News & Views

ടെലികോം കമ്പനികള്‍ അടുത്ത ആറുമാസത്തിനിടെ 15 ശതമാനം വരെ നിരക്ക് വര്‍ധിപ്പിച്ചേക്കും; ഉപയോക്താക്കളെ കാത്തിരിക്കുന്നത് വന്‍ ഇരുട്ടടി

റിലയന്‍സ് ജിയോയും എയര്‍ടെലും ഇതിനകം തന്നെ രാജ്യത്തെ 90 ശതമാനത്തിലധികം ജില്ലകളിലും 5ജി സേവനങ്ങള്‍ എത്തിച്ചുകഴിഞ്ഞു

Dhanam News Desk

ടെലികോം കമ്പനികള്‍ തമ്മിലുള്ള മത്സരം കുറഞ്ഞതോടെ രാജ്യത്ത് മൊബൈല്‍ താരിഫുകള്‍ ഓരോ വര്‍ഷവും ഉയരുകയാണ്. മുമ്പ് പത്തോളം ടെലികോം കമ്പനികളുണ്ടായിരുന്ന വിപണിയില്‍ ഇപ്പോള്‍ ജിയോ, എയര്‍ടെല്‍ മേധാവിത്വമാണ്. വിപണിയില്‍ മത്സരം കുറഞ്ഞതോടെ ഇന്റര്‍നെറ്റ് നിരക്കുകളും ഇപ്പോള്‍ പടിപടിയായി ഉയര്‍ത്തുകയാണ് കമ്പനികള്‍.

അടുത്ത മൂന്നു മുതല്‍ ആറുമാസത്തിനിടെ താരിഫില്‍ 12 മുതല്‍ 15 ശതമാനം വരെ വര്‍ധിക്കുമെന്നാണ് ബ്രോക്കറേജ് സ്ഥാപനമായ സെന്‍ട്രം ഇന്‍സ്റ്റിറ്റിയൂഷണല്‍ റിസര്‍ച്ച് വിലയിരുത്തുന്നത്. മൂന്ന് സ്വകാര്യ കമ്പനികളും പൊതുമേഖല സ്ഥാപനമായ ബിഎസ്എന്‍എല്ലും മാത്രമാണ് ഇപ്പോള്‍ വിപണിയിലിലുള്ളത്. ഇത് കമ്പനികള്‍ക്ക് നിരക്ക് കൂട്ടുന്നതിന് ഗുണകരമായി.

ഈ സാമ്പത്തിക വര്‍ഷത്തിന്റെ ജൂണ്‍ പാദത്തില്‍ സ്വകാര്യ ടെലികോം കമ്പനികളുടെ ഉപയോക്താവില്‍ നിന്നുള്ള ശരാശരി വരുമാനം (ARPU) മുന്‍ പാദത്തെ അപേക്ഷിച്ച് ഒന്നു മുതല്‍ 1.5 ശതമാനം വരെ ഉയര്‍ന്നേക്കും. 2ജി നെറ്റ്വര്‍ക്കില്‍ നിന്നും ഉപയോക്താക്കള്‍ വന്‍തോതില്‍ 4ജി, 5ജി നെറ്റ്വര്‍ക്കുകളിലേക്ക് മാറുന്നത്, പോസ്റ്റ്പെയ്ഡ് വരിക്കാരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധന തുടങ്ങിയ ഘടകങ്ങളാണ് വരുമാന വളര്‍ച്ചയ്ക്ക് കാരണമാകുന്നത്.

രാജ്യത്തുടനീളം 4ജി, 5ജി സാങ്കേതികവിദ്യകള്‍ കൂടുതല്‍ ജനങ്ങളിലേക്ക് എത്തുന്നതിനാല്‍ മൊബൈല്‍ ഡാറ്റ ഉപഭോഗം ശക്തമായി തുടരുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. റിലയന്‍സ് ജിയോയും എയര്‍ടെലും ഇതിനകം തന്നെ രാജ്യത്തെ 90 ശതമാനത്തിലധികം ജില്ലകളിലും 5ജി സേവനങ്ങള്‍ എത്തിച്ചുകഴിഞ്ഞു. കുറഞ്ഞ ചിലവില്‍ കൂടുതല്‍ ജനങ്ങളിലേക്ക് എത്തുന്ന 5ജി ഫിക്‌സഡ് വയര്‍ലെസ് ആക്‌സസ്, ഫിക്‌സഡ് ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ എന്നിവയ്ക്കും വിപണിയില്‍ വലിയ മുന്നേറ്റമുണ്ട്.

ജിയോയും എയര്‍ടെലും മുന്നോട്ട്

വിപണി വിഹിതം നേടുന്നതില്‍ റിലയന്‍സ് ജിയോയും ഭാരതി എയര്‍ടെലും തങ്ങളുടെ മേധാവിത്വം തുടരുമ്പോള്‍ വോഡഫോണ്‍ ഐഡിയ (Vi) ഇപ്പോഴും കടുത്ത സമ്മര്‍ദ്ദത്തിലാണ്. ജൂണ്‍ പാദത്തില്‍ ജിയോ 70 ലക്ഷം പുതിയ വരിക്കാരെ പ്രതീക്ഷിക്കുന്നു. എയര്‍ടെല്ലിന്റെ കണക്കുകൂട്ടല്‍ 50 ലക്ഷം വരിക്കാരെ ലഭിക്കുമെന്നാണ്. അതേസമയം, രണ്ടുലക്ഷം പുതിയ വരിക്കാര്‍ മാത്രമാണ് വോഡഫോണ്‍ ഐഡിയയ്ക്ക് ലഭിച്ചേക്കൂ. 2019ന് ശേഷം എല്ലാ രണ്ടുവര്‍ഷങ്ങളിലും ഇന്ത്യന്‍ കമ്പനികള്‍ ടെലികോം നിരക്കുകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്.

India's mobile tariffs may rise by up to 15% over the next six months as competition declines and Jio and Airtel strengthen their market positions

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT