെട്ടിപ്പ് പിടിച്ചതിനെ തുടര്‍ന്നു സ്‌ക്രാപ്പ് വ്യാപാരം മുടങ്ങി. ലണ്ടന്‍, ഷാങ്ഹായ് മെറ്റല്‍ എക്‌സ്‌ചേഞ്ചുകളില്‍ സ്റ്റോക്ക് റെക്കോര്‍ഡ് താഴ്ചയിലാണ്. 2027 പകുതി വരെ ദൗര്‍ലഭ്യം തുടരും എന്നാണു കിംവദന്തി. അലൂമിനിയം 0.78 ശതമാനം നേട്ടത്തോടെ 3159.90ല്‍ ക്ലോസ് ചെയ്തു. സിങ്കും ടിന്നും നിക്കലും ലെഡും കയറി.
രാജ്യാന്തര റബര്‍ വില ഇടിവ് തുടരുകയാണ്. കേരളത്തില്‍ ഉയര്‍ന്ന വില തുടര്‍ന്നു. ബാങ്കോക്കില്‍ ആര്‍എസ്എസ് ഒന്ന് ക്വിന്റലിന് 291.40 ഡോളറിലും ആര്‍എസ്എസ് മൂന്ന് 288.00 ഡോളറിലും എത്തി. കേരളത്തില്‍ ആര്‍എസ്എസ് നാല് ഇനം ക്വിന്റലിന് 28,200 രൂപയില്‍ തുടര്‍ന്നു. തെക്കുകിഴക്കന്‍ ഏഷ്യയില്‍ മഴ മാറി ഉല്‍പാദനം പൂര്‍ണ തോതില്‍ ആയതു ലഭ്യത വര്‍ധിപ്പിച്ചു. ചൈനീസ് ഡിമാന്‍ഡ് കുറയുകയും ചെയ്തു.
കൊക്കോ വില ചൊവ്വാഴ്ച 1.58 ശതമാനം കയറി ടണ്ണിന് 5607 ഡോളറില്‍ എത്തി. എല്‍ നിനോ പ്രതിഭാസം പടിഞ്ഞാറന്‍ ആഫ്രിക്കയിലെ ഉല്‍പാദനം കുറയ്ക്കും എന്ന വിലയിരുത്തല്‍ തുടരുന്നു.
അറബിക്ക കാപ്പിവില 0.54 ശതമാനം താഴ്ന്ന പൗണ്ടിന് 3.228 ഡോളര്‍ ആയി. ബ്രസീലില്‍ കാപ്പി ഉല്‍പാദനം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. കാപ്പി സ്റ്റോക്ക് 2024 മാര്‍ച്ചിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണ്.
യുഎസ് ഡോളര്‍ സൂചിക ചൊവ്വാഴ്ച ഉയര്‍ന്നു 101.17 ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 101.20 വരെ കയറിയിട്ട് അല്‍പം താഴ്ന്നു. യൂറോ 1.1405 ഡോളറിലേക്കും പൗണ്ട് 1.3387 ഡോളറിലേക്കും താഴ്ന്നു. ജാപ്പനീസ് യെന്‍ ഒരു ഡോളറിന് 163.14 യെന്‍ എന്ന നിലയിലേക്ക് ഇടിഞ്ഞു. ചൈനീസ് യുവാന്‍ ഡോളറിന് 6.77 യുവാനില്‍ തുടര്‍ന്നു.
അമേരിക്കയില്‍ 10 വര്‍ഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം ഇന്നു രാവിലെ 4.63 ശതമാനത്തിലേക്കു കയറി.
ചൊവ്വാഴ്ച ഇന്ത്യന്‍ രൂപ നേട്ടം കുറിച്ചു. ഡോളര്‍ 21 പൈസ കുറഞ്ഞ് 96.45 രൂപയില്‍ അവസാനിച്ചു. വിദേശനാണ്യ സമാഹരണം വിജയിക്കുന്നു എന്ന റിപ്പോര്‍ട്ടാണ് രൂപയെ കയറ്റിയത്.
വിദേശത്തെ നോണ്‍ ഡെലിവെറേബിള്‍ ഫോര്‍വേഡ് (എന്‍ഡിഎഫ്) വിപണിയില്‍ ഡോളര്‍ ഇന്നു രാവിലെ 96.34 രൂപയില്‍ ആണ്. ചൈനീസ് യുവാന്‍ 14.22 രൂപയിലും യൂറോ 109.77 രൂപയിലും നില്‍ക്കുന്നു.
ക്രൂഡ് ഓയില്‍ വില ഉയരുകയാണ്. ഹോര്‍മുസിനു പിന്നാലെ ചെങ്കടലിലും യുക്രെയ്‌നോടു ചേര്‍ന്നുള്ള കരിങ്കടലിലും എണ്ണ നീക്കത്തിനു തടസം വന്നതാണു കാരണം. റഷ്യക്കു കരിങ്കടല്‍ വഴി കയറ്റുമതി നടക്കുന്നില്ല. ഇപ്പോള്‍ കസാഖ്സ്ഥാനും അതുവഴി എണ്ണവ്യാപാരം നിര്‍ത്തിവച്ചു. ചെങ്കടലില്‍ ഹൂതി ഭീഷണി സൗദിയുടെ കയറ്റുമതിയെ ബാധിച്ചു.
ബ്രെന്റ് ഇനം ക്രൂഡ് ഓയില്‍ ഇന്നലെ രണ്ടു ശതമാനം കയറി വീപ്പയ്ക്ക് 91.01 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ രണ്ടു ശതമാനം ഉയര്‍ന്ന് 92.51 ലേക്കു കയറി. ഡബ്‌ള്യുടിഐ ഇനം 84.65 ഡോളറില്‍ എത്തി.
Read DhanamOnline in English
Subscribe to Dhanam Magazine