സംസ്ഥാനത്ത് മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി സപ്ലൈക്കോ ഔട്ട്‌ലെറ്റുകളില്‍ ഇത്തവണ റെക്കോഡ് വില്പനയാണ് നടന്നത്. ജൂലൈ 22 മുതല്‍ ഉത്രാടദിനം വരെയുള്ള 35 ദിവസം കൊണ്ട് 422.17 കോടി രൂപയുടെ വില്പനയാണ് നടന്നത്. കഴിഞ്ഞ വര്‍ഷം ഓണക്കാലത്തെ 35 ദിവസത്തെ വില്പന 385.42 കോടി രൂപയായിരുന്നു. മുന്‍വര്‍ഷത്തേക്കാള്‍ 37 കോടി രൂപയുടെ വില്പനയാണ് അധികമായി നടന്നത്.
ഓഗസ്റ്റ് ഒന്നുമുതലുള്ള 25 ദിവസംകൊണ്ട് 350.21 കോടി രൂപയുടെ വിറ്റുവരവും ഇത്തവണ രേഖപ്പെടുത്തി. സബ്‌സിഡി സാധനങ്ങളുടെ വിലവര്‍ധിപ്പിക്കാതെയും വെളിച്ചെണ്ണ ഉള്‍പ്പെടെയുള്ള അവശ്യവസ്തുക്കള്‍ക്ക് വില കുറച്ചുമാണ് ഉപഭോക്താക്കളെ സപ്ലൈക്കോ ഔട്ട്‌ലെറ്റുകളിലേക്ക് ആകര്‍ഷിച്ചത്.
ഇത്തവണ സബ്‌സിഡി ഉത്പന്നങ്ങളുടെ വില്പനയിലൂടെ 153.49 കോടി രൂപയുടെ വില്പനയും സബ്‌സിഡി ഇതര സാധനങ്ങളുടെ വില്പന വഴി 268.89 കോടി രൂപയുടെ വില്പനയും നേടാനായി. ഓണത്തിന് ഒരുമാസം മുമ്പ് തന്നെ ഔട്ട്‌ലെറ്റുകളില്‍ ആവശ്യത്തിന് സാധനങ്ങള്‍ എത്തിച്ചതാണ് വില്പന വര്‍ധിക്കാന്‍ കാരണമായത്.
സപ്ലൈക്കോ ഔട്ട്‌ലെറ്റുകളില്‍ പൊതുവിപണിയിലേക്കാള്‍ വില കുറവാണെന്നത് കുടുംബങ്ങളില്‍ നിന്ന് കുടുംബങ്ങളിലേക്ക് മൗത്ത്പബ്ലിസിറ്റിയായി എത്തിയത് വില്പന കൂടുന്നതിന് വഴിയൊരുക്കി. സംസ്ഥാനത്തെ മൂന്ന് മെഗാ ട്രേഡ് ഫെയറുകള്‍, 11 ജില്ലാ ഫെയറുകള്‍, 126 അസംബ്ലി ഫെയറുകള്‍ എന്നിവിടങ്ങളിലായി 40 ലക്ഷം പേരാണ് സാധനങ്ങള്‍ വാങ്ങാനെത്തിയത്.
റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലെ സബ്സിഡി സാധനങ്ങള്‍ ഇപ്പോള്‍ ഒരുമിച്ച് വാങ്ങാനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിരുന്നു. മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി സപ്ലൈകോയില്‍ ആവശ്യത്തിന് സ്റ്റോക്ക് ഉറപ്പാക്കിയതും എല്ലാ സാധനങ്ങളും സ്റ്റോറുകളില്‍ ലഭ്യമാക്കിയതും വില്പന കൂടാന്‍ കാരണമായെന്ന് ഭക്ഷ്യ, സിവില്‍സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു.
അധികാരമേറ്റെടുത്തതിന് തൊട്ടുപിന്നാലെ ഓണവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങളിലേക്ക് കടന്നിരുന്നതായി മുഖ്യമന്ത്രി വി.ഡി സതീശനും മന്ത്രി അനൂപ് ജേക്കബും വ്യക്തമാക്കിയിരുന്നു. സപ്ലൈക്കോയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഫണ്ട് അനുവദിച്ചതോടെ അവശ്യ വസ്തുക്കള്‍ ഉള്‍പ്പെടെ കൃത്യമായി സ്റ്റോറുകളില്‍ ഉണ്ടെന്ന് ഉറപ്പുവരുത്താന്‍ സാധിച്ചു. പൊതുവിപണിയില്‍ വില പരിധിവിട്ട് ഉയരാതിരിക്കാനും സപ്ലൈക്കോ ഇടപെടല്‍ വഴിയൊരുക്കിയെന്നാണ് വിപണിയുടെ വിലയിരുത്തല്‍.
Read DhanamOnline in English
Subscribe to Dhanam Magazine