ആഗോള വൈദ്യുത വാഹന വമ്പന്മാരായ ടെസ്‌ലയുടെ ഇന്ത്യയിലേക്കുള്ള വരവ് ഏറെ പ്രതീക്ഷയോടെയായിരുന്നു. എന്നാല്‍, ഇന്ത്യന്‍ വിപണിയില്‍ നിന്ന് വലിയ നേട്ടം ഇതുവരെ കൊയ്യാന്‍ ഇലോണ്‍ മസ്‌കിന്റെ കമ്പനിക്ക് സാധിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ജൂലൈയില്‍ ബുക്കിംഗ് ആരംഭിച്ച ശേഷം വെറും 600 ഓര്‍ഡറുകള്‍ മാത്രമാണ് കമ്പനിക്ക് നേടാനായതെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആഗോള തലത്തില്‍ ടെസ്ല ഓരോ ദിവസവും ഇതിലധികം വാഹനങ്ങള്‍ വില്ക്കുന്നുണ്ട്.
പ്രതീക്ഷിച്ചൊരു നേട്ടം കൊയ്യാന്‍ ടെസ്‌ലയ്ക്ക് സാധിക്കാത്തതിന് പിന്നില്‍ പല കാരണങ്ങളുണ്ട്. ഇതിലേറ്റവും പ്രധാനം വില തന്നെയാണ്. ഉയര്‍ന്ന ഇറക്കുമതി തീരുവ മൂലം എന്‍ട്രി ലെവല്‍ മോഡല്‍ വൈക്ക് 60 ലക്ഷത്തിനു മുകളിലാണ് വില. രാജ്യത്ത് വില്ക്കപ്പെടുന്ന കാറുകളുടെ ശരാശരി വില 22 ലക്ഷത്തിനടുത്താണ്.
ഉയര്‍ന്ന വില തന്നെയാണ് ടെസ്ലയ്ക്ക് തിരിച്ചടിയാകുന്നത്. രാജ്യത്ത് 45-70 ലക്ഷത്തിനിടയ്ക്ക് വിലയുള്ള 2,800 കാറുകള്‍ മാത്രമാണ് ആദ്യ ആറുമാസത്തിനിടെ വിറ്റുപോയത്. വിലയ്ക്ക് പ്രാധാന്യം നല്കുന്ന ഇന്ത്യയെ പോലൊരു രാജ്യത്ത് ഉയര്‍ന്ന വിലയുമായി മാര്‍ക്കറ്റ് പിടിക്കാന്‍ ടെസ്ല വിയര്‍ക്കുമെന്ന് തന്നെയാണ് വിദഗ്ധര്‍ പറയുന്നത്.
ടെസ്‌ലയുടെ ചൈനയിലെ ഷാങ്ഹായി ഫാക്ടറിയില്‍ നിന്നാണ് ഇന്ത്യയിലേക്കുള്ള കാറുകള്‍ വരുന്നത്. സെപ്റ്റംബര്‍ പകുതിക്ക് മുമ്പ് 350 മുതല്‍ 500 കാറുകള്‍ വരെ ഇന്ത്യയിലെത്തുമെന്നാണ് വിവരം. മുംബൈ, ഡല്‍ഹി, പൂനെ, ഗുരുഗ്രാം എന്നിവിടങ്ങളിലാകും ആദ്യഘട്ട വില്പന.
ഇന്ത്യന്‍ വിപണിയിലേക്കുള്ള വരവില്‍ യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപുമായുള്ള സൗഹൃദം മസ്‌ക് പ്രയോജനപ്പെടുത്തിയിരുന്നു. എന്നാല്‍ ട്രംപുമായി തെറ്റിയതും ഇന്ത്യയും യു.എസും തമ്മിലുള്ള ബന്ധം വഷളായതും മസ്‌കിന്റെ പ്രതീക്ഷകളെ താളംതെറ്റിച്ചു. ഈ വര്‍ഷം ഇന്ത്യയില്‍ 2,500 കാറുകള്‍ വില്ക്കാനാണ് ടെസ്ല പദ്ധതിയിട്ടിരുന്നത്. ഈ ലക്ഷ്യം പൂര്‍ത്തീകരിക്കാനാകുമെന്നാണ് പ്രതീക്ഷ.
ടെസ്ല മോഡല്‍ വൈ വാഹനങ്ങള്‍ക്ക് ലോകത്ത് ഏറ്റവും വില കൊടുക്കേണ്ടി വരുന്ന രാജ്യമാണ് ഇന്ത്യ. യു.എസില്‍ 44,900 ഡോളറും ചൈനയില്‍ 36,700 ഡോളറും ജര്‍മനിയില്‍ 45,970 ഡോളറുമാണ് വില വരുന്നത്.
ഇന്ത്യയിലെത്തിയപ്പോള്‍ വില 70,000 ഡോളറായി. വിദേശ വാഹനങ്ങള്‍ക്ക് ഇന്ത്യ ഉയര്‍ന്ന നികുതി ഈടാക്കുന്നതാണ് വില വര്‍ധിക്കാന്‍ കാരണം. സ്വന്തം ഫാക്ടറി തുറക്കാന്‍ പദ്ധതിയുണ്ടായിരുന്നെങ്കിലും നിലവില്‍ ചൈനയില്‍ നിന്നും കംപ്ലീറ്റ്ലി ബില്‍റ്റ് യൂണിറ്റ് (സി.ബി.യു) രൂപത്തിലാണ് മോഡല്‍ വൈ എത്തുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine