ഓണക്കാലത്ത് പൊതുവിപണിയില്‍ അവശ്യ സാധനങ്ങളുടെ വില ഉയരാതിരിക്കാന്‍ കൃത്യമായ ഇടപെടല്‍ നടത്താന്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് ആവശ്യമായ ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യാനാണ് നീക്കം. അരിവില നിയന്ത്രിക്കാന്‍ ആന്ധ്രപ്രദേശ്, കര്‍ണാടക, തമിഴ്‌നാട് മന്ത്രിമാരുമായി ചര്‍ച്ച നടത്തുമെന്ന് മന്ത്രി ജി.ആര്‍ അനില്‍ വ്യക്തമാക്കി.
സപ്ലൈകോ വില്പനശാലകളില്‍ സബ്‌സിഡി അടക്കമുള്ള ഭക്ഷ്യവസ്തുക്കളെല്ലാം ലഭ്യമാണെന്നാണ് മന്ത്രിയുടെ അവകാശവാദം. ഓണം വരാനിരിക്കേ പൊതുവിപണിയിലെ വില നിയന്ത്രിച്ചു നിര്‍ത്തുന്നതില്‍ സപ്ലൈകോയുടെ പങ്ക് വളരെ വലുതാണ്. സബ്‌സിഡി ഉത്പന്നങ്ങള്‍ സപ്ലൈകോ വഴി ലഭ്യമായാല്‍ വിപണിയിലെ വില കുറയ്ക്കാമെന്നാണ് കണക്കുകൂട്ടല്‍.
വെളിച്ചെണ്ണ വില കുതിച്ചുയരുന്നതാണ് സര്‍ക്കാര്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. പൊതുവിപണിയില്‍ വെളിച്ചെണ്ണ വില കുതിച്ചുയര്‍ന്നതോടെ സപ്ലൈകോയിലേക്ക് എത്തുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. വെളിച്ചെണ്ണ വില സബ്‌സിഡി നിരക്കില്‍ സപ്ലൈകോയില്‍ 350 രൂപയില്‍ താഴെ ലഭിക്കുന്നു. എന്നാല്‍ പൊതുവിപണിയില്‍ 500ന് അടുത്താണ് വില. അതും മായംചേര്‍ന്ന വെളിച്ചെണ്ണയും.
സപ്ലൈകോയില്‍ വെളിച്ചെണ്ണ വില്പന കുതിച്ചുയരുകയാണ്. പ്രതിമാസം 15 ലക്ഷം പാക്കറ്റ് വരെ വില്പന ഉയര്‍ന്നു. വെളിച്ചെണ്ണ വാങ്ങാനെത്തുന്നവര്‍ മറ്റ് സാധനങ്ങളും വാങ്ങുന്നതിനാല്‍ സപ്ലൈകോയ്ക്ക് ഗുണമാണ്. ഓണമെത്തുമ്പോള്‍ വെളിച്ചെണ്ണ വില കിലോഗ്രാമിന് 600നടുത്ത് എത്തുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.
ഓണം സീസണിലാണ് സംസ്ഥാനത്ത് അരിയുടെ ഉപയോഗം കൂടുതല്‍. നഗരങ്ങളില്‍ ഉള്‍പ്പെടെ ചെറുപ്പക്കാര്‍ ചോറ് ഉള്‍പ്പെടെയുള്ള ഭക്ഷണം കുറയ്ക്കുന്നത് അരി വില്പനയെയും ബാധിച്ചിട്ടുണ്ട്. ഗ്രാമങ്ങളെ അപേക്ഷിച്ച് നഗരങ്ങളില്‍ അരിവില്പന കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ വലിയ തോതില്‍ കുറഞ്ഞിട്ടുണ്ടെന്ന് വ്യാപാരികള്‍ സാക്ഷ്യപ്പെടുത്തുന്നു.
ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുമായി അരി സംഭരിക്കുന്നതിനായി ചര്‍ച്ചകള്‍ ആരംഭിച്ചു. ആന്ധ്ര പ്രദേശ്, കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ മന്ത്രിമാരുമായും നേരിട്ട് സംസാരിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കും. അരിയും മറ്റു ഭക്ഷ്യവസ്തുക്കളും ഉള്‍നാടന്‍ മേഖലകളില്‍ ഉള്‍പ്പെടെ ലഭ്യമാക്കുന്നതിനായി അരിവണ്ടികള്‍ ഏര്‍പ്പെടുത്തുമെന്നും കഴിഞ്ഞ ദിവസം മന്ത്രി അനില്‍ വ്യക്തമാക്കിയിരുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine