അത്‌ലറ്റിക്‌സിലും ഫുട്‌ബോളിലും വര്‍ഷങ്ങളായി കേരളത്തില്‍ നിന്നുള്ള താരങ്ങള്‍ ദേശീയ തലത്തില്‍ മിന്നും പ്രകടനങ്ങള്‍ നടത്തിയിരുന്നു. മികവുള്ള കായികതാരങ്ങള്‍ ഉയര്‍ന്നു വരുമ്പോഴും നല്ലൊരു ലീഗിന്റെ അഭാവം കേരളത്തില്‍ നിലനിന്നിരുന്നു. ഈ വിടവ് മറികടക്കാനാണ് ബിസിനസില്‍ മികവ് തെളിയിച്ച നവാസ് മീരാന്റെ നേതൃത്വത്തില്‍ സൂപ്പര്‍ ലീഗ് കേരള (എസ്എല്‍കെ) എത്തിയത്.
നിറഞ്ഞ സദസില്‍ സൂപ്പര്‍ ഹിറ്റായി മാറിയിരുന്നു സൂപ്പര്‍ ലീഗ് കേരള ആദ്യ സീസണ്‍. രണ്ടാം സീസണിന് കഴിഞ്ഞ ദിവസം കിക്കോഫ് ആയപ്പോഴും പതിവ് തെറ്റിയില്ല. രണ്ടാം സീസണിലെ ആദ്യ റൗണ്ട് മത്സരങ്ങളില്‍ ഗാലറിയിലേക്ക് ഒഴുകിയെത്തിയത് പതിനായിരക്കണക്കിന് ആരാധകരാണ്. എസ്.എല്‍.കെയില്‍ ഇത്തവണ ടീമുകളും സംഘാടകരും ഒക്കെയായി 100 കോടി രൂപയെങ്കിലും ചെലവഴിക്കപ്പെടുമെന്നാണ് കണക്ക്.
രണ്ടാം സീസണിലേക്ക് എത്തിയ ലീഗ് ഡിസംബര്‍ പകുതി വരെ നീണ്ടുനില്‍ക്കും. കോര്‍പറേറ്റ് ഹൗസുകളും പൃഥ്വിരാജ് അടക്കമുള്ള സെലിബ്രിറ്റികളുമാണ് വിവിധ ടീമുകളെ സ്വന്തമാക്കിയിരിക്കുന്നത്. ഓരോ ടീമും 5 മുതല്‍ 8 കോടി രൂപ വരെ ചെലവഴിക്കുന്നുണ്ട്. സംഘാടകരായ യൂണിഫൈഡ് ഫുട്‌ബോള്‍ സ്‌പോര്‍ട്‌സ് ഡെവലപ്‌മെന്റ് ലിമിറ്റഡും സ്‌കോര്‍ലൈന്‍ സ്‌പോര്‍ട്‌സും ചേര്‍ന്ന് 30-40 കോടി രൂപയോളം നടത്തിപ്പിനായി മുടക്കുന്നുണ്ട്.
ലോംഗ് ടേം പ്ലാനിലാണ് ലീഗ് മുന്നോട്ടു പോകുന്നതെങ്കിലും എത്രയും വേഗത്തില്‍ ലാഭത്തിലെത്താമെന്നാണ് പ്രതീക്ഷ. ഫുട്‌ബോളുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന ആയിരത്തോളം പേര്‍ക്കാണ് സൂപ്പര്‍ ലീഗ് കേരള മൂലം തൊഴില്‍ ലഭിക്കുന്നത്. മലയാളി താരങ്ങള്‍ക്ക് 4 മുതല്‍ 8 ലക്ഷം രൂപ വരെ ചുരുങ്ങിയ സമയം കൊണ്ട് പ്രതിഫലം ലഭിക്കാനും ലീഗ് വഴിയൊരുക്കുന്നു. 100ലേറെ മലയാളി താരങ്ങളാണ് വിവിധ ടീമുകളിലായി കളിക്കുന്നത്.
വിവിധ ടീമുകളുടെ പ്രധാന പരിശീലകര്‍ വിദേശികളാണെങ്കിലും സഹപരിശീലകരും ടീം മാനേജര്‍മാരും ഉള്‍പ്പെടെയുള്ളവര്‍ മലയാളികളാണ്. ഇഷ്ടമുള്ള മേഖലയില്‍ സ്വന്തം നാട്ടില്‍ തൊഴിലെടുക്കാനുള്ള അവസരമാണ് പലര്‍ക്കും ലഭിക്കുന്നത്. ഓരോ ടീമുമായി ബന്ധപ്പെട്ടും നേരിട്ടും അല്ലാതെയുമായി 80-100 തൊഴിലവസരങ്ങളാണ് പുതുതായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തുടക്കത്തില്‍ ഹ്രസ്വകാല കരാറിലാണ് ക്ലബുകള്‍ ഇവരെ എടുത്തിരിക്കുന്നത്. ലീഗ് കൂടുതല്‍ വിജയകരമായി മാറുന്നതോടെ മുഴുവന്‍ സമയ കരാര്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ.
വാരാന്ത്യങ്ങളിലാണ് ഇത്തവണ ഭൂരിപക്ഷ മത്സരങ്ങളും നടക്കുന്നത്. കൊച്ചിയെ പ്രതിനിധീകരിക്കുന്ന ഫോഴ്‌സ കൊച്ചി ഒരു മത്‌സരത്തിന് കോഴിക്കോട്ട് പോകുമ്പോള്‍ ഒപ്പം നൂറുകണക്കിന് ആരാധകരും ടീമിനെ പിന്തുടരുന്നുണ്ടാകും. ട്രാവല്‍ ഏജന്‍സികള്‍ സ്റ്റേഡിയത്തിന് സമീപത്തെ ലോഡ്ജുകള്‍, ഹോട്ടലുകള്‍ തുടങ്ങി ഗ്രൗണ്ടിന് വെളിയില്‍ ജേഴ്‌സി വില്ക്കുന്നവര്‍ക്കു വരെ സൂപ്പര്‍ ലീഗ് കേരള വരുമാനം ലഭ്യമാക്കുന്നു.
വരും വര്‍ഷങ്ങളില്‍ ഗള്‍ഫ് മേഖലകളിലെ വാണിജ്യ സാധ്യതകള്‍ മുതലാക്കാന്‍ പദ്ധതിയുണ്ടെന്ന് സൂപ്പര്‍ ലീഗ് കേരള സി.ഇ.ഒ മാത്യു ജോസഫ് ധനംഓണ്‍ലൈനോട് അടുത്തിടെ പറഞ്ഞിരുന്നു. ചുരുങ്ങിയ വര്‍ഷംകൊണ്ട് ഇന്ത്യയിലെ മുന്‍നിര ഫുട്‌ബോള്‍ ലീഗായി മാറാനുള്ള ഒരുക്കത്തിലാണ് കേരളത്തിന്റെ സ്വന്തം ലീഗ്.
Read DhanamOnline in English
Subscribe to Dhanam Magazine