News & Views

സ്വിഗ്ഗി, സൊമാറ്റോ ജീവനക്കാര്‍ക്ക് സന്തോഷവാര്‍ത്ത? പെന്‍ഷനും ഇന്‍ഷുറന്‍സും പരിഗണനയില്‍; കേന്ദ്രം ഒരുക്കുന്ന പുതിയ ബോര്‍ഡ് എന്താണ്?

ആനുകൂല്യങ്ങള്‍ കിട്ടാന്‍ തൊഴിലാളികള്‍ ഇ-ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. വ്യക്തിവിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാതിരുന്നാല്‍ അര്‍ഹത നഷ്ടപ്പെടാം

Dhanam News Desk

ഓരോ ഓര്‍ഡറും നിങ്ങളുടെ വീട്ടിലെത്തിക്കുന്നയാള്‍ക്ക് അപകടം പറ്റിയാല്‍ ഇന്‍ഷുറന്‍സ് ഉണ്ടോ? 60 വയസായാല്‍ പെന്‍ഷന്‍ ഉണ്ടോ? ഇന്നുവരെ ഇല്ലായിരുന്നു. ആ കഥ മാറ്റാനുള്ള ആദ്യ ചുവടുവയ്പാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഒരുങ്ങുന്നത്.

അസംഘടിത, ഗിഗ്, പ്ലാറ്റ്‌ഫോം തൊഴിലാളികള്‍ക്കായുള്ള നാഷണല്‍ സോഷ്യല്‍ സെക്യൂരിറ്റി ബോര്‍ഡ് രൂപീകരിച്ച് കേന്ദ്ര തൊഴില്‍ മന്ത്രാലയം വിജ്ഞാപനം ഇറക്കി. സ്വിഗ്ഗി, സൊമാറ്റോ പോലുള്ള ആപ്പുകളില്‍ പണിയെടുക്കുന്നവര്‍ ഉള്‍പ്പെടെ ഇതിന്റെ പരിധിയില്‍ വരും.

കേന്ദ്ര തൊഴില്‍ മന്ത്രിയാണ് അധ്യക്ഷന്‍. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികള്‍, വന്‍കിട അഗ്രഗേറ്റര്‍ കമ്പനികള്‍, തൊഴിലുടമകള്‍, തൊഴിലാളി സംഘടനകള്‍, സിവില്‍ സൊസൈറ്റി എന്നിവരും അംഗങ്ങളാകും. ഓരോ വിഭാഗം തൊഴിലാളികള്‍ക്കും യോജിച്ച ക്ഷേമ പദ്ധതികള്‍ ഇവര്‍ കേന്ദ്രത്തിന് ശുപാര്‍ശ ചെയ്യും.

പെന്‍ഷനും ഇന്‍ഷുറന്‍സും ഉടനെ കിട്ടുമോ?

ഇല്ല. ഈ ആനുകൂല്യങ്ങള്‍ എന്തൊക്കെ, എത്ര തുക എന്നതില്‍ ഔദ്യോഗിക അറിയിപ്പ് ഇതുവരെ വന്നിട്ടില്ല. ഇപ്പോള്‍ ഇറങ്ങിയത് അത് തീരുമാനിക്കാനുള്ള സംവിധാനം മാത്രമാണ്. 2020-ലെ സോഷ്യല്‍ സെക്യൂരിറ്റി കോഡ് 2025 നവംബര്‍ 21ന് പ്രാബല്യത്തില്‍ വന്നു. ഗിഗ്, പ്ലാറ്റ്‌ഫോം തൊഴിലാളികള്‍ക്ക് നിയമത്തില്‍ ആദ്യമായി നിര്‍വചനം ലഭിച്ചത് ഇതിലൂടെയാണ്.

ഇതിന്റെ ചട്ടങ്ങള്‍ 2026 മേയ് 8ന് വിജ്ഞാപനം ചെയ്തു. അഗ്രഗേറ്റര്‍ കമ്പനികള്‍ക്ക് ഫണ്ടിലേക്ക് വിഹിതം അടയ്ക്കാന്‍ ബാധ്യതയുണ്ട്. ഇത് വാര്‍ഷിക വിറ്റുവരവിന്റെ ഒരു ശതമാനമോ, തൊഴിലാളികള്‍ക്ക് നല്‍കുന്ന തുകയുടെ അഞ്ച് ശതമാനമോ ആയിരിക്കും (കോഡിലെ പരിധി പ്രകാരം). നിലവില്‍ ഏകദേശം ഒരു കോടി ഗിഗ് തൊഴിലാളികളുണ്ടെന്നാണ് തൊഴില്‍ മന്ത്രാലയ കണക്ക്. 2030് ആകുമ്പോഴേക്കും ഇത് 2.5 കോടിയിലെത്തുമെന്നും കണക്കാക്കുന്നു.

ആനുകൂല്യങ്ങള്‍ കിട്ടാന്‍ തൊഴിലാളികള്‍ ഇ-ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. വ്യക്തിവിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാതിരുന്നാല്‍ അര്‍ഹത നഷ്ടപ്പെടാം.

അപകട ഇന്‍ഷുറന്‍സ്, ആരോഗ്യം, പ്രസവാനുകൂല്യം, വാര്‍ധക്യ ആനുകൂല്യം എന്നിവയാണ് പരിഗണനയിലുള്ളത്.

ഫണ്ടിലേക്ക് വിഹിതം നല്‍കേണ്ടി വരുമ്പോള്‍ കമ്പനികളുടെ ചെലവ് കൂടും. അത് ഡെലിവറി ചാര്‍ജിലോ പ്ലാറ്റ്‌ഫോം ഫീസിലോ പ്രതിഫലിക്കുമോ എന്നതാണ് ഇനി ശ്രദ്ധിക്കേണ്ടത്. കൊച്ചി, തിരുവനന്തപുരം പോലുള്ള നഗരങ്ങളില്‍ ഫുഡ് ഡെലിവറിയും ക്വിക്ക് കൊമേഴ്‌സും വളരുന്ന സാഹചര്യത്തില്‍ ഇത് കേരളത്തിലെ ചെറുപ്പക്കാര്‍ക്കും ഗുണകരമാണ്. ഗിഗ് ജോലി ചെയ്യുന്നവര്‍ ഇ-ശ്രമില്‍ രജിസ്റ്റര്‍ ചെയ്ത് വിവരങ്ങള്‍ കൃത്യമാക്കി വയ്ക്കാന്‍ ശ്രദ്ധിക്കുക.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT