News & Views

സിഗ്‌നലുകള്‍ ഓഫ് ചെയ്ത് നിഗൂഢ യാത്ര; പോകുന്നത് 59 കപ്പലുകള്‍, റഡാറില്‍ കാണുന്നത് വെറും 14! ഹോര്‍മുസില്‍ സംഭവിക്കുന്നത് എന്ത്?

സിഗ്നലുകൾ ഓഫാക്കി കപ്പലുകൾ! ഹോർമുസ് കടലിടുക്കിൽ അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യം?

Dhanam News Desk

പശ്ചിമേഷ്യ വീണ്ടും സംഘര്‍ഷ ഭൂമിയായതോടെ നിര്‍ണായകമായ ഹോര്‍മൂസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം പ്രതിസന്ധിയിലായി. ഫെബ്രുവരി 28ന് യുദ്ധം ആരംഭിച്ച സമയത്തെ അവസ്ഥയിലേക്ക് കടലിടുക്ക് വളരെ വേഗത്തില്‍ മാറുന്നതായാണ് ഷിപ്പ് ട്രാക്കിംഗ് ഏജന്‍സികളുടെ റിപ്പോര്‍ട്ട്.

ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതയായ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം വ്യാഴാഴ്ചയോടെ പൂര്‍ണമായും സ്തംഭനാവസ്ഥയിലായി. ഇറാനെതിരെ അമേരിക്ക തുടര്‍ച്ചയായ രണ്ടാം ദിവസവും ആക്രമണം നടത്തിയതാണ് നിലവിലെ സംഘര്‍ഷം രൂക്ഷമാക്കിയത്.

ജൂണ്‍ 24ന് 59 കപ്പലുകള്‍ ഈ റൂട്ടിലൂടെ കടന്നുപോയിരുന്നു. ഇന്നലെ (ജൂലൈ 8) വെറും 14 കപ്പലുകള്‍ക്ക് മാത്രമാണ് ഹോര്‍മൂസ് കടലിടുക്ക് കടക്കാന്‍ സാധിച്ചത്. ഈ സംഖ്യ വീണ്ടും കുറഞ്ഞേക്കുമെന്നാണ് സൂചന.

ഷിപ്പ് ട്രാക്കിംഗ് ഡാറ്റ പ്രകാരം, കടലിടുക്കിന്റെ വടക്കുഭാഗത്തുള്ള ഇറാന്റെ അംഗീകാരമുള്ള പാതയിലൂടെ മാത്രമാണ് നിലവില്‍ ചെറിയ തോതിലെങ്കിലും കപ്പല്‍ നീക്കങ്ങള്‍ ദൃശ്യമാകുന്നത്. എന്നാല്‍ ഒമാന്റെ പരിധിയിലുള്ളതും അമേരിക്കന്‍ പിന്തുണയുള്ള തെക്കന്‍ പാത പൂര്‍ണമായും നിശ്ചലമാണ്. നിലവില്‍ ഇറാന്റെ പതാകയേന്തിയ ഒരു കണ്ടെയ്‌നര്‍ കപ്പല്‍ മാത്രമാണ് ഈ പാതയില്‍ സര്‍വീസ് നടത്തുന്ന വലിയ കപ്പലുകളായി കാണാനാകുന്നതെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സിഗ്നലുകളില്ലാത കപ്പലുകള്‍?

സുരക്ഷാ കാരണങ്ങളാല്‍ ചില കപ്പലുകള്‍ തങ്ങളുടെ ട്രാന്‍സ്‌പോണ്ടറുകള്‍ (സിഗ്‌നല്‍ സംവിധാനങ്ങള്‍) ഓഫ് ചെയ്ത് സഞ്ചരിക്കുന്നതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ശത്രുക്കളുടെ ശ്രദ്ധയില്‍ നിന്ന് രക്ഷപ്പെട്ട് പോകാനാണിത്. യുദ്ധസമാനമായ സാഹചര്യങ്ങളില്‍ കപ്പലുകള്‍ തങ്ങളുടെ ലൊക്കേഷന്‍ വിവരങ്ങള്‍ പുറത്തുപോകാതിരിക്കാന്‍ സിഗ്നല്‍ സംവിധാനം മനഃപൂര്‍വ്വം ഓഫ് ചെയ്യാറുണ്ട്.

മിസൈല്‍/ഡ്രോണ്‍ ആക്രമണങ്ങളില്‍ നിന്ന് രക്ഷപ്പെടാനും ശത്രുക്കളുടെ നിരീക്ഷണത്തില്‍ നിന്ന് മാറി സഞ്ചാരിക്കാനുമാണിത്. സിഗ്നല്‍ ഓഫ് ചെയ്യുന്നതുവഴി ഇറാന്റെയോ മറ്റ് സായുധ ഗ്രൂപ്പുകളുടെയോ ഡ്രോണുകള്‍ക്കും മിസൈലുകള്‍ക്കും കപ്പലുകളുടെ കൃത്യമായ സ്ഥാനം ലഭ്യമാകാതിരിക്കാന്‍ ഇത് സഹായിക്കും.

യുഎസ് ഉപരോധമുള്ള കപ്പലുകളും ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്ന മറ്റ് കപ്പലുകളും തങ്ങളുടെ യാത്രാവഴി അന്താരാഷ്ട്ര ഏജന്‍സികളില്‍ നിന്ന് ഒളിപ്പിക്കാനും ഈ മാര്‍ഗം ഉപയോഗിക്കാറുണ്ട്.

ഹോര്‍മൂസിന്റെ പ്രാധാന്യം

ലോകത്ത് പ്രതിദിനം ഉപയോഗിക്കുന്ന എണ്ണയുടെ ഏകദേശം 20%-ത്തിലധികം (അഞ്ചിലൊന്ന്) കടന്നുപോകുന്നത് ഹോര്‍മുസ് കടലിടുക്കിലൂടെയാണ്. സൗദി അറേബ്യ, യുഎഇ, കുവൈറ്റ്, ഇറാഖ്, ഇറാന്‍ എന്നീ രാജ്യങ്ങളുടെ പ്രധാന എണ്ണക്കയറ്റുമതി പാതയാണിത്.

ലോകത്തിലെ ഏറ്റവും വലിയ ദ്രവീകൃത പ്രകൃതിവാതക കയറ്റുമതിക്കാരായ ഖത്തറിന്റെ പ്രധാന പാതയും ഇതുതന്നെയാണ്. നിലവില്‍ എല്‍എന്‍ജി ടാങ്കറുകളുടെ യാത്ര സ്തംഭിച്ചത് വരുംദിവസങ്ങളില്‍ യൂറോപ്പിലും ഏഷ്യയിലും ഊര്‍ജ പ്രതിസന്ധിക്ക് കാരണമായേക്കും.

ഹോര്‍മൂസിലെ സമീപകാല കണക്കുകള്‍:

  • കരാറിന് ശേഷമുള്ള ശരാശരി പ്രതിദിന ഗതാഗതം: 34 കപ്പലുകള്‍

  • ഉയര്‍ന്ന നിരക്ക് (ജൂണ്‍ 24): 59 കപ്പലുകള്‍

  • യുദ്ധകാലത്തെ ശരാശരി നിരക്ക്: 20-ല്‍ താഴെ

  • ഇപ്പോഴത്തെ അവസ്ഥ (ബുധനാഴ്ച): 14 കപ്പലുകള്‍ മാത്രം

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT