പുഞ്ചിരിയുടെ നാട്ടിലേക്ക് ഒരു യാത്ര പോകാന്‍ ബാഗുകള്‍ വേഗം പായ്ക്ക് ചെയ്‌തോളൂ, 2023 നവംബര്‍ മുതല്‍ 2024 മേയ് വരെ ഇന്ത്യയില്‍ നിന്നും തായ്‌വാനില്‍ നിന്നുമുള്ള യാത്രക്കാര്‍ക്ക് വീസ നിബന്ധനകള്‍ ഒഴിവാക്കാന്‍ തായ്‌ലൻഡ്. ഇത് വീസയില്ലാതെ തായ്‌ലൻഡില്‍ പ്രവേശിക്കാനും അവിടുത്തെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനും സഹായിക്കും.
കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍
തായ് രാജകുടുംബത്തിന്റെ മുന്‍ വസതിയായ ബാങ്കോക്കിലെ ഗ്രാന്‍ഡ് പാലസ്, അവിടുത്തെ ഏറ്റവും വലിയ മാര്‍ക്കറ്റായ ചതുചക് വീക്കെന്‍ഡ് മാര്‍ക്കറ്റ്, ചിയാങ് മായ് അല്ലെങ്കില്‍ ഖാവോ സോക്ക് നാഷണല്‍ പാര്‍ക്കിലെ സമൃദ്ധമായ മഴക്കാടുകളില്‍ ട്രെക്കിംഗ്, ബീച്ചുകള്‍, കോട്ടകള്‍ തുടങ്ങി നിരവധി കാഴ്ചകളാണ് അവിടെ കാത്തിരിക്കുന്നത്. കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനാണ് ഈ നീക്കം ലക്ഷ്യമിടുന്നതെന്ന് തായ്‌ലൻഡ് അറിയിച്ചു.
ഇന്ത്യയില്‍ നിന്നും തായ്വാനില്‍ നിന്നും വരുന്നവര്‍ക്ക് 30 ദിവസത്തേക്ക് തായ്‌ലൻഡില്‍ തങ്ങാന്‍ അനുമതിയുണ്ടെന്ന് തായ്‌ലൻഡിലെ ടൂറിസം വക്താവ് ചായ് വാച്ചറോങ്കെ അറിയിച്ചു. തായ്‌ലൻഡിലെത്തുന്ന വിനോദസഞ്ചാരികളില്‍ ഈ വര്‍ഷം മലേഷ്യ, ചൈന, ദക്ഷിണ കൊറിയ എന്നിവയ്ക്ക് ശേഷം ഏകദേശം 12 ലക്ഷം സഞ്ചാരികളുമായി ഇന്ത്യയാണ് നാലാമത്. ചൈനീസ് വിനോദസഞ്ചാരികള്‍ക്കുള്ള വീസ നിബന്ധനകള്‍ സെപ്റ്റംബറില്‍ തന്നെ തായ്‌ലഡ് ഒഴിവാക്കിയിരുന്നതായും അദ്ദേഹം പറഞ്ഞു.
ഈ വര്‍ഷം ജനുവരി മുതല്‍ ഒക്ടോബര്‍ 29 വരെ തായ്‌ലൻഡില്‍ മൊത്തം 2.2 കോടി സന്ദര്‍ശകരെത്തി. ഇത് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയിലേക്ക് 92,750 കോടി ബാത്ത് (ഏകദേശം 2.15 ലക്ഷം കോടി രൂപ) സംഭാവന ചെയ്തതായി തായ്‌ലൻഡ് സര്‍ക്കാരിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine