News & Views

10,000 തൊഴിലവസരങ്ങള്‍, 15,000 കോടി നിക്ഷേപം; കൊച്ചിന്‍ ഷിപ്‌യാര്‍ഡിന്റെ കരുത്ത് തമിഴ്‌നാട്ടിലെത്തിക്കാന്‍ സ്റ്റാലിന്‍

വിപണി ഇന്ന് വില്പന സമ്മര്‍ദത്തിലെങ്കിലും കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്, മസഗോണ്‍ ഡോക് ഷിപ്പ്ബില്‍ഡേഴ്‌സ് ഓഹരികള്‍ ഉയര്‍ച്ചയിലാണ്

Dhanam News Desk

കേരളത്തിന്റെ അഭിമാനമായ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് തമിഴ്‌നാട്ടില്‍ കപ്പല്‍ നിര്‍മാണശാല നിര്‍മിക്കാന്‍ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി 15,000 കോടി രൂപ നിക്ഷേപിക്കും. ആദ്യഘട്ടത്തില്‍ 10,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് വിലയിരുത്തല്‍. തമിഴ്‌നാട് ഷിപ്പ്‌യാര്‍ഡും കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡും ധാരണപത്രത്തില്‍ ഒപ്പുവച്ചു.

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിനെ കൂടാതെ മസഗോണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്‌സിന്റെ പുതിയൊരു കപ്പല്‍ നിര്‍മാണശാല നിര്‍മിക്കാനും തമിഴ്‌നാടിന് പദ്ധതിയുണ്ട്. ഇതിന് 15,000 കോടി രൂപ ചെലവ് വരുമെന്നാണ് തമിഴ്‌നാട് വ്യവസായമന്ത്രി ടി.ആര്‍.ബി രാജ വ്യക്തമാക്കിയത്. ഇരു പദ്ധതികളും പൂര്‍ത്തിയാകുന്നതോടെ 55,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് വിലയിരുത്തല്‍.

ഷിപ്പിംഗ് മേഖലയ്ക്ക് കേന്ദ്രത്തിന്റെ കൈത്താങ്ങ്

കഴിഞ്ഞ ദിവസം ഗുജറാത്തിലെ ഭാവ്‌നഗറില്‍ നടന്ന മാരിടൈം സമ്മേളനത്തില്‍ 34,200 കോടി രൂപയുടെ പദ്ധതികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഉള്‍പ്പെടെയുള്ള കമ്പനികള്‍ വിവിധ ധാരണപത്രങ്ങളില്‍ ഒപ്പുവച്ചിട്ടുണ്ട്.

ഷിപ്പിംഗ് സെക്ടറില്‍ കേന്ദ്രസര്‍ക്കാര്‍ 70,000 കോടി രൂപയുടെ പുതിയ പദ്ധതികളും പ്രഖ്യാപിച്ചു. ആഭ്യന്തര കപ്പല്‍ നിര്‍മാണ കമ്പനികള്‍ക്ക് ദീര്‍ഘകാല സാമ്പത്തിക സഹായം, ഇന്‍സെന്റീവ്, പലിശയില്‍ സബ്‌സിഡി തുടങ്ങിയവയ്ക്കാണ് കേന്ദ്രസഹായം.

കപ്പല്‍ നിര്‍മാണത്തില്‍ ഇന്ത്യയെ ആഗോള ഹബ്ബാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. കപ്പല്‍ നിര്‍മാണമെന്നത് വെറുമൊരു മേഖലയെ മാത്രമല്ല സ്വാധീനിക്കുക. സ്റ്റീല്‍ മുതല്‍ ഇലക്ട്രോണിക്‌സ് വരെ അനുബന്ധ മേഖലകളിലും വലിയതോതില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന് മോദി കൂട്ടിച്ചേര്‍ത്തു.

ഓഹരികള്‍ക്ക് ഉണര്‍വ്

വിപണി ഇന്ന് വില്പന സമ്മര്‍ദത്തിലെങ്കിലും കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്, മസഗോണ്‍ ഡോക് ഷിപ്പ്ബില്‍ഡേഴ്‌സ് ഓഹരികള്‍ ഉയര്‍ച്ചയിലാണ്. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരികള്‍ രാവിലെ 1,964 രൂപ വരെ ഉയര്‍ന്നിരുന്നു. സമാനരീതിയില്‍ മസഗോണ്‍ ഡോക് ഷിപ്പ്ബില്‍ഡേഴ്‌സും മികച്ച നേട്ടത്തില്‍ തുടങ്ങി മുന്നേറുകയാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT