News & Views

പാക്കിസ്ഥാനെ സമ്പത്തില്‍ തോല്‍പിച്ച് കേരളത്തിന്റെ അയല്‍സംസ്ഥാനം! ദാരിദ്ര്യം കുന്നുകൂടുമ്പോഴും പാക് സൈന്യത്തിന്റെ ധൂര്‍ത്ത്

ജനസംഖ്യയുടെ ഭൂരിപക്ഷവും ദാരിദ്രത്തില്‍ കഴിയുന്ന പാക്കിസ്ഥാനില്‍ വരുമാനത്തിന്റെ നല്ലൊരു പങ്കും സൈന്യത്തെ തീറ്റിപ്പോറ്റാനാണ് ഉപയോഗിക്കുന്നത്

Dhanam News Desk

പഹല്‍ഗാമിലെ ദാരുണ ആക്രമണം ലോകത്തിന് മുന്നില്‍ പാക്കിസ്ഥാന്റെ തീവ്രവാദ അനുകൂല നിലപാട് ഒരിക്കല്‍ക്കൂടി വെളിപ്പെടുന്നതിനാണ് ഇടയാക്കിയത്. ഇന്ത്യയ്‌ക്കെതിരേ ഒളിയാക്രമണം നടത്താന്‍ തീവ്രവാദികളെ ഉപയോഗിക്കുന്ന പാക്കിസ്ഥാന് പക്ഷേ സ്വന്തം രാജ്യത്തെ സാമ്പത്തിക ഞെരുക്കത്തില്‍ നിന്ന് കയറ്റാന്‍ സാധിച്ചിട്ടില്ല.

ജനസംഖ്യയുടെ ഭൂരിപക്ഷവും ദാരിദ്രത്തില്‍ കഴിയുന്ന പാക്കിസ്ഥാനില്‍ വരുമാനത്തിന്റെ നല്ലൊരു പങ്കും സൈന്യത്തെ തീറ്റിപ്പോറ്റാനാണ് ഉപയോഗിക്കുന്നത്. ജിഡിപിയുടെ നല്ലൊരു പങ്കും സൈന്യത്തിനായി മാറ്റിവയ്ക്കുന്നതിലൂടെ അടിസ്ഥാന സൗകര്യ വികസനത്തിലടക്കം രാജ്യം പിന്നോക്കം പോകുന്നു.

തമിഴ്‌നാടിന്റെയും മഹാരാഷ്ട്രയുടെയും കുതിപ്പ്

പാക്കിസ്ഥാന്‍ ജിഡിപി മഹാരാഷ്ട്ര, തമിഴ്‌നാട് എന്നീ ഇന്ത്യന്‍ സംസ്ഥാനങ്ങളേക്കാള്‍ താഴെയാണ്. പ്രതിരോധത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചതോടെ പാക്കിസ്ഥാന് വിദേശനാണ്യം നേടിക്കൊടുക്കുന്ന കൃഷി അടക്കമുള്ള മേഖലകള്‍ ദുര്‍ബലമായി. അടിക്കടി പ്രകൃതിദുരന്തങ്ങളും സംഭവിച്ചത് പാക്കിസ്ഥാന്റെ അടിത്തറയിളക്കി. മറുവശത്ത് അടിസ്ഥാന സൗകര്യ വികസനത്തിലും കാര്‍ഷിക മേഖലയിലും ചെലവഴിക്കല്‍ വര്‍ധിപ്പിച്ച് ഇന്ത്യ സാമ്പത്തിക ശക്തിയായി ഉയരുകയും ചെയ്തു.

അന്താരാഷ്ട്ര നാണയനിധിയുടെ കണക്കനുസരിച്ച് ഈ വര്‍ഷം പാക് സമ്പദ്‌വ്യവസ്ഥ 2.6 ശതമാനം മാത്രമേ വളര്‍ച്ച നേടുകയുള്ളൂ. ഇന്ത്യയുടെ പ്രതീക്ഷിത വളര്‍ച്ചാനിരക്ക് 6.5 ശതമാനമാണ്. 31.1 ലക്ഷം കോടി രൂപയുടേതാണ് പാക് ജിഡിപി. ഇന്ത്യന്‍ ജിഡിപിയാകട്ടെ 185 ലക്ഷം കോടി രൂപയാണ്.

മഹാരാഷ്ട്രയുടെ ജിഡിപി 42.67 ലക്ഷം കോടി രൂപയാണ്. തമിഴ്‌നാടിന്റേത് 31.55 ലക്ഷം കോടി രൂപയും. വ്യവസായിക, ഓട്ടോമോറ്റീവ് രംഗത്ത് ഈ സംസ്ഥാനങ്ങളുടെ കുതിപ്പാണ് ജിഡിപിയിലും പ്രതിഫലിക്കുന്നത്. മെയ്ക് ഇന്‍ ഇന്ത്യ പദ്ധതികള്‍ ഇരു സംസ്ഥാനങ്ങള്‍ക്കും വലിയ നേട്ടങ്ങള്‍ സമ്മാനിക്കുകയും ചെയ്തു.

പ്രതിരോധത്തില്‍ തട്ടി പാക്കിസ്ഥാന്‍

സാമ്പത്തികമായി വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെങ്കിലും ഓരോ വര്‍ഷവും പ്രതിരോധ വിഹിതം വര്‍ധിപ്പിക്കുകയാണ് പാക്കിസ്ഥാന്‍. അന്താരാഷ്ട്ര ഏജന്‍സികളില്‍ നിന്ന് ലഭിക്കുന്ന വായ്പകളുടെ നേട്ടം പോലും പാക് ജനതയ്ക്ക് ലഭിക്കാത്തതിന്റെ കാരണവും ഇതുതന്നെ. 2025 സാമ്പത്തികവര്‍ഷം പാക് പ്രതിരോധ വിഹിതം 16.4 ശതമാനമാണ് വര്‍ധിപ്പിച്ചത്. ഏകദേശം 60,655 കോടി രൂപ വരുമിത്. പാക്കിസ്ഥാന്റെ വിദേശകടം ആകെ ജിഡിപിയുടെ 42 ശതമാനമാണ്.

പാക്കിസ്ഥാന്റെ ഇറക്കുമതിയുടെ സിംഹഭാഗവും ആയുധങ്ങള്‍ക്കു വേണ്ടിയാണ്. 2019-2023 കാലഘട്ടത്തില്‍ പാക് സൈന്യത്തിന്റെ ആയുധ വാങ്ങലിന്റെ 82 ശതമാനവും ചൈനയില്‍ നിന്നായിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധത്തിന്റെ നേട്ടം കൂടുതലും ചൈനയ്ക്കാണ്. തുര്‍ക്കിയാണ് ആയുധ വില്പനയില്‍ രണ്ടാംസ്ഥാനത്തുള്ളത്. ഇന്ത്യയുടെ പ്രതിരോധ ബജറ്റ് 6.81 ലക്ഷം കോടി രൂപയുടേതാണ്.

Pakistan lags behind Tamil Nadu and Maharashtra in GDP growth as India advances with industrial and infrastructural development

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT