അധികാര തര്‍ക്കത്തിനൊടുവില്‍ ടാറ്റ ട്രസ്റ്റില്‍ തലമുറ മാറ്റം. സര്‍ ദൊറാബ്ജി ടാറ്റ ട്രസ്റ്റിന്റെ ഡയറക്ടര്‍ ബോര്‍ഡിലേക്ക് നെവില്ലെ ടാറ്റയെയും ഭാസ്‌ക്കര്‍ ഭട്ടിനെയും നിയമിച്ചു. ചെയര്‍മാന്‍ നോയല്‍ ടാറ്റയുടെ മകനാണ് നെവില്ലെ ടാറ്റ. ടൈറ്റാന്‍ മുന്‍ എം.ഡിയും ടാറ്റ ഗ്രൂപ്പിന്റെ വിശ്വസ്തനുമാണ് ഭാസ്‌ക്കര്‍ ഭട്ട്. മൂന്ന് വര്‍ഷത്തേക്കാണ് ഇരുവരുടെയും നിയമനം. ഡയറക്ടര്‍ ബോര്‍ഡ് ആജീവനാന്ത അംഗമായിരുന്ന വേണു ശ്രീനിവാസന്റെ അംഗത്വം മൂന്ന് വര്‍ഷമായി നിശ്ചയിക്കാനും കഴിഞ്ഞ ദിവസം നടന്ന യോഗത്തില്‍ തീരുമാനമായി. ബോര്‍ഡിലെ ആജീവനാന്ത ട്രസ്റ്റികളുടെ എണ്ണം നാലിലൊന്നാക്കി കുറക്കണമെന്ന മഹാരാഷ്ട്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണിത്.
ഇതോടെ ടാറ്റ ഗ്രൂപ്പ് കമ്പനികളുടെ അധികാരം ട്രസ്റ്റ് ചെയര്‍മാന്‍ നോയല്‍ ടാറ്റയിലേക്ക് കേന്ദ്രീകരിക്കുമെന്നാണ് വിലയിരുത്തല്‍. ഒപ്പം 32കാരനായ നെവില്ലെ ടാറ്റയും കോര്‍പറേറ്റ് ലോകത്ത് ചര്‍ച്ചയായി. ടാറ്റ ട്രസ്റ്റില്‍ ദീര്‍ഘകാലം പ്രവര്‍ത്തിക്കാനുള്ള അവസരമാണ് നെവില്ലെ ടാറ്റക്ക് മുന്നില്‍ തുറക്കുന്നത്.
ലണ്ടനിലെ പ്രശസ്തമായ ബെയിസ് ബിസിനസ് സ്‌കൂളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ നെവില്ലെ 2016ലാണ് ടാറ്റ ഗ്രൂപ്പ് കമ്പനിയായ ട്രെന്റില്‍ ചേരുന്നത്. പാക്കേജ്ഡ് ഫുഡ്, ബിവറേജസ് വിഭാഗത്തിലായിരുന്നു ചുമതല. ഇന്ത്യന്‍ ഫാഷന്‍ രംഗത്ത് പുതിയ ട്രെന്‍ഡിന് തുടക്കമിട്ട സുഡിയോയെ നയിക്കാനുള്ള നിയോഗവും അദ്ദേഹത്തിനെ തേടിയെത്തി. സിംഗപ്പൂരിലെ ഇന്‍സീഡ് ബിസിനസ് സ്‌കൂളില്‍ നിന്ന് അടുത്തിടെ എം.ബി.എ ബിരുദവും അദ്ദേഹം സ്വന്തമാക്കിയിരുന്നു. നിലവില്‍ ജെ.ആര്‍.ഡി ടാറ്റ ട്രസ്റ്റ്, ടാറ്റ സോഷ്യല്‍ വെല്‍ഫയര്‍ ട്രസ്റ്റ്, ആര്‍.ഡി ടാറ്റ ട്രസ്റ്റ് എന്നിവയില്‍ അംഗമാണ്. ഗ്രൂപ്പിന് കീഴിലുള്ള മറ്റ് ട്രസ്റ്റുകളുടെ ഡയറക്ടര്‍ ബോര്‍ഡിലും നെവില്ലെ അംഗമാകും.
ഐ.ഐ.ടി മദ്രാസിലും ഐ.ഐ.എം അഹമ്മദാബാദിലും പഠിച്ച ഭാസ്‌ക്കര്‍ ഭട്ട,് ഗോദ്‌റെജ് ആന്‍ഡ് ബോയ്‌സെ കമ്പനിയിലാണ് തന്റെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. പിന്നീട് ടാറ്റ വാച്ച് പ്രോജക്ടിന്റെ ഭാഗമായി. ഇതാണ് പിന്നീട് ടൈറ്റാന്‍ ആയി മാറിയത്. 2002 മുതല്‍ 2019 വരെ കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായിരുന്നു. കേവലം വാച്ച് കമ്പനിയില്‍ നിന്ന് കണ്ണട, ജുവലറി, അക്‌സസറീസ്, സാരി എന്നീ മേഖലകളിലേക്കും ടൈറ്റാന്‍ വളര്‍ന്നത് ഈ കാലത്താണ്.
അന്തരിച്ച മുന്‍ ടാറ്റ ചെയര്‍മാന്‍ രത്തന്‍ ടാറ്റയുടെ വിശ്വസ്തനായിരുന്ന മെഹ്‌ലി മിസ്ട്രിയുമായി ബന്ധപ്പെട്ടുണ്ടായ അധികാര തര്‍ക്കങ്ങള്‍ അടുത്തിടെ വാര്‍ത്തയായിരുന്നു. ഡയറക്ടര്‍ ബോര്‍ഡ് അംഗമായിരുന്ന മുന്‍പ്രതിരോധ സെക്രട്ടറി വിജയ് സിംഗിന്റെ പുനര്‍ നിയമനവുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കങ്ങളുടെ തുടക്കം. അത് പിന്നീട് ടാറ്റ സണ്‍സിന്റെ ഓഹരി പ്രവേശനത്തില്‍ വരെയെത്തി. എന്നാല്‍ മിസിട്രിയുടെ ട്രസ്റ്റ് അംഗത്വം ബോര്‍ഡ് യോഗം അംഗീകരിക്കാത്തതോടെ അദ്ദേഹം കഴിഞ്ഞ ദിവസങ്ങളില്‍ പടിയിറങ്ങി. ടാറ്റ ട്രസ്റ്റിനെ വിവാദങ്ങളില്‍ വലിച്ചിഴക്കാന്‍ താത്പര്യമില്ലെന്നും അത് രത്തന്‍ ടാറ്റയോടുള്ള തന്റെ കടപ്പാടിന്റെ ഭാഗമാണെന്നും പ്രതികരിച്ചാണ് മിസ്ട്രിയുടെ മടക്കം.
2024ല്‍ രത്തന്‍ ടാറ്റയുടെ മരണത്തിന് ശേഷം ട്രസ്റ്റിന്റെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് നോയല്‍ ടാറ്റയുടെ പേര് നിര്‍ദ്ദേശിച്ചത് മിസ്ട്രിയാണ്. മിസ്ട്രിയുടെ പുനര്‍നിയമനത്തെ എതിര്‍ക്കാന്‍ രംഗത്തുണ്ടായിരുന്നത് നോയല്‍ ടാറ്റയാണെന്നത് വിരോധാഭാസം. ടാറ്റ ട്രസ്റ്റിനെ കയ്യടക്കാന്‍ മിസ്ട്രി ക്യാമ്പ് ശ്രമിക്കുന്നു എന്നായിരുന്നു മറുപക്ഷത്തിന്റെ ആരോപണം. എന്തായാലും ഡയറക്ടര്‍ ബോര്‍ഡില്‍ പുതിയ അംഗങ്ങളെത്തിയതോടെ ഗ്രൂപ്പിലെ അധികാര തര്‍ക്കങ്ങള്‍ ഇതോടെ അവസാനിക്കുമോയെന്നാണ് കോര്‍പറേറ്റ് ലോകം ഉറ്റുനോക്കുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine