www.dmk.in
News & Views

ഇലക്‌ട്രോണിക്‌സ് കയറ്റുമതിയില്‍ തമിഴ്‌നാടന്‍ ആധിപത്യം! പിന്നാലെ യു.പിയും കര്‍ണാടകയും; എങ്ങുമെത്താതെ കേരളം

Dhanam News Desk

ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങളുടെ കയറ്റുമതിയില്‍ തമിഴ്‌നാടിന്റെ വന്‍കുതിപ്പ്. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചും ആഗോള കമ്പനികളെ ആകര്‍ഷിച്ചുമാണ് തമിഴ്‌നാട് ഈ രംഗത്ത് ആധിപത്യം ഉറപ്പിക്കുന്നത്. ഈ സാമ്പത്തിക വര്‍ഷത്തിലെ (2024 ഏപ്രില്‍ മുതല്‍ 2025 ഫെബ്രുവരി വരെ) ആദ്യ 11 മാസങ്ങളില്‍ തമിഴ്‌നാട് 12.62 ബില്ല്യണ്‍ ഡോളറിന്റെ റെക്കോഡ് കയറ്റുമതിയാണ് കൈവരിച്ചത്.

ഇന്ത്യയുടെ മൊത്തം ഇലക്ട്രോണിക്‌സ് കയറ്റുമതിയുടെ 37 ശതമാനം തമിഴ്‌നാടിന്റെ സംഭാവനയാണ്. രണ്ടാംസ്ഥാനത്ത് കര്‍ണാടകയാണ്. സമാന കാലയളവില്‍ 6.8 ബില്ല്യണ്‍ ഡോളര്‍ കയറ്റുമതിയാണ് കര്‍ണാടക നടത്തിയത്. ഉത്തര്‍പ്രദേശ് 13.8 ശതമാനം വിപണി വിഹിതവുമായി മൂന്നാം സ്ഥാനത്തുണ്ട്. എന്നാല്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് യു.പിയുടെ വിഹിതം താഴേക്ക് പോയിട്ടുണ്ട്.

തമിഴ്‌നാടിന് പുതിയ ക്ലസ്റ്ററുകള്‍

കേന്ദ്രം രണ്ട് പുതിയ ഇലക്ട്രോണിക്സ് നിര്‍മ്മാണ ക്ലസ്റ്ററുകള്‍ തമിഴ്‌നാട്ടില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കാഞ്ചിപുരത്തിലെ പിള്ളൈപ്പാക്കം, തിരുവള്ളൂരിലെ മനലൂര്‍ എന്നിവിടങ്ങളിലാണ് 1,112 കോടി രൂപ ചെലവില്‍ ക്ലസ്റ്ററുകള്‍ സ്ഥാപിക്കുക. ആന്ധ്രാപ്രദേശ് പോലുള്ള സംസ്ഥാനങ്ങള്‍ ഈ ക്ലസ്റ്ററുകള്‍ക്ക് വേണ്ടി കേന്ദ്രത്തിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. എന്നാല്‍ ഇലക്‌ട്രോണിക് രംഗത്ത് തമിഴ്‌നാടിന്റെ മുന്നേറ്റം പരിഗണിച്ചാണ് ഇവയ്ക്ക് അനുമതി ലഭിച്ചത്.

2027-28 ഓടെ തമിഴ്‌നാട് 20 മുതല്‍ 22 ബില്ല്യണ്‍ ഡോളര്‍ വരെ വാര്‍ഷിക കയറ്റുമതി ലക്ഷ്യത്തിലേക്കാണ് നീങ്ങുന്നത് എന്നതാണ് വ്യവസായ വിദഗ്ധരുടെ വിലയിരുത്തല്‍. 2023-24 സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ തമിഴ്‌നാടിന്റെ ഇലക്ട്രോണിക്സ് കയറ്റുമതി മൂല്യം 9.56 ബില്ല്യണ്‍ ഡോളറായിരുന്നു. ഇത് കര്‍ണാടക (4.60 ബില്ല്യണ്‍ ഡോളര്‍)യും ഉത്തര്‍പ്രദേശ് (4.46 ബില്ല്യണ്‍ ഡോളര്‍)യും തമ്മില്‍ ഇരട്ടിയിലധികം കൂടിയാണ്. ഈ വര്‍ഷം ഫെബ്രുവരി വരെ കര്‍ണാടകയുടെ കയറ്റുമതി 6.88 ബില്ല്യണ്‍ ഡോളറിലും ഉത്തര്‍പ്രദേശിന്റെത് 4.69 ബില്ല്യണ്‍ ഡോളറിലുമാണ്.

കൂടുതല്‍ തൊഴിലവസരങ്ങള്‍

ഇലക്‌ട്രോണിക്‌സ് ഉത്പന്നങ്ങളുടെ നിര്‍മാണവും കയറ്റുമതിയും ഉയരുമ്പോള്‍ തമിഴ്‌നാടില്‍ തൊഴിലവസരങ്ങളും ഏറുകയാണ്. നേരിട്ടും അല്ലാതെയും വലിയ തോതില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുന്നുണ്ട്. മുമ്പ് തമിഴ്‌നാട്ടില്‍ നിന്ന് പുറത്തേക്ക് തൊഴിലിനായി പോയിരുന്നവര്‍ ഇപ്പോള്‍ സ്വന്തം നാട്ടില്‍ തന്നെ മികച്ച ശമ്പളത്തില്‍ തൊഴിലെടുക്കുന്ന രീതിയിലേക്ക് മാറിയിട്ടുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT