play store / swiggy
News & Views

എന്തിനും സഹായം റെഡി! കാര്യസ്ഥനെപ്പോലെ കൂടെ നില്‍ക്കാന്‍ സ്വിഗ്ഗിയുടെ പുതിയ ലക്ഷ്വറി ആപ്പ്, എന്താണ് ക്രൂ?

കഴിഞ്ഞ വര്‍ഷം പ്രീമിയം ഉപയോക്താക്കളെ ലക്ഷ്യമിട്ട് റെയര്‍ ലൈഫ് എന്ന പേരില്‍ ഒരു ആപ്ലിക്കേഷന്‍ തുടങ്ങിയെങ്കിലും വിജയിച്ചിരുന്നില്ല

Dhanam News Desk

ഭക്ഷണവിതരണത്തിനും ക്വിക്ക് കൊമേഴ്‌സിനും പുറത്തേക്ക് ബിസിനസ് വ്യാപിപ്പിക്കാന്‍ സ്വിഗ്ഗി. ഇതിന്റെ ഭാഗമായി ട്രാവല്‍, ലൈഫ്‌സറ്റൈല്‍ സഹായ (Concierge) ആപ്ലിക്കേഷനായ ക്രൂ (Crew)വിന്റെ സേവനം കൂടുതല്‍ നഗരങ്ങളിലേക്ക് വ്യാപിപ്പിച്ചു. ബംഗളൂരു, മുംബൈ, ഡല്‍ഹി നഗരങ്ങളിലാണ് ആദ്യഘട്ടത്തില്‍ ആപ്പിന്റെ സേവനം ലഭിക്കുക.

എന്താണ് ക്രൂ

ഉദാഹരണത്തിന് രാവിലെ ഒമ്പത് മണിക്ക് നിങ്ങള്‍ക്ക് എവിടേക്കെങ്കിലും പോകാനായി ടാക്‌സി ബുക്ക് ചെയ്യണമെന്ന് കരുതുക. ഇക്കാര്യം ക്രൂവിനോട് നേരത്തെ പറഞ്ഞാല്‍ കൃത്യസമയമാകുമ്പോള്‍ ആപ്പ് ടാക്‌സി ബുക്ക് ചെയ്യും. അതായത് ക്രൂ എന്നത് ഒരു സാധാരണ ഡെലിവറി ആപ്പല്ല. മറിച്ച് ഉപയോക്താക്കളുടെ വ്യക്തിഗത ആവശ്യങ്ങള്‍ക്കായി കമ്പ്യൂട്ടര്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഒരു കണ്‍സിയര്‍ജ് ശൈലിയിലുള്ള ലൈഫ്സ്റ്റൈല്‍ അസിസ്റ്റന്‍സ് സേവനമാണ്. പ്രീമിയം ഉപയോക്താക്കളെയാണ് ആപ്പ് ലക്ഷ്യമിടുന്നത്. ഇതിലൂടെ സമയം ലാഭിക്കാനും കാര്യങ്ങള്‍ എളുപ്പത്തിലാക്കാനും കഴിയുമെന്നാണ് കമ്പനി പറയുന്നത്. മറ്റൊരു അര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ഉപയോക്താവിന് സ്വന്തമായി ചെയ്യാന്‍ സാധിക്കാത്തതോ സമയം കിട്ടാത്തതോ ആയ ജോലികള്‍ കൃത്യതയോടെ ചെയ്ത് തീര്‍ക്കാന്‍ സഹായിക്കുന്ന ആപ്പാണ് ക്രൂ.

എന്തൊക്കെ സേവനങ്ങള്‍

ഫേവറിറ്റ് റെസ്റ്റോറന്റിലെ ടേബിള്‍ റിസര്‍വേഷന്‍ ഉറപ്പാക്കല്‍, യാത്രാ പ്ലാനുകള്‍ തയ്യാറാക്കല്‍, ബെര്‍ത്ത് ഡേ പാര്‍ട്ടികള്‍ സംഘടിപ്പിക്കുക, ഗിഫ്റ്റുകള്‍ ഓര്‍ഡര്‍ ചെയ്യുക, ആധാര്‍ പോലുള്ള രേഖകള്‍ അപ്‌ഡേറ്റ് ചെയ്യുക, ടാക്‌സി ബുക്ക് ചെയ്യുക അങ്ങനെ നിരവധി സേവനങ്ങളാണ് ആപ്പിലുള്ളത്. ആധുനിക ജീവിതത്തിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റമാകാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ക്രൂ ആപ്പെന്നാണ് കമ്പനിയുടെ വിശദീകരണം. കഴിഞ്ഞ വര്‍ഷം പ്രീമിയം ഉപയോക്താക്കളെ ലക്ഷ്യമിട്ട് റെയര്‍ ലൈഫ് എന്ന പേരില്‍ ഒരു ആപ്ലിക്കേഷന്‍ തുടങ്ങിയെങ്കിലും വിജയിച്ചിരുന്നില്ല.

എങ്ങനെ കിട്ടും

കുറച്ച് മാസങ്ങളായി ആപ്പിന്റെ പരീക്ഷണം സ്വിഗ്ഗി നടത്തി വരികയാണ്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണെങ്കിലും ഇന്‍വിറ്റേഷന്‍ ലഭിച്ചവര്‍ക്ക് മാത്രമേ സേവനങ്ങള്‍ ഉപയോഗിക്കാന്‍ കഴിയൂ. അല്ലെങ്കില്‍ മൂന്ന് മാസത്തേക്ക് 999 രൂപയുടെ സബ്‌സ്‌ക്രിപ്ഷന്‍ എടുക്കേണ്ടി വരും.

Swiggy has extended its invite‑only “Crew” concierge app to more cities, bringing high‑touch travel, gifting and lifestyle task‑management services to India’s upscale users.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT