News & Views

സ്വിഗ്ഗി കൊട്ടിഘോഷിച്ച് കൊണ്ടുവന്ന സര്‍വീസ് 'അപ്രത്യക്ഷം'; ഓഹരിയില്‍ വന്‍ കുതിപ്പിന് കാരണമെന്ത്?

10 മിനിറ്റില്‍ ഭക്ഷണം ഉപയോക്താക്കളിലെത്തിക്കുന്ന ബോള്‍ട്ട് സേവനം 500 നഗരങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ജീനി അപ്രത്യക്ഷമായത്

Dhanam News Desk

ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനിയായ സ്വിഗ്ഗി അവരുടെ പ്രധാന സേവനങ്ങളിലൊന്ന് താല്‍ക്കാലികമായി നിര്‍ത്തിവച്ചു. സ്വിഗ്ഗി ജീനി (Swiggy Genie) എന്ന പേരിലുള്ള ഹൈപ്പര്‍ലോക്കല്‍ സര്‍വീസാണ് അപ്രത്യക്ഷമായത്. ഉപയോക്താക്കള്‍ക്ക് അവരുടെ നഗരത്തില്‍ നിന്ന് ഏതെങ്കിലും വസ്തുക്കള്‍ പിക്കപ്പ് ചെയ്യാനും ഡെലിവറി ചെയ്യാനും ഈ സേവനം സഹായിച്ചിരുന്നു.

ഭക്ഷണ ഡെലിവറി സേവനത്തിന് പുറമെ, മറ്റ് ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാവുന്ന സേവനമായിരുന്നു ഇത്. ഭക്ഷണ പാക്കറ്റുകള്‍, ഡോക്യുമെന്റുകള്‍, മരുന്നുകള്‍, വസ്ത്രങ്ങള്‍, സ്റ്റേഷനറി ഇനങ്ങള്‍ എന്നിവ പിക്കപ്പ് ചെയ്യാനും ഡെലിവറി ചെയ്യാനും പലരും ഈ സേവനം ഉപയോഗിച്ചിരുന്നു. കൊച്ചിയടക്കം രാജ്യത്തെ തിരഞ്ഞെടുത്ത 70 നഗരങ്ങളില്‍ ഈ സേവനം അവതരിപ്പിച്ചിരുന്നു.

സ്വിഗ്ഗി ആപ്പില്‍ ഇപ്പോള്‍ ഈ സേവനം ലഭ്യമല്ലെന്ന് നിരവധി ഉപയോക്താക്കള്‍ ട്വീറ്റ് ചെയ്തു. കമ്പനി ഔദ്യോഗിക പ്രതികരണം ഇതുവരെ നടത്തിയിട്ടില്ല. ഇത് ആദ്യമായിട്ടല്ല ജീനിയുടെ സേവനം കമ്പനി നിര്‍ത്തിവയ്ക്കുന്നത്. 2022ലും ഇത്തരത്തില്‍ സേവനം നിലച്ചിരുന്നു. ജീനി സേവനം ഉപയോഗിക്കുന്നത് ആദ്യത്തെ രണ്ട് കിലോമീറ്ററിന് 40 രൂപയും പിന്നീടുള്ള ഓരോ കിലോമീറ്ററിനും അധികതുകയുമായിരുന്നു ഈടാക്കിയിരുന്നത്.

ബോള്‍ട്ട് കൂടുതല്‍ നഗരങ്ങളില്‍

10 മിനിറ്റില്‍ ഭക്ഷണം ഉപയോക്താക്കളില്‍ എത്തിക്കുന്ന ബോള്‍ട്ട് സേവനം 500 നഗരങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ജീനി അപ്രത്യക്ഷമായത്. കൊച്ചി ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ ആദ്യ ഘട്ടത്തില്‍ ആരംഭിച്ച സേവനം ഇപ്പോള്‍ ടയര്‍ 2, ടയര്‍ 3 നഗരങ്ങളിലേക്കുമാണ് കമ്പനി വ്യാപിപ്പിച്ചത്. 45,000 റസ്റ്റോറന്റുകള്‍ ബോള്‍ട്ടുമായി യോജിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. സ്വിഗ്ഗിയുടെ 10 ഓര്‍ഡറുകളിലൊന്ന് ബോള്‍ട്ട് വഴിയുള്ളതാണെന്ന് അടുത്തിടെ കമ്പനി വ്യക്തമാക്കിയിരുന്നു.

ഓഹരിയില്‍ വന്‍കുതിപ്പ്

ഈ മാസം ഒന്‍പതിന് സ്വിഗ്ഗി നാലാംപാദ ഫലം പുറത്തുവിടാനിരിക്കെ കമ്പനിയുടെ ഓഹരിവില ഇന്ന് കുതിച്ചുയര്‍ന്നു. ഇന്ന് (മെയ് 5, തിങ്കള്‍) 8 ശതമാനത്തിന് മുകളിലാണ് ഓഹരികള്‍ ഉയര്‍ന്നത്. ബോള്‍ട്ട് സേവനം കൂടുതല്‍ നഗരങ്ങളിലേക്ക് വ്യാപിപ്പിച്ചെന്ന വാര്‍ത്തയാണ് സ്വിഗ്ഗി ഓഹരികളിലും പ്രതിഫലിച്ചത്.

ഡിസംബര്‍ 31ന് അവസാനിച്ച മൂന്നാം പാദത്തില്‍ വരുമാനത്തില്‍ 31 ശതമാനം വര്‍ധന രേഖപ്പെടുത്താന്‍ കമ്പനിക്ക് സാധിച്ചിരുന്നു. ഈ പാദത്തില്‍ മൊത്ത വരുമാനം 3,993 കോടിയായി ഉയര്‍ന്നു. നഷ്ടം മുന്‍ വര്‍ഷം സമാനപാദത്തിലെ 594 കോടിയില്‍ നിന്ന് 799 കോടിയായി ഉയരുകയും ചെയ്തു.

Swiggy discontinues Genie service as Bolt expansion drives a surge in stock prices

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT