സംസ്ഥാനത്ത് വെളിച്ചെണ്ണ, തേങ്ങ വിലകളില്‍ നേരിയ കുറവ്. ഒരുഘട്ടത്തില്‍ 550 രൂപയ്ക്ക് മുകളില്‍ പോയ വെളിച്ചെണ്ണ വില ഇപ്പോള്‍ ഇറക്കത്തിന്റെ പാതയിലാണ്. ലഭ്യത വര്‍ധിച്ചതും സര്‍ക്കാര്‍ സബ്‌സിഡിയില്‍ വിതരണം ചെയ്യുന്ന വെളിച്ചെണ്ണയുടെ വരവുമാണ് വിലക്കയറ്റത്തെ പിടിച്ചുനിര്‍ത്താന്‍ ഇടയാക്കിയത്. എന്നാല്‍ ഒരുപരിധിയില്‍ കൂടുതല്‍ വെളിച്ചെണ്ണ വില കുറയില്ലെന്നാണ് മില്ലുടമകള്‍ പറയുന്നത്.
വിപണിയില്‍ കൊപ്ര വരവ് വര്‍ധിച്ചിട്ടുണ്ട്. തമിഴ്‌നാട്ടില്‍ നിന്നാണ് കേരളത്തിലേക്ക് കൂടുതലായി കൊപ്ര എത്തിയിരുന്നത്. എന്നാല്‍ കേരളത്തില്‍ നിന്ന് കൂടുതലായി വാങ്ങലുകാര്‍ എത്തിയതോടെ തമിഴ്‌നാട്ടിലെ വെളിച്ചെണ്ണ ലോബി കൊപ്ര വിപണിയിലേക്ക് ഇറക്കുന്നില്ല. ഓണത്തിന് ഡിമാന്‍ഡ് ഉയരുമെന്ന തിരിച്ചറിവില്‍ കൊപ്ര പൂഴ്ത്തിവയ്ക്കാനാണ് നീക്കം.
വെളിച്ചെണ്ണ വില ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തില്‍ കൊപ്ര ഇറക്കുമതി അനുവദിക്കണമെന്ന ആവശ്യം ശക്തമാണ്. കേരളത്തിലെ ചെറുകിട മില്ലുകള്‍ സമാനതകളില്ലാത്ത പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നതെന്ന് കൊച്ചിന്‍ ഓയില്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് തലത്ത് മഹമൂദ് ധനംഓണ്‍ലൈനോട് പറഞ്ഞു. ഈ ആവശ്യം ഉന്നയിച്ച് കേന്ദ്ര ധനമന്ത്രിക്ക് നിവേദനം നല്കിയിരുന്നു.
അടുത്തിടെ നാളികേര വികസന ബോര്‍ഡ് ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നു. കേരളത്തിലെ മില്ലുകാര്‍, കര്‍ഷകര്‍, വ്യാപാരികള്‍ തുടങ്ങിയവരും ഈ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. കൊപ്ര ഇറക്കുമതിയില്‍ അനുകൂല തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് സ്വകാര്യ മില്ലുടമകള്‍. കൊപ്ര ഇറക്കുമതിക്ക് അനുമതി നല്കുന്നത് കര്‍ഷകരുടെ താല്പര്യത്തിന് വിരുദ്ധമാണെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്.
കൊപ്രയുടെയും വെളിച്ചെണ്ണയുടെയും ജി.എസ്.ടി നിലവില്‍ അഞ്ചു ശതമാനമാണ്. ഇത് കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകണം. ഇതിനൊപ്പം കൊപ്ര ഇറക്കുമതിക്ക് അനുമതി നല്കുകയും വേണം. കര്‍ഷകര്‍ക്ക് ദോഷകരമാകാത്ത രീതിയില്‍ കൊപ്ര ഇറക്കുമതി ചെയ്താല്‍ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സാധിക്കും.തലത്ത് മഹമൂദ് (പ്രസിഡന്റ്) കൊച്ചിന്‍ ഓയില്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍
സപ്ലൈകോയില്‍ ശബരി സബ്‌സിഡി വെളിച്ചെണ്ണയുടെ വില ഒരു ലിറ്ററിന് 339 രൂപയാണ്. സബ്‌സിഡിയില്ലാത്തതിന് 389 രൂപയും. കേരള വെളിച്ചെണ്ണയുടെ വിലയില്‍ 28 രൂപയും കുറവു വരുത്തിയിട്ടുണ്ട്. നിലവില്‍ ലിറ്ററിന് 429 രൂപയാണ് കേരയുടെ വില. പൊതുവിപണിയില്‍ വില നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ട് സപ്ലൈകോയുടെ ഓണം ഫെയറിന് തുടക്കമായിട്ടുണ്ട്. സെപ്തംബര്‍ നാലുവരെയാണ് വിലക്കുറവില്‍ ഉത്പന്നങ്ങള്‍ വാങ്ങാന്‍ അവസരം. 140 നിയമസഭാ മണ്ഡലങ്ങളിലും പ്രത്യേക വില്പനശാലകള്‍ ഒരുക്കിയിട്ടുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine