image credit : canva 
News & Views

17 തികയും മുമ്പ് കേരളം വിടുന്നവര്‍ കൂടി, അഞ്ച് വര്‍ഷത്തിനിടെ ഇരട്ടിയായി വിദ്യാര്‍ത്ഥി കുടിയേറ്റം

വിദ്യാര്‍ത്ഥി കുടിയേറ്റം: തട്ടിപ്പും വഞ്ചനയും തടയണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശം

Dhanam News Desk

കേരളം വിടുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം അഞ്ച് വര്‍ഷം കൊണ്ട് ഇരട്ടിയായെന്ന് സംസ്ഥാന സര്‍ക്കാര്‍ നടത്തിയ സര്‍വേ. സംസ്ഥാനത്ത് 2018ല്‍ 1,29,763 വിദ്യാര്‍ത്ഥി കുടിയേറ്റക്കാരാണ് ഉണ്ടായിരുന്നതെങ്കില്‍ 2023ല്‍ അത് 2,50,000 ആയി വര്‍ധിച്ചു. കേരളത്തില്‍നിന്നുള്ള പ്രവാസത്തിന്റെ സ്വഭാവത്തില്‍ വരുന്ന മാറ്റം ചൂണ്ടിക്കാണിക്കുന്നതാണ് ഈ കണക്കെന്നു പറയുന്ന സര്‍വേ 17 വയസിനു മുന്‍പുതന്നെ നാടു വിടുന്നവരുടെ എണ്ണം കൂടുന്നതായും ചൂണ്ടിക്കാട്ടുന്നു. വിദേശത്ത് പഠിക്കാന്‍ യുവതലമുറ കൂടുതല്‍ താത്പര്യം കാണിക്കുന്നു. കേരളത്തില്‍നിന്നുള്ള മൊത്തം പ്രവാസികളില്‍ 11.3 ശതമാനം പേര്‍ വിദ്യാര്‍ത്ഥികളാണ്. ഇതില്‍ 30 ശതമാനവും യു.കെയിലാണ് പഠിക്കുന്നതെന്നും സര്‍വേയില്‍ പറയുന്നു.

നാട്ടിലേക്ക് മടങ്ങിയെത്തിക്കാനുള്ള നയം വേണം

വിദ്യാര്‍ത്ഥി കുടിയേറ്റം വര്‍ധിച്ചതോടെ ഉണ്ടാകാനിടയുള്ള തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നും സര്‍വേയില്‍ പറയുന്നു. മികച്ച വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണം. ഭാഷാ പരിശീലന കേന്ദ്രങ്ങളുടേയും വിദേശ റിക്രൂട്ട്‌മെന്റ് ഏജന്‍സികളുടേയും പ്രവര്‍ത്തനങ്ങളില്‍ നിരീക്ഷണവും നിയന്ത്രണവും ഉറപ്പാക്കണം. ഈ മേഖലയിലെ തട്ടിപ്പും വഞ്ചനയും ഇല്ലാതാക്കേണ്ടതും അത്യാവശ്യമാണ്. വിദേശത്തുനിന്ന് മികച്ച നൈപുണ്യം നേടിയ ശേഷം നാട്ടിലേക്കു മടങ്ങാന്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്ന നയം വികസിപ്പിക്കണമെന്നും റിപ്പോര്‍ട്ട് പറയുന്നു. ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്ക് സ്ഥാപിച്ച മാതൃക പിന്തുടര്‍ന്ന് ഒരു എമിഗ്രേഷന്‍ ഡെവലപ്‌മെന്റ് ബാങ്കിനെക്കുറിച്ച് ചിന്തിക്കണം. പ്രവാസികള്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നത് കേരളത്തിന്റെ വികസനത്തില്‍ അവരുടെ പങ്കു വര്‍ധിപ്പിക്കുന്നതാകുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

എന്തുകൊണ്ട് കുടിയേറ്റമെന്ന് അന്വേഷണമില്ല

കുടിയേറ്റത്തിലെ പുതിയ പ്രവണതകള്‍ കേരളത്തിന്റെ ജനസംഖ്യാ ഘടനയിലും സമ്പദ് വ്യവസ്ഥയിലും കാര്യമായ സ്വാധീനം ചെലുത്തുന്നതായും ഇക്കാര്യത്തില്‍ നയപരമായ ഇടപെടലുകള്‍ ആവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തില്‍ ഡോ. ഇരുദയ രാജന്റെ നേതൃത്വത്തില്‍ നടത്തിയ മൈഗ്രേഷന്‍ സര്‍വേ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം ലോക കേരള സഭയുടെ ഉദ്ഘാടന വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥി കുടിയേറ്റം വര്‍ധിച്ചതായി സമ്മതിക്കുന്നുണ്ടെങ്കിലും ഇത്രയും പേര്‍ എന്തുകൊണ്ട് വിദേശത്തേക്ക് പോകുന്നു എന്നന്വേഷിക്കാന്‍ സര്‍വേ ശ്രമിച്ചില്ലെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

ഏറ്റവും കൂടുതല്‍ പേര്‍ ഇവിടെ

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പ്രവാസികളുള്ളത് വടക്കന്‍ ജില്ലകളിലാണ്. മലപ്പുറം തിരൂര്‍ താലൂക്കാണ് പ്രവാസികളുടെ എണ്ണത്തില്‍ മുന്നില്‍. ഒരു ലക്ഷം പ്രവാസികളാണ് ഇവിടെനിന്നുള്ളത്. ഇടുക്കി ദേവികുളം താലൂക്കാണ് പ്രവാസികളുടെ എണ്ണത്തില്‍ ഏറ്റവും പിന്നില്‍. ഏറ്റവും കൂടുതല്‍ മലയാളി കുടിയേറ്റക്കാരുള്ളത് ഗള്‍ഫ് രാജ്യങ്ങളില്‍തന്നെയാണ്. എന്നാല്‍ ഇതിലും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2018ല്‍ 89.2 ശതമാനും പേരും ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോകാന്‍ താത്പര്യമെടുത്തപ്പോള്‍, 2023ല്‍ അത് 80.5 ശതമാനമായി കുറഞ്ഞു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT