X.com/ NASA's Johnson Space Center
News & Views

ബൈഡന്‍ 'ബഹിരാകാശത്ത് ഉപേക്ഷിച്ച' സുനിതക്ക് ഭൂമിയില്‍ തിരിച്ചിറക്കം, പരസ്പരം തോളത്തു തട്ടി ട്രംപ്, മസ്‌ക്; ബോയിംഗിന്റെ കഥയോ?

ഇന്ന് പുലര്‍ച്ചെയാണ് സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനെയും വഹിച്ചുകൊണ്ടുള്ള പേടകം ഭൂമിയിലെത്തിയത്

Dhanam News Desk

സുനിത വില്യംസിനെയും സഹയാത്രികരെയും വഹിച്ചുകൊണ്ടുള്ള സ്‌പേക്‌സ് എക്‌സ് വാഹനം ഭൂമിയിലെത്തിയതിന് പിന്നാലെ വിവാദങ്ങള്‍ക്കും പഞ്ഞമില്ല. ഒമ്പത് മാസമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐ.എസ്.എസ്) കുടുങ്ങിയ സുനിതയെയും സഹയാത്രികന്‍ ബുച്ച് വില്‍മോറിനെയും തിരികെ എത്തിക്കുമെന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാഗ്ദാനം നിറവേറ്റിയെന്ന് വൈറ്റ് ഹൗസ് പ്രതികരിച്ചു. ഇന്ന് ഗള്‍ഫ് ഓഫ് അമേരിക്കയില്‍ ഇരുവരും സുരക്ഷിതമായി ഇറങ്ങി. ഇലോണ്‍ മസ്‌ക്, സ്‌പേസ് എക്‌സ്, നാസ എന്നിവര്‍ക്ക് നന്ദി പറയുന്നതായും വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. സ്‌പേസ് എക്‌സ് വാഹനം കടലില്‍ സുരക്ഷിതമായി ഇറങ്ങുന്ന വീഡിയോയും വൈറ്റ് ഹൗസ് പങ്കുവെച്ചിരുന്നു.

ട്രംപ് പറഞ്ഞു, ഞാന്‍ നടപ്പിലാക്കി: മസ്‌ക്

ബഹിരാകാശ യാത്രികര്‍ സുരക്ഷിതമായി തിരിച്ചെത്തിയതിന് പിന്നാലെ സ്‌പേസ് എക്‌സ് തലവന്‍ ഇലോണ്‍ മസ്‌ക് നടത്തിയ പ്രതികരണവും ശ്രദ്ധേയമായി. സ്‌പേസ് എക്‌സ്, നാസ സംഘങ്ങളെ അഭിനന്ദിച്ച മസ്‌ക് ഡൊണാള്‍ഡ് ട്രംപിന് നന്ദി പറയാനും മറന്നില്ല. സുനിതയെയും ബുച്ചിനെയും മുന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ബഹിരാകാശത്ത് ഉപേക്ഷിച്ചെന്ന് നേരത്തെ മസ്‌ക് വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഇരുവരെയും തിരിച്ചെത്തിക്കാമെന്ന് താന്‍ നിര്‍ദ്ദേശിച്ചെങ്കിലും ബൈഡന്‍ സര്‍ക്കാര്‍ അത് നിഷേധിച്ചതായും മസ്‌ക് ആരോപിക്കുന്നു. എട്ട് ദിവസത്തിന് വേണ്ടി പോയവരാണ് 10 മാസം കുടുങ്ങിയത്. ബൈഡന്‍ സര്‍ക്കാര്‍ സമ്മതിച്ചിരുന്നെങ്കില്‍ ഇതിലും നേരത്തെ ഇവരെ ഭൂമിയിലെത്തിക്കാന്‍ സാധിച്ചേനെയെന്നും ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ മസ്‌ക് പറയുന്നു.

പണി കിട്ടിയത് ബോയിംഗിന്

എട്ട് ദിവസത്തെ ബഹിരാകാശ വാസത്തിന് ശേഷം തിരികെ എത്താന്‍ ലക്ഷ്യമിട്ടായിരുന്നു ബോയിംഗ് കമ്പനിയുടെ സി.എസ്.ടി 100 സ്റ്റാര്‍ലൈനര്‍ ബഹിരാകാശ വാഹനം കഴിഞ്ഞ വര്‍ഷം ജൂണ്‍ അഞ്ചിന് ഭൂമിയില്‍ നിന്നും പുറപ്പെടുന്നത്. 2019ലെ പരീക്ഷണ പരാജയത്തിന് ശേഷം വര്‍ഷങ്ങളോളം വൈകിയായിരുന്നു വിക്ഷേപണം. പിന്നാലെ സാങ്കേതിക തകരാറുകള്‍ നേരിട്ടതോടെ ബഹിരാകാശ നിലയത്തിലേക്കുള്ള ആദ്യ ഡോക്കിംഗ് പരാജയപ്പെട്ടു. തുടര്‍ന്ന് നിലയവുമായി ബന്ധം സ്ഥാപിച്ചെങ്കിലും വാഹനത്തിന്റെ പ്രൊപ്പല്‍ഷന്‍ സംവിധാനത്തിലെ ഹീലിയം ലീക്കിനെ തുടര്‍ന്ന് സ്റ്റാര്‍ലൈനര്‍ സുരക്ഷിതമല്ലെന്ന് നാസ ഉറപ്പിച്ചു. പേടകം തിരികെ ഭൂമിയിലെത്തിച്ചെങ്കിലും തകരാര്‍ പരിഹരിക്കാന്‍ ഇതുവരെയും കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. 2014ല്‍ നാസക്ക് വേണ്ടി ബഹിരാകാശ വാഹനങ്ങള്‍ നിര്‍മിക്കാന്‍ 36,458 കോടി രൂപയുടെ കരാര്‍ ലഭിച്ച ബോയിംഗ് കമ്പനിക്ക് കനത്ത തിരിച്ചടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

റെക്കോഡുകളുടെ പെരുമഴ

മാസങ്ങളോളം ബഹിരാകാശ നിലയത്തില്‍ കുടുങ്ങിയെങ്കിലും സുനിത വില്യസും ബുച്ച് വില്‍മോറും മടങ്ങുന്നത് വലിയ നേട്ടങ്ങളുമായാണ്. സ്‌പേസ്എക്‌സ് ക്രൂ 9 മിഷന്‍ സംബന്ധിച്ച് നാസയുടെ ചില കണക്കുകള്‍ ഇങ്ങനെ

1. ബഹിരാകാശത്ത് ഏറ്റവും കൂടുതല്‍ കാലം കഴിഞ്ഞ യു.എസ് ബഹിരാകാശ യാത്രികരില്‍ രണ്ടാം സ്ഥാനമാണ് സുനിത വില്യംസിനുള്ളത്

2. ഇരുവരും 286 ദിവസമെടുത്ത് സഞ്ചരിച്ചത് 121,347,491 മൈലുകള്‍ (ഏകദേശം 19.5 കോടി കിലോമീറ്റര്‍). 4,576 വട്ടം ഭൂമിയെ വലം വെച്ചു.

3. ആറ് മാസത്തിലൊരിക്കല്‍ ബഹിരാകാശ നിലയത്തിലെ യാത്രികര്‍ മാറുന്നതാണ് പതിവ്. ഒരൊറ്റ മിഷനില്‍ ഏറ്റവും കൂടുതല്‍ കാലം ബഹിരാകാശ നിലയത്തില്‍ കഴിഞ്ഞതില്‍ ആറാം സ്ഥാനമാണ് ഇരുവര്‍ക്കുമുള്ളത്.

4. മൂന്ന് ബഹിരാകാശ യാത്രകളാണ് ഇരുവരും ഇതുവരെ നടത്തിയിട്ടുള്ളത്. സുനിത 608 ദിവസവും വില്‍മോര്‍ 464 ദിവസവും ബഹിരാകാശത്ത് കഴിഞ്ഞു.

5. 900 മണിക്കൂര്‍ ഗവേഷണത്തിനും 150 പരീക്ഷണങ്ങള്‍ക്കും ശേഷമാണ് ക്രൂ 9 ബഹിരാകാശ യാത്രക്കായി തയ്യാറെടുത്തത്.

6. എട്ട് പേടകങ്ങള്‍ ബഹിരാകാശ നിലയത്തിലെത്തുന്നത് ഇരുവര്‍ക്കും കാണാനായി

7. ഇരുവരും നിരവധി തവണ ബഹിരാകാശ നടത്തം ചെയ്തു.

8. ഏറ്റവും കൂടുതല്‍ തവണ ബഹിരാകാശ നടത്തം സാധ്യമാക്കിയ വനിതകളില്‍ രണ്ടാം സ്ഥാനം, ഏറ്റവും കൂടുതല്‍ നേരം ബഹിരാകാശ നടത്തം സാധ്യമാക്കിയ വനിത തുടങ്ങിയ നേട്ടങ്ങളും സുനിതക്ക് സ്വന്തം. 62 മണിക്കൂറും 6 മിനിറ്റുമാണ് ഇതിനായി ചെലവഴിച്ചത്

9. സ്‌പേസ്എക്‌സ് ഡ്രാഗണ്‍ ബഹിരാകാശ പേടകത്തിന്റെ നാലാം ദൗത്യമാണിത്. നാസയുടെ സ്‌പേസ്എക്‌സ് ക്രൂ-4, ആക്‌സിയോം മിഷന്‍ 2, ആക്‌സിയോം മിഷന്‍ 3 എന്നിവയിലും ഡ്രാഗണ്‍ കരുത്തായിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT