TATA GROUP FACEBOOK PAGE
News & Views

ടാറ്റയില്‍ തര്‍ക്കം? ₹27 ലക്ഷം കോടി മൂല്യമുള്ള ബിസിനസ് സാമ്രാജ്യത്തില്‍ അധികാര വടംവലി? കുഴഞ്ഞു മറിഞ്ഞ് ഡയറക്ടര്‍ ബോര്‍ഡ് നിയമനം

നിലവിലെ നോമിനി ഡയറക്ടര്‍ക്ക് പകരം മറ്റൊരാളെ നിയമിച്ച് ടാറ്റ ട്രസ്റ്റ്, ടാറ്റ സണ്‍സ് എന്നിവയിലെ ഡയറക്ടര്‍ ബോര്‍ഡ് കയ്യടക്കാന്‍ ചിലര്‍ നടത്തുന്ന ശ്രമങ്ങളാണ് തര്‍ക്കത്തിന് പിന്നിലെന്നും റിപ്പോര്‍ട്ട്

Dhanam News Desk

ടാറ്റ സണ്‍സ് ഡയറക്ടര്‍ ബോര്‍ഡിലേക്കുള്ള നോമിനി ഡയറക്ടറുടെ നിയമനത്തെച്ചൊല്ലി ടാറ്റ ട്രസ്റ്റില്‍ തര്‍ക്കമെന്ന് റിപ്പോര്‍ട്ട്. 27 ലക്ഷം കോടി രൂപ മൂല്യമുള്ളതും ഇന്ത്യയിലെ ഏറ്റവും വലുതുമായ ബിസിനസ് ഗ്രൂപ്പാണ് നിലവില്‍ ടാറ്റ സണ്‍സ്. ചാരിറ്റബിള്‍ ട്രസ്റ്റായി രജിസ്റ്റര്‍ ചെയ്യപ്പെട്ട ടാറ്റ ട്രസ്റ്റിന് ഈ കമ്പനിയെ എത്രത്തോളം നിയന്ത്രിക്കാനാകുമെന്ന വിഷയത്തില്‍ വലിയ ചര്‍ച്ച നടന്നതായും ദി ഇക്കണോമിക്‌സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

രത്തന്‍ ടാറ്റയുടെ മരണശേഷം ടാറ്റ ട്രസ്റ്റിന്റെ ചെയര്‍മാനായി നോയല്‍ ടാറ്റ എത്തിയതിന് പിന്നാലെ 2024 ഒക്ടോബറില്‍ പാസാക്കിയ പ്രമേയമാണ് പ്രശ്‌നങ്ങള്‍ക്കെല്ലാം തുടക്കമിട്ടതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ടാറ്റ സണ്‍സ് ഡയറക്ടര്‍ ബോര്‍ഡിലേക്ക് നോമിനേറ്റ് ചെയ്യപ്പെടുന്ന 75 വയസ് പിന്നിട്ട അംഗങ്ങളുടെ നിയമനമാണ് കുരുക്കായത്. ഇവരുടെ നിയമനം തുടരണമെങ്കില്‍ എല്ലാ വര്‍ഷവും ടാറ്റ ട്രസ്റ്റ് ഡയറക്ടര്‍ ബോര്‍ഡിന്റെ അനുമതി വേണമെന്നായിരുന്നു വ്യവസ്ഥ.

തര്‍ക്കം ഇങ്ങനെ

നിലവില്‍ ടാറ്റ ട്രസ്റ്റിലെ നോമിനി ഡയറക്ടറായ മുന്‍ പ്രതിരോധ സെക്രട്ടറി വിജയ് സിംഗിന് ടാറ്റ സണ്‍സിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ തുടരണമെങ്കില്‍ പുനര്‍നിയമനം ലഭിക്കണം. ഇത് തീരുമാനിക്കേണ്ടത് ടാറ്റ ട്രസ്റ്റ് ഡയറക്ടര്‍ ബോര്‍ഡാണ്. 77 കാരനായ വിജയ് സിംഗിന് ടാറ്റ സണ്‍സ് ഡയറക്ടര്‍ ബോര്‍ഡില്‍ പുനര്‍ നിയമനം നല്‍കരുതെന്ന് കഴിഞ്ഞ ദിവസം നടന്ന യോഗത്തില്‍ നാല് അംഗങ്ങള്‍ ആവശ്യപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. ട്രസ്റ്റ് അംഗങ്ങളായ മെഹില്‍ മിസ്ട്രി, പ്രമിത് ജവേരി, ജെഹാന്‍ഗീര്‍ ജെഹാന്‍ഗീര്‍, ഡാരിയസ് ഖമ്പാട്ട എന്നിവരാണ് ഇതിനെ എതിര്‍ത്തതെന്നും റിപ്പോര്‍ട്ടില്‍ തുടരുന്നു. വിജയ് സിംഗിന് പകരം മെഹില്‍ മിസ്ട്രിയെ ടാറ്റ സണ്‍സ് ഡയറക്ടര്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്തണമെന്നാണ് ഇവരുടെ ആവശ്യം. എന്നാല്‍ നോയല്‍ ടാറ്റ, വേണു ശ്രീനിവാസന്‍ എന്നിവര്‍ ഇതിനെ എതിര്‍ത്തു.

പ്രശ്‌നം വഷളാകുമോ?

നിലവിലെ നോമിനി ഡയറക്ടര്‍ക്ക് പകരം മറ്റൊരാളെ നിയമിച്ച് ടാറ്റ ട്രസ്റ്റ്, ടാറ്റ സണ്‍സ് എന്നിവയിലെ ഡയറക്ടര്‍ ബോര്‍ഡ് കയ്യടക്കാന്‍ ചിലര്‍ നടത്തുന്ന ശ്രമങ്ങളാണ് തര്‍ക്കത്തിന് പിന്നിലെന്നും റിപ്പോര്‍ട്ട് തുടരുന്നു. ഇത്തരം ശ്രമങ്ങള്‍ ടാറ്റ ഗ്രൂപ്പിന്റെ മൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറയുന്നു. പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നത് വരെ ടാറ്റ ട്രസ്റ്റില്‍ നിന്നുള്ള രണ്ട് നോമിനല്‍ അംഗങ്ങള്‍ മാത്രമാകും ടാറ്റ സണ്‍സിലുണ്ടാവുക. ഒഴിവുള്ള പോസ്റ്റിലേക്ക് ആളെ കണ്ടെത്താന്‍ ഏജന്‍സികളുടെ സേവനം തേടാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്. വിജയ് സിംഗിന് പുറമെ റാല്‍ഫ് സ്‌പേത്ത്, അജയ് പിറമാല്‍, ലിയോ പുരി തുടങ്ങിയവരുടെ ഒഴിവിലേക്കും ടാറ്റ സണ്‍സിന് ആളെ കണ്ടെത്തേണ്ടതുണ്ട്.

ടാറ്റ സണ്‍സും ടാറ്റ ട്രസ്റ്റും

ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള ടാറ്റ മോട്ടോഴ്‌സ്, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസ്, ടാറ്റ സ്റ്റീല്‍, ടാറ്റ പവര്‍ തുടങ്ങിയ കമ്പനികളെ നിയന്ത്രിക്കുന്ന പാരന്റ് കമ്പനിയാണ് ടാറ്റ സണ്‍സ്. 1917ല്‍ ആരംഭിച്ച പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണിത്. എന്നാല്‍ ചാരിറ്റബിള്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കമ്പനികളുടെ ഒരുകൂട്ടമാണ് ടാറ്റ ട്രസ്റ്റ്. ടാറ്റ സണ്‍സിന്റെ 66 ശതമാനം ഓഹരികളും ഈ ട്രസ്റ്റിന്റെ കീഴിലാണ്. അതുകൊണ്ട് തന്നെ ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള എല്ലാ കമ്പനികളിലെയും വരുമാനം ടാറ്റ സണ്‍സിലൂടെ ടാറ്റ ട്രസ്റ്റിലേക്ക് തന്നെ വന്നുചേരും. ചാരിറ്റബിള്‍ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഈ വരുമാനം ടാറ്റ ട്രസ്റ്റ് ഉപയോഗിക്കുന്നത്. ടാറ്റ സണ്‍സിന്റെ ഡയറക്ടര്‍ ബോര്‍ഡിലേക്ക് അംഗങ്ങളെ നിയമിക്കാനുള്ള അധികാരവും മുഖ്യഓഹരി ഉടമയായ ടാറ്റ ട്രസ്റ്റിനാണ്.

A rift has emerged at Tata Trusts as trustees’ nominee move raises concerns over control of Tata Sons. The development could reshape governance at one of India’s most influential business groups

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT