canva
News & Views

ഓഹരി വിപണിയില്‍ പണം നഷ്ടപ്പെട്ടോ? നികുതി ലാഭിക്കാനുള്ള അവസരമാക്കാം! എന്താണ് ടാക്‌സ് ലോസ് ഹാര്‍വെസ്റ്റിംഗ്?

ഓഹരികളും മ്യൂച്വല്‍ ഫണ്ടുകളും സെക്യൂരിറ്റികളും നഷ്ടത്തില്‍ വില്‍ക്കുന്നതിലൂടെ മൊത്തത്തിലുള്ള നികുതി ഭാരം കുറക്കാനാകും

Dhanam News Desk

കഴിഞ്ഞ ദിവസങ്ങളില്‍ ഓഹരി വിപണിയിലുണ്ടായ ഇടിവില്‍ പണം നഷ്ടപ്പെട്ടതിന്റെ സങ്കടത്തിലാണോ നിങ്ങള്‍. അത്രയങ്ങ് സങ്കടപ്പെടാന്‍ വരട്ടെ. ഓഹരി വിപണിയിലെ നഷ്ടം നികുതി ഇളവിനുള്ള മാര്‍ഗമാക്കി ഉപയോഗിക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഹ്രസ്വകാല, ദീര്‍ഘകാല മൂലധന നികുതി നേട്ടം (ഷോര്‍ട് ടേം, ലോംഗ് ടേം ക്യാപിറ്റല്‍ ഗെയിന്‍ ടാക്‌സ്) വര്‍ധിപ്പിച്ചതോടെ ഇക്കൊല്ലം നികുതി ഭാരം ഉയരുമെന്ന ആശങ്കക്കിടയില്‍ നികുതി നഷ്ട ഹാര്‍വെസ്റ്റിംഗ് (ടാക്‌സ് ലോസ് ഹാര്‍വെസ്റ്റിംഗ്) എന്ന തന്ത്രം പ്രയോഗിക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

12 മാസത്തില്‍ താഴെ കാലയളവില്‍ കൈവശം വക്കുന്ന ഓഹരികളില്‍ നിന്നുള്ള വരുമാനത്തില്‍ നിന്നും 20 ശതമാനം ഹ്രസ്വകാല മൂലധന നികുതി നേട്ടം അടക്കണമെന്നാണ് 2024ലെ ബജറ്റിലെ വ്യവസ്ഥ. 12 മാസത്തില്‍ കൂടുതല്‍ കൈവശം വച്ചിരിക്കുന്ന ഓഹരികളില്‍ നിന്നും 1.25 ലക്ഷം രൂപയില്‍ കൂടുതല്‍ വരുമാനം ലഭിച്ചാല്‍ അതിന് 12.5 ശതമാനം നികുതിയും അടക്കേണ്ടി വരും. എന്നാല്‍ ഓഹരികളും മ്യൂച്വല്‍ ഫണ്ടുകളും സെക്യൂരിറ്റികളും നഷ്ടത്തില്‍ വില്‍ക്കുന്നതിലൂടെ മൊത്തത്തിലുള്ള നികുതി ഭാരം കുറക്കാനാകും. ടാക്‌സ് ലോസ് ഹാര്‍വെസ്റ്റിംഗ് എന്നാണ് ഇതിനെ വിളിക്കുന്നത്. നഷ്ടത്തില്‍ വില്‍ക്കുന്നതിലൂടെ നികുതി അടക്കേണ്ട വരുമാനം കുറയുന്നതിലൂടെയാണ് ഇത് സാധ്യമാകുന്നത്.

ടാക്‌സ് ലോസ് ഹാര്‍വെസ്റ്റിംഗ് എങ്ങനെ ചെയ്യാം

നിങ്ങളുടെ പോര്‍ട്ട്‌ഫോളിയോയിലുള്ള ഓഹരികളില്‍ വാങ്ങല്‍ വിലയേക്കാള്‍ താഴെ ട്രേഡ് ചെയ്യുന്ന ഓഹരികള്‍ കണ്ടെത്തി സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് ഇവ വിറ്റൊഴിക്കുകയാണ് വേണ്ടത്. ഈ തുക ഉപയോഗിച്ച് മറ്റ് നിക്ഷേപങ്ങള്‍ നടത്താവുന്നതാണ്. വിറ്റ ഓഹരികള്‍ ഭാവിയില്‍ മികച്ച പ്രകടനം കാഴ്ച്ച വെക്കാന്‍ സാധ്യതയുണ്ടെങ്കില്‍ അടുത്ത സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ ഇവ തിരികെ വാങ്ങാവുന്നതുമാണ്.

ഉദാഹരണം

രമേശന്‍ എന്ന നിക്ഷേപകന്‍ ഒരു സാമ്പത്തിക വര്‍ഷം ഒരു ലക്ഷം രൂപയുടെ ഷോര്‍ട്ട് ടേം ക്യാപിറ്റല്‍ ഗെയ്ന്‍ ഉണ്ടാക്കി എന്നിരിക്കട്ടെ. അതായത് 12 മാസത്തില്‍ താഴെ കൈവശം വച്ചിരുന്ന ഓഹരികളില്‍ നിന്നുള്ള വരുമാനം. ഇതിന് 20 ശതമാനം ഹ്രസ്വകാല മൂലധന നികുതി നേട്ടം കണക്കാക്കിയാല്‍ 20,000 രൂപയാണ് രമേശന്‍ നികുതി അടക്കേണ്ടി വരിക. എന്നാല്‍ ഇതേ കാലയളവില്‍ രമേശന്റെ പോര്‍ട്ട്‌ഫോളിയോയിലുള്ള ഓഹരികളില്‍ 50,000 രൂപയുടേത് നഷ്ടത്തിലാണെന്നും കരുതുക. നഷ്ടത്തിലുള്ള ഈ ഓഹരികള്‍ വിറ്റൊഴിവാക്കിയാല്‍ ആകെ ലാഭം 50,000 രൂപയായി കുറയും. ഇതോടെ 20,000 രൂപ നികുതി അടക്കേണ്ടതിന് പകരം 50,000 രൂപയുടെ 20 ശതമാനമായ 10,000 രൂപ അടച്ചാല്‍ മതിയാകും. 10,000 രൂപ ഇതിലൂടെ ലാഭിക്കാന്‍ കഴിയും. 2024 ജൂലൈ 23ന് ശേഷം വാങ്ങിയ ഓഹരികളിലാണ് 20 ശതമാനം ഷോര്‍ട്ട് ടേം ക്യാപിറ്റല്‍ ഗെയ്ന്‍ നികുതി ബാധകമാകുന്നത്. അതിന് മുമ്പ് വാങ്ങിയതിന് 15 ശതമാനമാണ് നികുതിയെന്നും ഓര്‍ക്കണം.

പ്രത്യേകം ശ്രദ്ധിക്കുക

നിക്ഷേപകര്‍ ടാക്‌സ് ലോസ് ഹാര്‍വെസ്റ്റിംഗ് നടത്തുന്നതിന് മുമ്പ് ഒരു നികുതി വിദഗ്ധന്റെയോ സാമ്പത്തിക വിദഗ്ധന്റെയോ സഹായം തേടേണ്ടത് അത്യാവശ്യമാണ്. ഇങ്ങനെ ചെയ്യുന്നത് പോര്‍ട്‌ഫോളിയോയെ എങ്ങനെ ബാധിക്കുമെന്നും ഇന്ത്യന്‍ നികുതി നിയമങ്ങള്‍ക്ക് അനുസൃതമാണോയെന്നും കൃത്യമായി മനസിലാക്കിയിരിക്കണം. നിക്ഷേപ തീരുമാനങ്ങള്‍ക്ക് മുമ്പ് നിക്ഷേപകര്‍ അംഗീകൃത വിദഗ്ധരുടെ സഹായം തേടേണ്ടതും അത്യാവശ്യമാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT