ടാറ്റ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ Image Source: Tata FB Pages/ Canva
News & Views

ട്രസ്റ്റ്-കോർപ്പറേറ്റ് തർക്കം അതിരൂക്ഷം; ടാറ്റ സൺസിന്റെ ചെയർമാൻ പദവിയിൽ നിന്നും എൻ. ചന്ദ്രശേഖരൻ പുറത്തേക്ക്?

സർ രത്തൻ ടാറ്റ ട്രസ്റ്റിന്റെ സസ്‌പെൻഷനും വോട്ടിങ് അവകാശങ്ങളിലെ നിയമ സങ്കീർണ്ണതകളും എ.ജി.എമ്മിന്റെ നടത്തിപ്പിനെയും ഡയറക്ടർ പുനർനിയമനത്തെയും ചോദ്യം ചെയ്യുമ്പോൾ, എൻ. ചന്ദ്രശേഖരന്റെ തുടർ നേതൃത്വവും ടാറ്റ ഗ്രൂപ്പിന്റെ കോർപ്പറേറ്റ് ഗവേണൻസും നിർണായക വഴിത്തിരിവിൽ

Dhanam News Desk

ടാറ്റ സൺസിന്റെ ഓഗസ്റ്റ് 18-ന് ചേരാനിരിക്കുന്ന എ.ജി.എമ്മിന് മുന്നോടിയായി ട്രസ്റ്റുകളും കോർപ്പറേറ്റ് നേതൃത്വവും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു. ആർട്ടിക്കിൾസ് ഓഫ് അസോസിയേഷൻ പ്രകാരമുള്ള റൊട്ടേഷൻ നിയമങ്ങളും ക്വോറം സംബന്ധമായ അനിശ്ചിതത്വവും കാരണം ചെയർമാൻ എൻ. ചന്ദ്രശേഖരൻ യോഗത്തിന് മുമ്പ് പദവി ഒഴിയാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ ഉയരുന്നു. ഇത് ടാറ്റ ഗ്രൂപ്പിന്റെ ഭാവി ഭരണ ഘടനയെക്കുറിച്ച് വലിയ ചോദ്യങ്ങൾ ഉയർത്തുന്നു.

ഇന്ത്യയിലെ ഏറ്റവും വലിയ കോർപ്പറേറ്റ് ഗ്രൂപ്പും ടാറ്റ കമ്പനികളുടെ പ്രധാന പ്രമോട്ടറുമായ ടാറ്റ സൺസിന്റെ ഓഗസ്റ്റ് 18-ന് നടക്കാനിരിക്കുന്ന വാർഷിക പൊതുയോഗത്തിന് (എ.ജി.എം) മുന്നോടിയായി കമ്പനിയിലെ ഭരണപരമായ തർക്കങ്ങൾ രൂക്ഷമാകുന്നു. ബോർഡ് പുനഃസംഘടനയിലെ നിയമപരമായ സങ്കീർണ്ണതകളും പുനർനിയമനത്തെക്കുറിച്ചുള്ള അനിശ്ചിതത്വവും ഒഴിവാക്കുന്നതിനായി, ടാറ്റ സൺസിന്റെ അധ്യക്ഷനായ എൻ. ചന്ദ്രശേഖരൻ, വാർഷിക പൊതുയോഗത്തിന് മുൻപ് പദവി ഒഴിഞ്ഞേക്കുമെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു.

ചന്ദ്രശേഖരന്റെ നിലവിലെ അധ്യക്ഷ കാലാവധി 2027 ഫെബ്രുവരി വരെ ലഭ്യമാണെങ്കിലും ടാറ്റ സൺസിന്റെ 'ആർട്ടിക്കിൾസ് ഓഫ് അസോസിയേഷൻ' പ്രകാരം റൊട്ടേഷൻ അടിസ്ഥാനത്തിൽ അദ്ദേഹം ഡയറക്ടർ സ്ഥാനത്തുനിന്ന് വിരമിക്കേണ്ടതുണ്ട്. വാർഷിക പൊതുയോ​ഗത്തിൽ ഡയറക്ടറായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാൽ മാത്രമേ അദ്ദേഹത്തിന് ചെയർമാനായി തുടരാൻ സാധിക്കുകയുള്ളൂ.

ടാറ്റ സൺസിലെ പ്രധാന ഭിന്നതകളും തടസ്സങ്ങളും:

  • നേതൃത്വത്തിലെ വിയോജിപ്പ്: ടാറ്റ ഗ്രൂപ്പിന്റെ വിരമിക്കൽ പ്രായമായ 65 വയസ്സ് ചൂണ്ടിക്കാട്ടി, ചന്ദ്രശേഖരന് അഞ്ചു വർഷത്തെ പൂർണമായ കാലാവധി നൽകുന്നതിന് പകരം രണ്ടു വർഷത്തെ എക്സിക്യൂട്ടീവ് കാലാവധി മാത്രം നൽകണമെന്നാണ് ടാറ്റ ട്രസ്റ്റ്സ് ചെയർമാൻ നോയൽ ടാറ്റയുടെ നിലപാട്. കൂടാതെ, ഗ്രൂപ്പിന്റെ പുതിയ ബിസിനസ് സംരംഭങ്ങളുടെ പ്രവർത്തന മികവിനെ കുറിച്ചും ട്രസ്റ്റിൽ ആശങ്കകൾ ഉയർന്നിട്ടുണ്ട്.

  • സർ രത്തൻ ടാറ്റ ട്രസ്റ്റിന്റെ സസ്‌പെൻഷൻ: ടാറ്റ സൺസിലെ പ്രധാന ഓഹരി ഉടമകളിലൊന്നായ സർ രത്തൻ ടാറ്റ ട്രസ്റ്റിനെ (SRTT), ട്രസ്റ്റ് നിയമങ്ങളുടെ ലംഘനം ആരോപിച്ചു മഹാരാഷ്ട്ര ചാരിറ്റി കമ്മീഷണർ തീരുമാനങ്ങളെടുക്കുന്നതിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരിക്കുകയാണ്.

  • വോട്ടിങ് നിയമങ്ങളിലെ സങ്കീർണ്ണത: ടാറ്റാ സൺസിന്റെ നിയമാവലി അനുസരിച്ച് സർ രത്തൻ ടാറ്റാ ട്രസ്റ്റും സർ ദൊറാബ്ജി ടാറ്റാ ട്രസ്റ്റും സംയുക്തമായി നാമനിർദ്ദേശം ചെയ്യുന്ന ട്രസ്റ്റികൾക്ക് മാത്രമേ എ.ജി.എമ്മിൽ വോട്ട് ചെയ്യാൻ സാധിക്കൂ. സർ രത്തൻ ടാറ്റാ ട്രസ്റ്റിന്റെ സസ്‌പെൻഷൻ നിലനിൽക്കുന്നതിനാൽ, വോട്ടിങ് പ്രതിനിധികളെ തീരുമാനിക്കുന്നതിലും യോഗത്തിന്റെ കോറം പൂർത്തിയാക്കുന്നതിലും നിയമപരമായ തടസ്സങ്ങൾ നിലനിൽക്കുന്നു.

കമ്പനീസ് ആക്ടും നിയമപരമായ പ്രതിസന്ധിയും

കമ്പനീസ് ആക്ട് പ്രകാരം [സെക്ഷൻ 152-(6), 152-(7)] ക്വോറം തികയാത്തതിനെ തുടർന്ന് വാർഷിക പൊതുയോ​ഗം ചേരാൻ സാധിക്കാത്ത സാഹചര്യത്തിൽ വിരമിക്കുന്ന ഡയറക്ടറുടെ കാലാവധി നീട്ടിനൽകാൻ വ്യവസ്ഥകളില്ല. മാറ്റിവെച്ച പൊതു യോഗങ്ങളിൽ പദവിയിൽ തുടരാവുന്ന വ്യവസ്ഥകൾ ഉണ്ടെങ്കിലും, യോഗം തന്നെ നടക്കാതിരിക്കുന്നത് വലിയ നിയമപരമായ പ്രതിസന്ധിക്ക് വഴിവെക്കും. ഇത് പരിഹരിക്കാൻ ടാറ്റ സൺസിന് കോടതിയെ സമീപിക്കേണ്ടി വന്നേക്കാം.

മുതിർന്ന വ്യവസായി രത്തൻ ടാറ്റയുടെ വിയോഗത്തിന് ശേഷം ടാറ്റാ ഗ്രൂപ്പിന്റെ കോർപ്പറേറ്റ് ഭരണത്തിൽ ഉടലെടുത്ത അഭിപ്രായവ്യത്യാസങ്ങളാണ് ഈ നീക്കങ്ങൾക്ക് പിന്നിൽ. മുൻപ് ഐക്യകണ്ഠേന ചന്ദ്രശേഖരനെ പിന്തുണച്ചിരുന്ന ട്രസ്റ്റികൾക്കിടയിൽ നിലവിലുണ്ടായ ഈ മാറ്റം, ടാറ്റ സൺസിന്റെ ഭാവി ഭരണ നേതൃത്വത്തെയും കോർപ്പറേറ്റ് നിലപാടുകളെയും എവിടേക്ക് നയിക്കുമെന്ന ചോദ്യമാണ് ഉയർത്തുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT