ടാറ്റാ ഗ്രൂപ്പിന്റെ ഭാഗമായുള്ള ജുവലറി ബ്രാന്‍ഡായ തനിഷ്‌ക് ഗള്‍ഫ് മേഖലയില്‍ മാര്‍ക്കറ്റ് വിപുലപ്പെടുത്തുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ സജീവ സാന്നിധ്യമുള്ള ദമാസ് ജുവലറിയുടെ 67 ശതമാനം ഓഹരികളാണ് ടാറ്റാ ഗ്രൂപ്പ് സ്വന്തമാക്കിയത്. ടൈറ്റന്‍ കമ്പനിയുടെ അനുബന്ധ സ്ഥാപനമായ ടൈറ്റന്‍സ് ഹോള്‍ഡിംഗ്‌സ് (Titan Holdings International FZCO) വഴിയാണ് ഏറ്റെടുക്കല്‍.
യു.എ.ഇ, ഖത്തര്‍, കുവൈറ്റ്, ബഹ്‌റൈന്‍, ഒമാന്‍ എന്നീ രാജ്യങ്ങളിലായി 146 ഷോറൂമുകളാണ് ദമാസിനുള്ളത്. ബ്രാന്‍ഡിംഗിന്റെ ഭാഗമായി പേര് മാറ്റില്ലെന്ന് ടാറ്റാ ഗ്രൂപ്പ് അറിയിച്ചിരിക്കുന്നത്. ദമാസ് എന്ന പേരില്‍ തന്നെയാകും ജുവലറികള്‍ തുടര്‍ന്നും പ്രവര്‍ത്തിക്കുക. ദമാസ് കൂടി ഗ്രൂപ്പിന്റെ ഭാഗമാകുന്നതോടെ തനിഷ്‌കിന്റെ ഗള്‍ഫ് മേഖലയിലെ വിപണി പങ്കാളിത്തം വര്‍ധിക്കും.
കേരളത്തില്‍ നിന്നുള്ള ജുവലറി ബ്രാന്‍ഡുകളുടെ വലിയ മാര്‍ക്കറ്റാണ് ഗള്‍ഫ് രാജ്യങ്ങള്‍. തനിഷ്‌ക് കൂടുതല്‍ വിപുലമായ ശൃംഖലയുമായി എത്തുന്നതോടെ ഗള്‍ഫ് വിപണിയില്‍ മത്സരം കടുക്കും. ജനറല്‍, പ്രീമിയം ജുവലറി മാര്‍ക്കറ്റില്‍ കൂടുതല്‍ ശ്രദ്ധയൂന്നാന്‍ ഈ ഏറ്റെടുക്കലിലൂടെ തനിഷ്‌കിന് സാധിക്കും.
ഗള്‍ഫ് മേഖലയിലെ ഇന്ത്യക്കാരെയും ദക്ഷിണേഷ്യന്‍ രാജ്യക്കാരെയും തനിഷ്‌ക് ബ്രാന്‍ഡിലൂടെയും തദ്ദേശീയരെ ദമാസിലൂടെയും ആകര്‍ഷിക്കാന്‍ ടാറ്റാ ഗ്രൂപ്പിന് സാധിക്കും.
118 വര്‍ഷം മുമ്പ് സ്വര്‍ണ പണിശാലയായി തുടങ്ങിയ സ്ഥാപനമാണ് ദമാസ്. 1907ലായിരുന്നു ഇത്. 1959ലാണ് ദുബൈയില്‍ ആദ്യത്തെ ഷോപ്പ് തുറക്കുന്നത്. പിന്നീട് പടിപടിയായി വളര്‍ന്ന ഗ്രൂപ്പ് ഇപ്പോള്‍ ഗള്‍ഫ് മേഖലയിലെ മുമ്പന്മാരാണ്.
Read DhanamOnline in English
Subscribe to Dhanam Magazine