മൂല്യവര്‍ധിത സുഗന്ധവ്യഞ്ജന ഉല്‍പ്പന്ന മേഖലയില്‍ ലോകത്തിലെ മുന്‍നിര കമ്പനികളിലൊന്നായ സിന്തൈറ്റ് ഇന്‍ഡസ്ട്രീസിന്റെ മാനേജിംഗ് ഡയറക്ടറായ ഡോ. വിജു ജേക്കബിന്റെ ആത്മകഥ 'സുഗന്ധജീവിതം' പ്രകാശനം ചെയ്തു. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ പുസ്തകത്തിന്റെ ആദ്യ പ്രതി ഡോ. ശശി തരൂര്‍ എം.പിയില്‍ നിന്ന് പോണ്ടിച്ചേരിയിലെ ഫ്രഞ്ച് കോണ്‍സല്‍ ജനറല്‍ ലിസ ടാല്‍ബോ ഏറ്റുവാങ്ങി. മാതൃഭൂമി മാനേജിംഗ് ഡയറക്ടര്‍ എം വി ശ്രേയാംസ് കുമാര്‍ ചടങ്ങില്‍ അധ്യക്ഷനായിരുന്നു.
ഹൈബി ഈഡന്‍ എം.പി പുസ്തകം പരിചയപ്പെടുത്തി. കൊച്ചി മേയര്‍ അഡ്വ. എം.അനില്‍കുമാര്‍ ആശംസാ പ്രസംഗം നടത്തി. ഡോ. ശശി തരൂരിന്റെ അവതാരികയോടെയാണ് സുഗന്ധജീവിതം പ്രസിദ്ധീകരിച്ചിരിക്കുന്നത്. മാതൃഭൂമി ബുക്‌സ് ആണ് പ്രസാധകര്‍.
ഡോ.വിജു ജേക്കബിന്റെ ആത്മകഥയെന്നതിനൊപ്പം സിന്തെറ്റിന്റേയും സിന്തൈറ്റ് സ്ഥാപകന്‍ സി വി ജേക്കബിന്റേയും കഥ കൂടിയാണ് സുഗന്ധജീവിതം പറയുന്നത്. കുടുംബ ബിസിനസിന്റെ തലപ്പത്തേക്കുള്ള വിജു ജേക്കബിന്റെ വരവ് ഇന്ത്യന്‍ വിപണിയിലെ സെയ്ല്‍സ് ഏറ്റെടുക്കലിലൂടെയിരുന്നു. അന്ന് മൂന്ന് കോടി സെയ്ല്‍സ് ലഭിച്ചിരുന്നിടത്ത് നിന്ന് 450 കോടി രൂപയുടെ ബിസിനസിലേക്ക് സിന്തൈറ്റിനെ എത്തിച്ചത് വമ്പന്‍ ബ്രാന്‍ഡുകളുടെസഹകരണത്തോടെയാണ്. അതിന് സഹായിച്ചത് വിജു ജേക്കബിന്റെ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളും.
സംരംഭക ലോകത്ത് വളരാന്‍ ആഗ്രഹിക്കുന്നവർക്ക് അദ്ദേഹത്തില്‍ നിന്നും പകര്‍ത്താന്‍ പ്രായോഗിക പാഠങ്ങളേറെയുണ്ട്. മലയാളി ബിസനസ് പ്രമുഖരുടെ എക്‌സ്‌ക്ലൂസീവ് ജീവിത കഥകളും അനുഭവങ്ങളും പങ്കുവയ്ക്കുന്ന ധനം ടൈറ്റന്‍സ് ഷോയില്‍ അദ്ദേഹം അതിഥിയായി എത്തിയിരുന്നു. മൂന്നര വയസ്സിലെ ബോര്‍ഡിംഗ് പഠന കാലം മുതല്‍ ജീവിതത്തിന്റെ ആത്മകഥാംശമുള്‍ക്കൊള്ളുന്ന പല ഏടുകളും തുറക്കുന്ന അഭിമുഖം കാണാൻ ചുവടെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക:
Read DhanamOnline in English
Subscribe to Dhanam Magazine