സംസ്ഥാനത്തെ സഹകരണ ബാങ്കുകളില്‍ നിന്നെടുത്ത കാര്‍ഷിക വായ്പകളില്‍ വലിയ ഇളവുകള്‍ പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്. കാര്‍ഷിക ആവശ്യത്തിനായി എടുത്ത വായ്പകളില്‍ 75,000 രൂപ വരെയുള്ള തുക പൂര്‍ണമായും എഴുതിത്തള്ളുമെന്നാണ് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചത്.
സംസ്ഥാനത്തെ 14 ലക്ഷത്തിലധികം കര്‍ഷകര്‍ക്ക് പ്രയോജനം ചെയ്യും. പദ്ധതിക്കായി സര്‍ക്കാര്‍ 953.06 കോടി രൂപയുടെ അധിക സാമ്പത്തിക ബാധ്യത ഏറ്റെടുക്കും.
75,000 രൂപ വരെയുള്ള സഹകരണ കാര്‍ഷിക വായ്പകള്‍ക്ക് 100 ശതമാനം ഇളവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 75,000 രൂപയ്ക്കും ഒരു ലക്ഷം രൂപയ്ക്കും ഇടയിലുള്ള വായ്പകളില്‍ 75,000 രൂപ വരെ എഴുതിത്തള്ളും. ഈ വായ്പകളില്‍ 25,000 രൂപ മാത്രം കര്‍ഷകര്‍ അടച്ചാല്‍ മതിയാകും. ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള വായ്പകള്‍ക്ക് പരമാവധി 35,000 രൂപ വരെയാണ് ഇളവ് ലഭിക്കുക.
കാര്‍ഷിക മേഖല സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് നല്‍കുന്ന സംഭാവന കണക്കിലെടുത്താണ് കര്‍ഷകരുടെ വായ്പാഭാരം കുറയ്ക്കാന്‍ കൂടുതല്‍ സഹായം നല്‍കുന്നതെന്ന് മുഖ്യമന്ത്രി വിജയ് പറഞ്ഞു. കര്‍ഷകരെ സംസ്ഥാനത്തിന്റെ 'ജീവനാഡി'യെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഇതുവരെ 13.34 ലക്ഷം കര്‍ഷകര്‍ക്കായി ഏകദേശം 6,220 കോടി രൂപയുടെ സഹകരണ കാര്‍ഷിക വായ്പാ ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്കിടയിലും റിസര്‍വ് ബാങ്ക് മാനദണ്ഡങ്ങള്‍ പാലിച്ചാണ് സഹകരണ ബാങ്കുകള്‍ക്ക് ആവശ്യമായ തുക തിരിച്ചുനല്‍കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
അധികാരമേറ്റതിന് പിന്നാലെ 50,000 രൂപ വരെയുള്ള കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളിയ സര്‍ക്കാര്‍ പിന്നീട് പദ്ധതിയുടെ പരിധി വിപുലീകരിച്ചിരുന്നു. ഓഗസ്റ്റ് ഏഴിന് കര്‍ഷക സംഘടനകളുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് പുതിയ ഇളവുകള്‍ പ്രഖ്യാപിച്ചത്.
Read DhanamOnline in English
Subscribe to Dhanam Magazine