News & Views

ബാങ്കിംഗ് രംഗം കടന്നു പോകുന്നത് ടെക്‌നോളജി അപ്‌ഗ്രേഡിംഗ് കാലഘട്ടത്തിലൂടെ; വെളിച്ചം പകര്‍ന്ന് പാനല്‍ ചര്‍ച്ച

ബാങ്കിംഗ് രംഗം ഈ നൂറ്റാണ്ടില്‍ വലിയ മാറ്റങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട എ. ബാലകൃഷ്ണന്‍ ചൂണ്ടിക്കാട്ടി

Dhanam News Desk

ബാങ്കിംഗ് രംഗത്ത് ടെക്‌നോളജി എത്രത്തോളം സ്വാധീനം ചെലുത്തുന്നുവെന്നതിന്റെ നേര്‍ചിത്രമായി മാറി ധനം ബാങ്കിംഗ്, നിക്ഷേപ സമിറ്റിലെ പാനൽ ചർച്ച. സാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കിയുള്ള മാറ്റം; ബിഎഫ്എസ്‌ഐയുടെ ഭാവി എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് മുന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എ. ബാലകൃഷ്ണന്‍, എ. സോണി (സീനിയര്‍ ജനറല്‍ മാനേജര്‍ ആന്‍ഡ് ചീഫ് ഇന്‍ഫോര്‍മേഷന്‍ ഓഫീസര്‍, സൗത്ത് ഇന്ത്യന്‍ ബാങ്ക്), മുത്തൂറ്റ് മൈക്രോഫിന്‍ ലിമിറ്റഡ് ചീഫ് ടെക്‌നോളജി ഓഫീസര്‍ ലിന്‍സണ്‍ പോള്‍ എന്നിവരാണ് പങ്കെടുത്തത്.

ബാങ്കിംഗ് രംഗം ഈ നൂറ്റാണ്ടില്‍ വലിയ മാറ്റങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട എ. ബാലകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. 2000 മുതല്‍ 2008 വരെയുള്ള എട്ടുവര്‍ഷക്കാലം കോര്‍ ബാങ്കിംഗിന്റെയും ബ്രാഞ്ച് ബാങ്കിംഗിന്റെയും തുടക്ക കാലമായിരുന്നു. 2008 മുതലുള്ള എട്ടുവര്‍ഷ കാലം പരിശോധിച്ചാല്‍ എന്‍.പി.സി.ഐ പോലുള്ള ഇന്റര്‍ഫേസുകളിലേക്ക് ടെക്‌നോളജി മാറി. ഇതിനൊപ്പം ഓണ്‍ലൈന്‍ പേയ്‌മെന്റ് ഗേറ്റ്‌വേ പോലുള്ള മാറ്റങ്ങളും ഈ കാലഘട്ടത്തിന്റെ പ്രത്യേകതയായിരുന്നു.

2016 ശേഷം 24x7 ബാങ്കിംഗിലേക്ക് ഈ രംഗം മാറി. ഡിജിറ്റല്‍ ബാങ്കിംഗ് അതിന്റെ വളര്‍ച്ചയുടെ പുതിയ ഘട്ടത്തിലൂടെ യാത്ര ചെയ്യുന്നതിനാണ് കഴിഞ്ഞുപോയ വര്‍ഷങ്ങള്‍ സാക്ഷ്യം വഹിച്ചതെന്ന് ബാലകൃഷ്ണന്‍ വ്യക്തമാക്കി.

ബാങ്കിംഗ് രംഗത്ത് വലിയ മാറ്റങ്ങളാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. ടെക്‌നോളജിയുടെ കടന്നുവരവ് ബാങ്കിംഗ് രംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുന്നുവെന്ന് എ. സോണി വ്യക്തമാക്കി. ഇന്ന് നടക്കുന്ന 90-95 ശതമാനം ഡിജിറ്റല്‍ ഇടപാടുകളും ഫിൻടെക് ആപിലൂടെയാണ്. ബാങ്കിംഗ് രംഗം വരും വര്‍ഷങ്ങളിലും വലിയ പരിവര്‍ത്തനത്തിലൂടെ കടന്നുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബാങ്കിംഗ് രംഗത്തെ തട്ടിപ്പുകൾ തടയുന്നതിന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഉപയോഗം വഴി സാധിക്കുന്നുണ്ട്. പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കാനും എഐ സഹായിക്കുന്നുവെന്ന് സോണി കൂട്ടിച്ചേര്‍ത്തു. 100 ശതമാനം ക്ലൗഡ് ടെക്‌നോളജിയിലൂന്നിയാണ് മുത്തൂറ്റ് മൈക്രോഫിന്‍ ചീഫ് ടെക്‌നോളജി ഓഫീസര്‍ ലിന്‍സണ്‍ പോള്‍ വ്യക്തമാക്കി.

സമ്മിറ്റിനോട് അനുബന്ധിച്ച് നടക്കുന്ന അവാര്‍ഡ് നിശയില്‍ റിസര്‍വ് ബാങ്ക് മുന്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ രാജേശ്വര്‍ റാവു മുഖ്യാതിഥിയായി സംബന്ധിക്കും. ബാങ്കിംഗ്, എന്‍ബിഎഫ്സി, ഇന്‍ഷുറന്‍സ് രംഗത്ത് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മികവുറ്റ പ്രകടനങ്ങള്‍ കാഴ്ചവെച്ച പ്രസ്ഥാനങ്ങള്‍ക്കുള്ള ധനം ബിഎഫ്എസ്ഐ അവാര്‍ഡുകള്‍ അദ്ദേഹം വിതരണം ചെയ്യും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT