ഡൊണാള്‍ഡ് ട്രംപിന്റെ നികുതി യുദ്ധം ആഗോള വ്യാപാര മേഖലക്ക് തിരിച്ചടിയായുമെന്ന് മുന്നറിയിപ്പുമായി അന്താരാഷ്ട്ര വ്യാപാര സംഘടന(World Trade Organization). ഈ വര്‍ഷം ആഗോള തലത്തില്‍ വ്യാപാരത്തില്‍ 0.2 ശതമാനം കുറവ് വരുമെന്നാണ് സംഘടനയുടെ പുതിയ കണക്ക്. വ്യാപാര യുദ്ധം മുറുകുകയാണെങ്കില്‍ ഇടിവ് 1.5 ശതമാനം വരെ ഉയരാമെന്നും മുന്നറിയിപ്പുണ്ട്.
മാസങ്ങള്‍ക്ക് മുമ്പ് ലോക വ്യാപാര സംഘടന നടത്തിയ വിലയിരുത്തലില്‍ പുതിയ സാമ്പത്തിക വര്‍ഷത്തില്‍ വ്യാപാരത്തില്‍ വളര്‍ച്ചയുണ്ടാകുമെന്നാണ് കണക്കാക്കിയിരുന്നത്. എന്നാല്‍ ട്രംപ് അധികാരത്തില്‍ വന്നതിന് ശേഷമുണ്ടായ തീരുമാനങ്ങള്‍ രാജ്യാതിര്‍ത്തികള്‍ക്കിടയില്‍ വ്യാപാരം കുറയാന്‍ ഇടയാക്കുമെന്നാണ് പുതിയ വിലയിരുത്തല്‍.
' വ്യാപാര മേഖലയില്‍ ഉണ്ടായിട്ടുള്ള അനിശ്ചിതാവസ്ഥ ആഗോള വളര്‍ച്ചയെ തളര്‍ത്തും. പല മേഖലകളിലും അമേരിക്കയുടെ തീരുമാനങ്ങള്‍ തിരിച്ചടികളുണ്ടാക്കും. സാമ്പത്തിക മേഖലയെയാണ് ആത് കൂടുതലായി ബാധിക്കുക.' ഡബ്ല്യുടിഒ ഡയറക്ടര്‍ ജനറല്‍ ഗോസി കോഞ്ചോ ഇവീല പറഞ്ഞു. നികുതി കുറക്കാന്‍ ട്രംപ് എടുത്ത ഇപ്പോഴത്തെ തീരുമാനവും താല്‍കാലിക ആശ്വാസം മാത്രമാണെന്നും അവര്‍ പറഞ്ഞു.
കയറ്റുമതിയെ ആശ്രയിച്ച് ജീവിക്കുന്ന അവികസിത രാജ്യങ്ങളെയാകും അമേരിക്കയുടെ തീരുമാനം കൂടുതല്‍ തളര്‍ത്തുകയെന്ന് സംഘടന ചൂണ്ടിക്കാട്ടി. വടക്കേ അമേരിക്കന്‍ രാജ്യങ്ങള്‍ക്ക് കനത്ത തിരിച്ചടിയുണ്ടാകും. ഇവിടെ നിന്നുള്ള കയറ്റുമതിയില്‍ 12.6 ശതമാനവും ഇറക്കുമതിയില്‍ 2.5 ശതമാനവും കുറവ് വരും.
ഈ സാമ്പത്തിക വര്‍ഷം ലോക വ്യാപാരത്തില്‍ 2.7 ശതമാനം വളര്‍ച്ചയാണ് ഡബ്ല്യൂടിഒ കണക്കാക്കിയിരുന്നത്. 2026 ല്‍ 2.9 ശതമാനവും. എന്നാല്‍ എപ്രില്‍ 2 ന് അമേരിക്ക നടപ്പാക്കിയ പുതിയ നികുതി നയം ഈ കണക്കുകളെയെല്ലാം അട്ടിമറിക്കുകയാണ്. അമേരിക്കയുടെ തത്തുല്യ നികുതി പൂര്‍ണ തോതില്‍ നടപ്പാക്കിയാല്‍ വ്യാപാര മേഖലയിലെ തിരിച്ചടി കനത്തതാകുമെന്നും ലോക വ്യാപാര സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine